“60 ഓവറിനുള്ളിൽ ഞങ്ങൾ കളി ജയിക്കും”. ആത്മവിശ്വാസം പ്രകടിപ്പിച്ച് ആൻഡേഴ്സൺ.

converted image 9

ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് മത്സരം ആവേശോജ്ജ്വലമായ അവസാനത്തിലേക്ക് അടുക്കുകയാണ്. മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ 143 റൺസിന്റെ ലീഡ് ഇന്ത്യ കണ്ടെത്തുകയുണ്ടായി. പിന്നാലെ രണ്ടാം ഇന്നിങ്സിൽ 255 റൺസും ഇന്ത്യ നേടിയതോടെ ഇംഗ്ലണ്ടിന്റെ വിജയലക്ഷ്യം 399 റൺസായി മാറിയിട്ടുണ്ട്.

ഈ വമ്പൻ വിജയലക്ഷ്യം മുന്നിൽകണ്ട് ഇറങ്ങിയ ഇംഗ്ലണ്ട് മൂന്നാം ദിവസത്തെ മത്സരം അവസാനിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 67 റൺസ് എന്ന നിലയിലാണ്. ഇംഗ്ലണ്ടിന് ഇനി വിജയിക്കാൻ 332 റൺസ് കൂടി ആവശ്യമാണ്. എന്നാൽ മത്സരത്തിലുടനീളം ബാസ്ബോൾ ശൈലിയിൽ കളിച്ച ഇംഗ്ലണ്ടിന് ഈ സ്കോർ മറികടക്കാൻ സാധിക്കും എന്ന വിശ്വാസം പ്രകടിപ്പിച്ചിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ പേസർ ജെയിംസ് ആൻഡേഴ്സൺ.

തങ്ങൾ ഇന്ത്യ ഉയർത്തിയ ഈ വിജയലക്ഷ്യം കേവലം 60 ഓവറുകൾ കൊണ്ട് പിന്നിടാനാണ് ശ്രമിക്കുന്നത് എന്ന് ആൻഡേഴ്സൺ പറഞ്ഞു. ഇംഗ്ലണ്ടിനെതിരെ കളിക്കുമ്പോൾ ഇന്ത്യൻ ടീമിനെ സംബന്ധിച്ച് ഒരുപാട് സംശയങ്ങളുണ്ടെന്നും, എന്നാൽ ഇംഗ്ലണ്ടിന് അങ്ങനെയൊന്നില്ല എന്നുമാണ് ആൻഡേഴ്സൺ പറഞ്ഞത്.

“ഇന്ന് ഇന്ത്യൻ ടീം ഒരുപാട് ഭയപ്പെട്ടതായി എനിക്ക് തോന്നി. അവർ ബാറ്റ് ചെയ്ത രീതി വ്യത്യസ്തമായിരുന്നു. എത്ര റൺസ് നേടിയാൽ ഇംഗ്ലണ്ടിനെതിരെ പോരാടാൻ സാധിക്കും എന്നതിനെപ്പറ്റി അവർക്ക് വ്യക്തത ഉണ്ടായിരുന്നില്ല. ഒരു വലിയ ലീഡ് അവർക്കുണ്ടായിരുന്നു. എങ്കിലും ഇക്കാര്യത്തിൽ അവർക്ക് ഒരു പൂർണ ബോധ്യം സൃഷ്ടിക്കാൻ സാധിച്ചില്ല.”- ആൻഡേഴ്സൺ പറഞ്ഞു.

“കഴിഞ്ഞ രണ്ടു വർഷങ്ങളിൽ ഞങ്ങൾക്ക് അനുകൂലമായാണ് പലപ്പോഴും മത്സരങ്ങൾ നടക്കാറുള്ളത്. പ്രത്യേകിച്ച് കഴിഞ്ഞ 12 മാസങ്ങളിൽ. ആ സമയത്ത് ഞങ്ങൾ നന്നായി കളിച്ചതായി ഞങ്ങൾക്ക് തോന്നി. എന്തെന്നാൽ മറ്റു ടീമുകൾ ഞങ്ങളുടെ ബാസ്ബോൾ തന്ത്രത്തിനെതിരെ പ്രതികരിച്ച രീതി ഞങ്ങൾക്ക് സന്തോഷം നൽകുന്നതാണ്. അവർക്ക് ഈ തന്ത്രത്തോട് ഭയമുണ്ട് എന്ന് ഞാൻ പറയുന്നില്ല.”

Read Also -  ഓസ്ട്രേലിയയെ തകർക്കാൻ ഇന്ത്യൻ ടീമിൽ അവൻ വേണം. ഇന്ത്യയുടെ X ഫാക്ടറിനെ തിരഞ്ഞെടുത്ത് ഗവാസ്കർ.

“പക്ഷേ എതിർ ടീമിന്റെ മനസ്സിൽ വ്യത്യസ്ഥമായ ചിന്തയുണ്ടാക്കാൻ ഈ സമീപനം സഹായിച്ചിട്ടുണ്ട്. പ്രത്യേകിച്ച് എതിർ ടീമിലെ ക്യാപ്റ്റൻമാരുടെ മനസ്സിൽ. ഇന്നത്തെ കാര്യമെടുത്താലും ഇന്ത്യയെ സംബന്ധിച്ച് എത്രമാത്രം സ്കോർ നേടിയാൽ ഞങ്ങൾക്കെതിരെ ജയിക്കാൻ സാധിക്കും എന്ന കാര്യത്തിൽ അവ്യക്തത ഉണ്ടായിരുന്നു.”- ആൻഡേഴ്സൺ കൂട്ടിച്ചേർക്കുന്നു.

“രണ്ടാം ദിവസത്തെ മത്സരത്തിന് ശേഷം ഞങ്ങളുടെ കോച്ച് ഞങ്ങളുമായി സംസാരിച്ചിരുന്നു. ഇന്ത്യ 600 റൺസ് നേടുകയാണെങ്കിൽ പോലും അതിനെതിരെ പോരാടാനാണ് ഞങ്ങൾ തീരുമാനിച്ചത്. ഇതിനർത്ഥം അടുത്ത ദിവസം ഞങ്ങൾ പൂർണ്ണമായും മത്സരത്തിൽ പൊരുതാൻ തയ്യാറാവും എന്നത് തന്നെയാണ്. മത്സരത്തിൽ ഇനിയും 180 ഓവറുകൾ അവശേഷിക്കുന്നുണ്ട് എന്ന കാര്യം എനിക്കറിയാം.”

“പക്ഷേ ഞങ്ങൾ 60-70 ഓവറുകളിൽ തന്നെ ലക്ഷ്യം കണ്ടെത്താൻ ശ്രമിക്കും. ആ രീതിയിലാണ് ഞങ്ങൾ കളിക്കാൻ ആഗ്രഹിക്കുന്നത്. കഴിഞ്ഞ 2 വർഷം ഏത് രീതിയിലാണോ ഞങ്ങൾ മത്സരത്തെ നേരിട്ടത്, നാളെയും ആ രീതിയിൽ തന്നെ ഞങ്ങൾ നേരിടും. എല്ലാ ടീമുകൾക്കും എല്ലാ മത്സരവും വിജയിക്കുക എന്നതാണ് പ്രധാനം. അതിനാൽ തന്നെ വിജയമായാലും പരാജയമായാലും ഞങ്ങളുടേതായ രീതിയിൽ തന്നെ മുന്നോട്ടു പോകും. നാളെയും അതുതന്നെ ചെയ്യും എന്നാണ് ഞാൻ കരുതുന്നത്.”- ആൻഡേഴ്സൺ പറഞ്ഞു വയ്ക്കുന്നു..

Scroll to Top