ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ ഇന്ത്യയ്ക്കായി മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്തത് ശുഭ്മാൻ ഗില്ലായിരുന്നു. ഗില്ലിന്റെ സെഞ്ചുറിയുടെ ബലത്തിലാണ് ഇന്ത്യ രണ്ടാം ഇന്നിങ്സിൽ ശക്തമായ ഒരു സ്കോർ കണ്ടെത്തിയത്. ഗില്ലിന് ശേഷം ഇന്ത്യയ്ക്കായി ഏറ്റവുമധികം സമയം ക്രീസിൽ ഉറച്ചുനിന്നത് ഓൾറൗണ്ടർ രവിചന്ദ്രൻ അശ്വിനാണ്.
മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ വാലറ്റത്തെ കൂട്ടുപിടിച്ച് ഇന്ത്യയുടെ സ്കോർ ഉയർത്താനാണ് അശ്വിൻ ശ്രമിച്ചത്. എന്നാൽ ഇക്കാര്യത്തിൽ അശ്വിൻ പൂർണമായി പരാജയപ്പെടുകയുണ്ടായി. പത്താമനായി ക്രീസിലെത്തിയ ജസ്പ്രീറ്റ് ബൂമ്ര ഒരു വശത്ത് നിൽക്കുമ്പോൾ, സ്ട്രൈക്ക് മാറി റൺസ് കണ്ടെത്താൻ അശ്വിൻ തയ്യാറായില്ല.
അശ്വിന്റെ ഈ നിലപാടിനെതിരെ വലിയ വിമർശനം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം രവി ശാസ്ത്രിയും മുൻ ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്സണും.
രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 229 ന് 8 എന്ന നിലയിൽ തകർന്നിരുന്നു. ശേഷമാണ് അശ്വിൻ ബുമ്രയുമൊത്ത് ഒമ്പതാം വിക്കറ്റിൽ 26 റൺസിന്റെ കൂട്ടുകെട്ട് കെട്ടിപ്പടുത്തത്. ബൂമ്ര മത്സരത്തിൽ 26 പന്തുകൾ കളിച്ചങ്കിലും റൺസൊന്നും നേടാൻ സാധിച്ചില്ല. പക്ഷേ അശ്വിൻ ആ സമയത്ത് സ്വീകരിച്ച നിലപാടിനെ ഇന്ത്യൻ മുൻ താരം രവി ശാസ്ത്രി ചോദ്യം ചെയ്തു.
ആ സമയത്ത് കൃത്യമായി അശ്വിൻ സ്ട്രൈക്ക് കൈമാറി റൺസ് കണ്ടെത്താൻ ആയിരുന്നു ശ്രമിക്കേണ്ടത് എന്ന് ശാസ്ത്രി പറഞ്ഞു. അങ്ങനെയെങ്കിൽ ഇന്ത്യയുടെ ലീഡ് 430 മുതൽ 450 റൺസ് വരെ എത്തിക്കാമായിരുന്നു എന്നാണ് ശാസ്ത്രീയുടെ പക്ഷം. എന്നാൽ അശ്വിൻ സിംഗിളുകൾ കൈക്കൊള്ളാനോ ബൂമ്രയ്ക്ക് കൃത്യമായി സ്ട്രൈക്ക് നൽകാനോ തയ്യാറായില്ല.
“അശ്വിന്റെ മത്സരത്തിലെ തന്ത്രം എനിക്ക് യാതൊരു തരത്തിലും മനസ്സിലായില്ല. മൂന്നാം ദിവസത്തെ ചായയുടെ സമയത്ത് ഇന്ത്യ മികച്ച പൊസിഷനിലായിരുന്നു. ആ സമയത്ത് 430- 440 റൺസ് ആയിരുന്നു ഇന്ത്യ ലക്ഷ്യം വയ്ക്കേണ്ടത്. എന്നാൽ അതിന് ശേഷം യാതൊരു തരത്തിലും സ്കോർബോർഡ് ചലിപ്പിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചില്ല.”- രവി ശാസ്ത്രി പറയുന്നു.
മത്സരത്തിൽ ഇന്ത്യ ആധിപത്യം സ്ഥാപിച്ചിരുന്ന സമയത്ത് ഇത്തരം രീതി ഫലപ്രദമായില്ല എന്ന് പീറ്റേഴ്സണും പറഞ്ഞു. ” ഇന്ത്യൻ ഇന്നിംഗ്സ് ഒരിടത്തും എത്തിയില്ല എന്ന് പറയാൻ സാധിക്കും. കാരണം ഈ സമയത്ത് ഇന്ത്യക്കാണ് മത്സരത്തിൽ ആധിപത്യം. അവർ മത്സരത്തിൽ ഇംഗ്ലണ്ടിനേക്കാൾ ഒരുപാട് മുകളിലാണ്. പക്ഷേ യാതൊരു തരത്തിലും അത് മുതലെടുക്കാൻ ഇന്ത്യയ്ക്ക് സാധിച്ചില്ല. “- പീറ്റേഴ്സൺ പറഞ്ഞു.
“മൂന്നാം ദിവസം ഇന്ത്യയ്ക്ക് സ്വന്തമായിരുന്നു. എന്നാൽ അവർ മികച്ച അവസരങ്ങൾ നഷ്ടപ്പെടുത്തി. അശ്വിൻ എന്താണ് വാലറ്റത്തെ വച്ചു കാട്ടിക്കൂട്ടിയത് എന്ന് എനിക്ക് മനസ്സിലായില്ല. ഇന്ത്യ ഒരു സമയത്ത് 211ന് 4 എന്ന നിലയിലായിരുന്നു. ശേഷം 255 റൺസിന് ഇന്ത്യ ഓൾഔട്ട് ആവുകയുണ്ടായി.”
“ഇംഗ്ലണ്ടിനെതിരെ വലിയ ആക്രമണം അഴിച്ചുവിടാനുള്ള അവസരമാണ് ഇന്ത്യ നഷ്ടപ്പെടുത്തിയത്. ഒരുപക്ഷേ അവർക്ക് 400- 450 റൺസ് കണ്ടെത്താൻ സാധിച്ചിരുന്നുവെങ്കിൽ 100% ഇത് ഇന്ത്യയുടെ മത്സരമായി മാറിയേനെ.”- പീറ്റേഴ്സൺ കൂട്ടിച്ചേർത്തു.