തീ ഇന്ത്യ 🔥. ലങ്കക്കാരുടെ മണ്ട തകർത്ത 302 റൺസിന്റെ വിജയം. സെമിയിലേക്ക് രാജകീയമായി എത്തുന്നു

ഏകദിന ലോകകപ്പിൽ ശ്രീലങ്കയെ പൂട്ടിക്കെട്ടി ഇന്ത്യൻ നിര. പൂർണ്ണമായും ഏകപക്ഷീയമായ മത്സരത്തിൽ 302 റൺസിന്റെ പടുകൂറ്റൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഈ ചരിത്ര വിജയത്തോടെ ഇന്ത്യ ലോകകപ്പിന്റെ സെമിഫൈനലിൽ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. ഇന്ത്യക്കായി മുൻനിര ബാറ്റർമാരായ വിരാട് കോഹ്ലി, ശുഭമാൻ ഗിൽ, ശ്രേയസ് അയ്യര്‍ എന്നിവരാണ് ബാറ്റിംഗിൽ തിളങ്ങിയത്. ബോളിങ്ങിൽ ഇന്ത്യൻ പേസർമാരുടെ ഒരു തട്ടുപൊളിപ്പൻ പ്രകടനം തന്നെയായിരുന്നു കാണാൻ സാധിച്ചത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ശ്രീലങ്കയെ എറിഞ്ഞിട്ട് ഇന്ത്യൻ ബോളർമാർ ചരിത്രം രചിക്കുകയായിരുന്നു. ബൂമ്ര, മുഹമ്മദ് ഷാമി, മുഹമ്മദ് സിറാജ് എന്നിവർ ഇന്ത്യക്കായി തീയായി മാറി. മത്സരത്തിലെ വിജയം ഇന്ത്യയ്ക്ക് ഒരുപാട് ആത്മവിശ്വാസം നൽകുന്നതാണ്.

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക് നായകൻ രോഹിത് ശർമയുടെ വിക്കറ്റ് തുടക്കം തന്നെ നഷ്ടമായി. പിന്നീട് രണ്ടാം വിക്കറ്റിൽ വിരാട് കോഹ്ലിയും ശുഭ്മാൻ ഗില്ലും ചേർന്ന് ഇന്ത്യയെ കൈപിടിച്ച് കയറ്റുകയായിരുന്നു. ഇരുവരും ചേർന്ന് പക്വതയാർന്ന ഒരു കൂട്ടുകെട്ടാണ് രണ്ടാം വിക്കറ്റിൽ കെട്ടിപ്പടുത്തത്. 189 റൺസ് രണ്ടാം വിക്കറ്റിൽ കൂട്ടിച്ചേർക്കാൻ ഇരുവർക്കും സാധിച്ചു. മത്സരത്തിൽ 92 പന്തുകൾ നേരിട്ട ഗില്‍ 11 ബൗണ്ടറികളും രണ്ട് സിക്സറുകളും അടക്കം 92 റൺസ് നേടുകയുണ്ടായി. 94 പന്തുകളിൽ 11 ബൗണ്ടറുകളടക്കം 88 റൺസ് ആണ് കോഹ്ലി നേടിയത്. ഇരുവരും ഇന്ത്യയ്ക്ക് മികച്ച ഒരു പ്ലാറ്റ്ഫോം നൽകുകയുണ്ടായി. ഇതു മുതലെടുക്കുന്നതിൽ നാലാമനായി ക്രീസിലെത്തിയ ശ്രെയസ് അയ്യർ വിജയിക്കുകയും ചെയ്തു.

അവസാന ഓവറുകളിൽ ഇന്ത്യക്കായി ഒരു സംഹാരമാണ് ശ്രേയസ് നടത്തിയത്. ഇതോടെ ഇന്ത്യക്ക് ശക്തമായ ഒരു സ്കോർ ലഭിക്കുകയായിരുന്നു. മത്സരത്തിൽ അയ്യർ 56 പന്തുകളിൽ 82 റൺസ് നേടുകയുണ്ടായി. ഇന്നിംഗ്സിൽ 3 ബൗണ്ടറികളും 6 സിക്സറുകളുമാണ് ഉൾപ്പെട്ടത്. ഇതോടെ ഇന്ത്യ നിശ്ചിത 50 ഓവറുകളിൽ 357 എന്ന സ്കോറിൽ എത്തി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ശ്രീലങ്കയ്ക്ക് തുടക്കം തന്നെ പിഴച്ചു. ആദ്യ പന്തിൽ തന്നെ ഓപ്പണർ നിസ്സംഗ കൂടാരം കയറിയതോടെ ശ്രീലങ്കയുടെ തകർച്ച ആരംഭിക്കുകയായിരുന്നു. തങ്ങളുടെ മുൻനിര ബാറ്റർമാർ ചെറിയ ഇടവേളയിൽ കൂടാരം കയറിയതോടെ ശ്രീലങ്ക പതറി.

മത്സരത്തിൽ നിസ്സംഗ, കരുണാരത്നെ, സമരവിക്രമ എന്നിവർ പൂജ്യരായാണ് മടങ്ങിയത്. ഇന്ത്യയുടെ പേസർമാരായ ബുമ്ര, സിറാജ്, ഷാമി എന്നിവർ കൃത്യത പുലർത്തിയപ്പോൾ ശ്രീലങ്ക ആദ്യ 10 ഓവറുകളിൽ തന്നെ അടിയറവ് പറയുകയായിരുന്നു. പവർപ്ലേ അവസാനിച്ചപ്പോൾ കേവലം 14 റൺസ് നേടുന്നതിനിടെ ശ്രീലങ്കയ്ക്ക് തങ്ങളുടെ 6 വിക്കറ്റുകൾ നഷ്ടമായി. ഈ ദുരന്തത്തിന് പ്രധാന കാരണമായത് മുഹമ്മദ് ഷാമിയുടെയും മുഹമ്മദ് സിറാജിന്റെയും വെടിക്കെട്ട് ബോളിംഗ് പ്രകടനം തന്നെയായിരുന്നു. ശ്രീലങ്കൻ നിരയിലെ ഒരു ബാറ്റർക്കു പോലും ഇന്ത്യക്കെതിരെ പൊരുതാൻ സാധിച്ചില്ല. മത്സരത്തിൽ ഇന്ത്യയ്ക്കായി ഷാമി 5 വിക്കറ്റുകളും, മുഹമ്മദ് സിറാജ് 3 വിക്കറ്റുകളും സ്വന്തമാക്കി. കേവലം 55 റൺസിനാണ് ശ്രീലങ്ക മത്സരത്തിൽ ഓൾഔട്ടായത്.