വെസ്റ്റിൻഡീസസിനെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ 438 എന്ന വമ്പൻ സ്കോർ സ്വന്തമാക്കി ഇന്ത്യ. ആദ്യ ദിവസത്തിന് പിന്നാലെ രണ്ടാം ദിവസവും ബാറ്റിങ്ങിൽ മികവു കാട്ടിയാണ് ഇന്ത്യ ഇത്ര മികച്ച സ്കോർ സ്വന്തമാക്കിയത്. ഇന്ത്യക്കായി രണ്ടാം ദിവസം വിരാട് കോഹ്ലിയും രവിചന്ദ്രൻ അശ്വിനുമാണ് ബാറ്റിംഗിൽ തിളങ്ങിയത്. എന്നാൽ മറ്റു ബാറ്റർമാരെ പിടിച്ച് കെട്ടുന്നതിൽ വെസ്റ്റിൻഡീസ് ബോളർമാർ വിജയിക്കുകയുണ്ടായി. ഇതോടെ 500 കടക്കുമെന്ന് തോന്നിയ സ്കോർ 438 റൺസിൽ അവസാനിക്കുകയായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ വെസ്റ്റിൻഡീസ് രണ്ടാം ദിവസത്തെ കളി അവസാനിക്കുമ്പോൾ 86ന് 1 എന്ന നിലയിലാണ്.
മത്സരത്തിൽ ടോസ് നേടിയ വെസ്റ്റിൻഡീസ് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. മികച്ച ബാറ്റിങ് പ്രകടനം തന്നെയാണ് ഇന്ത്യ കാഴ്ചവച്ചത്. ഇന്ത്യൻ ഇന്നിങ്സിൽ 121 റൺസ് നേടിയ വിരാട് കോഹ്ലിയാണ് മികവ് കാട്ടിയത്. തന്റെ ടെസ്റ്റ് ക്രിക്കറ്റിലെ 29ആം സെഞ്ചുറിയാണ് കോഹ്ലി മത്സരത്തിൽ നേടിയത്. കോഹ്ലിക്കൊപ്പം രോഹിത് ശർമ(80) രവീന്ദ്ര ജഡേജ(61) ജയസ്വാൾ(57) അശ്വിൻ(56) എന്നിവർ കളം നിറഞ്ഞപ്പോൾ ഇന്ത്യൻ സ്കോർ കുതിക്കുകയായിരുന്നു. വിൻഡീസിനായി റോച്ച്, വാരിക്കാൻ എന്നിവർ മൂന്നു വിക്കറ്റുകൾ വീതം വീഴ്ത്തുകയുണ്ടായി. ഇങ്ങനെ 438 റൺസിന് ഇന്ത്യയെ ഒതുക്കാൻ വിൻഡീസ് ബോളന്മാർക്ക് സാധിച്ചു.
പിന്നീട് ബാറ്റിംഗ് ആരംഭിച്ച വെസ്റ്റിൻഡീസിന് ശക്തമായ തുടക്കം തന്നെയാണ് ഓപ്പണർമാർ നൽകിയത്. ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് 71 റൺസ് വെസ്റ്റിൻഡീസിനായി കൂട്ടിച്ചേർക്കുകയുണ്ടായി. ചന്ദർപോൾ 33 റൺസും ബ്രാത്ത്വെയ്റ്റ് 37 റൺസും ആദ്യ ഇന്നിങ്സിൽ നേടുകയുണ്ടായി. എന്നാൽ കൃത്യമായ സമയത്ത് ചന്ദർപോളിനെ പുറത്താക്കി രവീന്ദ്ര ജഡേജ ഇന്ത്യക്കായി ആദ്യ വിക്കറ്റ് സ്വന്തമാക്കി. എന്നിരുന്നാലും മൂന്നാമനായി എത്തിയ മക്കൻസി പിടിച്ചുനിന്നു. അങ്ങനെ വെസ്റ്റിൻഡീസ് രണ്ടാം ദിവസത്തെ മത്സരം അവസാനിക്കുമ്പോൾ 86ന് 1 എന്ന നിലയിലാണ്.
പിച്ച് കൂടുതൽ സ്ലോ ആകുന്നതിന്റെ സൂചനകൾ രണ്ടാം ദിവസം തന്നെ മത്സരത്തിൽ ലഭിച്ചിട്ടുണ്ട്. അതിനാൽ തന്നെ മൂന്നാം ദിവസം ഇരു ടീമുകളെ സംബന്ധിച്ചും വളരെ നിർണായകമാണ്. ഇന്ത്യയെ സംബന്ധിച്ച് വിൻഡീസിന്റെ ആദ്യ ഇന്നിങ്സ് ഏറ്റവും വേഗതയിൽ അവസാനിപ്പിച്ച് ഫോളോ ഓൺ ചെയ്യുക എന്നതാണ് ലക്ഷ്യം. മറുവശത്ത് വിൻഡിസിനെ സംബന്ധിച്ച് ഒരു സമനില പോലും അവർക്ക് ആശ്വാസം നൽകുന്നതാണ്.