ശ്രീലങ്കയ്ക്കെതിരായ ഇന്ത്യയുടെ ഏകദിന ലോകകപ്പ് മത്സരത്തിൽ ഒരു കിടിലൻ റിവ്യൂ എടുത്ത് വിക്കറ്റ് കീപ്പർ കെ എൽ രാഹുൽ. മത്സരത്തിൽ ശ്രീലങ്കൻ ഇന്നിങ്സിന്റെ പന്ത്രണ്ടാമത്തെ ഓവറിലാണ് കെഎൽ രാഹുൽ ഒരു അവിശ്വസനീയ റിവ്യൂ എടുത്ത് ഇന്ത്യയ്ക്ക് വിക്കറ്റ് സമ്മാനിച്ചത്. ശ്രീലങ്കൻ ബാറ്റർ ചമീരയുടെ വിക്കറ്റാണ് രാഹുലിന്റെ ഈ തകർപ്പൻ റിവ്യൂവിലൂടെ ഇന്ത്യക്ക് ലഭിച്ചത്. മുഹമ്മദ് ഷാമിയായിരുന്നു പന്ത്രണ്ടാം ഓവർ എറിഞ്ഞത്. ഓവറിലെ മൂന്നാം പന്ത് ലെഗ് സൈഡിലൂടെ ഒരു ഷോട്ട് ബോളായാണ് ഷാമി എറിഞ്ഞത്. യാതൊരു തരത്തിലും ബാറ്റര്‍ക്ക് ശല്യമുണ്ടാക്കാതെ പോകേണ്ട പന്തിൽ ഫ്ലിക്ക് ചെയ്യാനാണ് ചമീര ശ്രമിച്ചത്. എന്നാൽ ഇതിനുള്ള വില ചമീരയ്ക്ക് നൽകേണ്ടിവന്നു.
ചമീര പന്തിലേക്ക് ബാറ്റ് വയ്ച്ചെങ്കിലും പന്ത് ബാറ്റിൽ തട്ടാത്തതുപോലെ കെ എൽ രാഹുലിന്റെ കൈകളിൽ എത്തുകയായിരുന്നു. ബോളർ ഷാമിക്ക് പോലും ഇത് വിക്കറ്റാണ് എന്ന് മനസ്സിലായില്ല. ഒരു അപ്പീലിനു പോലും ഷാമി ശ്രമിച്ചതുമില്ല. പക്ഷേ വിക്കറ്റ് കീപ്പർ രാഹുൽ പന്ത് കൈപ്പിടിയിൽ ഒതുക്കിയതിനുശേഷം അപ്പീൽ ചെയ്യുകയുണ്ടായി. മാത്രമല്ല നായകൻ രോഹിത് ശർമ അടക്കമുള്ളവരോട് റിവ്യൂ കൊടുക്കാൻ രാഹുൽ ആവശ്യപ്പെട്ടു. ആദ്യ ദൃഷ്ടിയിൽ ടീം അംഗങ്ങൾ ആരും തന്നെ രാഹുലിന്റെ ഈ നിർദ്ദേശം അംഗീകരിച്ചില്ല. കാരണം മൈതാനത്തുള്ള മറ്റൊരു താരവും ബാറ്റ് ബോളിൽ കൊള്ളുന്ന ശബ്ദം കേട്ടിരുന്നില്ല.
പക്ഷേ രാഹുൽ നിരന്തരം രോഹിത് ശർമയേയും മറ്റും നിർബന്ധിക്കുകയായിരുന്നു. രാഹുലിന്റെ നിർബന്ധത്തിന് തയ്യാറായി ഇന്ത്യ ഡിസിഷൻ റിവ്യൂ ചെയ്തു. കൃത്യമായ രീതിയിൽ ഗ്ലൗസിൽ കൊണ്ട ശേഷമാണ് പന്ത് രാഹുലിന്റെ കൈകളിൽ എത്തിയത് എന്ന് റിപ്ലെകളിൽ നിന്ന് വ്യക്തമാവുകയായിരുന്നു. ഇതോടെ അവിശ്വസനീയമായ രീതിയിൽ ഇന്ത്യയ്ക്ക് വിക്കറ്റ് ലഭിക്കുകയും ചെയ്തു. മത്സരത്തിൽ 6 പന്തുകൾ നേരിട്ട ചമീര റൺസൊന്നും നേടാതെയാണ് കൂടാരം കയറിയത്. ഈ വിക്കറ്റോടെ ശ്രീലങ്ക 22ന് 7 എന്ന നിലയിൽ തകരുകയും ചെയ്തു. മത്സരത്തിൽ വളരെ മോശം അവസ്ഥയിലേക്കാണ് ശ്രീലങ്കയെ ഈ വിക്കറ്റ് തള്ളിവിട്ടത്.
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്കായി വിരാട് കോഹ്ലി, ശുഭമാൻ ഗിൽ, ശ്രേയസ് അയ്യര്‍ എന്നിവർ അർത്ഥ സെഞ്ച്വറികൾ നേടുകയുണ്ടായി. മൂവരും പക്വതയോടെ ബാറ്റിംഗ് പ്രകടനം കാഴ്ചവച്ചപ്പോൾ ഇന്ത്യ 357 എന്ന വെടിക്കെട്ട് സ്കോറിൽ എത്തുകയായിരുന്നു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ശ്രീലങ്കയ്ക്ക് തുടക്കം മുതൽ പിഴച്ചു. ആദ്യം മുഹമ്മദ് സിറാജും ബുംറയുമാണ് ശ്രീലങ്കയെ വരിഞ്ഞുമുറുകിയത്. ആദ്യ പവർപ്ലേ അവസാനിക്കുമ്പോൾ കേവലം 14 റൺസ് മാത്രമാണ് ശ്രീലങ്കയ്ക്ക് നേടാൻ സാധിച്ചത്. ശ്രീലങ്കയുടെ 6 വിക്കറ്റുകളും ഇതിനോടകം തന്നെ നഷ്ടമായിരുന്നു. എന്തായാലും മത്സരത്തിൽ ഒരു കൂറ്റൻ പരാജയത്തിലേക്കാണ് ശ്രീലങ്ക നീങ്ങുന്നത്.