വെസ്റ്റ് ഇൻഡീസ് എതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിൽ ജയത്തോടെ തുടങ്ങാൻ സാധിച്ചത് ഇന്ത്യൻ ടീമിന് ഒരു ആശ്വാസമായി മാറിയപ്പോൾ ഏറ്റവും അധികം നിരാശ സമ്മാനിച്ചത് വിരാട് കോഹ്ലിയുടെ പുറത്താകലാണ്. രണ്ട് വർഷത്തിൽ അധികമായി അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ച്വറി സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ലാത്ത വിരാട് കോഹ്ലി ഇന്നലെ നടന്ന മത്സരത്തിൽ നേരിട്ട നാലാമത്തെ ബോളിലാണ് പുറത്തായത്.
ആദ്യത്തെ രണ്ട് പന്തുകളിൽ ഫോർ അടിച്ച് തുടക്കം ഗംഭീരമാക്കിയ വിരാട് കോഹ്ലി നാലാം ബോളിൽ പുൾ ഷോട്ടിന് ശ്രമിച്ചു തന്റെ വിക്കെറ്റ് നഷ്ടമാക്കി. സൗത്താഫ്രിക്കക്ക് എതിരായ ഏകദിന പരമ്പരയിലും രണ്ട് അർദ്ധ സെഞ്ച്വറി നേടിയ ശേഷം സമാന മോശം ഷോട്ടുകളിൽ കോഹ്ലി വിക്കറ്റ് നഷ്ടമാക്കിയിരുന്നു. ഇന്നലത്തെ കോഹ്ലി ബാറ്റിങ് ശൈലി ഒരുവേള ഇന്ത്യൻ ക്യാമ്പിൽ ഞെട്ടൽ സൃഷ്ടിച്ചു.
എന്നാൽ ഇന്നലത്തെ വിരാട് കോഹ്ലി പുറത്താകലിനെ കുറിച്ച് അഭിപ്രായം പറയുകയാണ് മുൻ ഇന്ത്യൻ താരമായ സുനിൽ ഗവാസ്‌ക്കർ. വിരാട് കോഹ്ലിയെ വളരെ സമർത്ഥമായി വിൻഡീസ് ടീം കുരുക്കിയെന്നാണ് ഗവാസ്‌ക്റുടെ അഭിപ്രായം. “നമ്മൾ ഇന്നലെ കണ്ടത് വിൻഡീസ് ടീമിന്റെ മികച്ച ഒരു പ്ലാനാണ്. സൗത്താഫ്രിക്കൻ ടെസ്റ്റ് പരമ്പരയിലും ഏകദിന പരമ്പരയിലും നമ്മൾ സമാനമായ ഒരു പദ്ധതിയാണ് ബൗളർമാരിൽ നിന്നും കണ്ടത്. കൂടാതെ സമാനമായ പദ്ധതിയിൽ കോഹ്ലിയുടെ വിക്കറ്റ് നഷ്ടമാക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. ” ഗവാസ്‌ക്കർ നിരീക്ഷിച്ചു
“വിൻഡീസ് ടീം സമർഥമായി തന്നെയാണ് ഇന്നലെ കോഹ്ലിയെ വീഴ്ത്തിയത്. നാം കണ്ടതാണ് സൗത്താഫ്രിക്കൻ ബൗളിംഗ് നിര ഇതേ പരീക്ഷണം നടത്തുന്നത്. വിരാട് കോഹ്ലി ഷോർട്ട് ബോളുകളെ ഭയക്കുന്ന താരമല്ല. അദ്ദേഹം ഹുക്ക് ഷോട്ട് കൂടുതൽ കളിക്കാനായി റെഡി ആകണം. കൂടാതെ അദ്ദേഹമതിനായി പരിശീലനം നടത്തണം. ഇനിയുള്ള മത്സരങ്ങളിൽ കോഹ്ലിക്ക് സമാന വെല്ലുവിളി നേരിടേണ്ടി വരുമെന്നത് തീർച്ച”സുനിൽ ഗവാസ്‌ക്കർ ചൂണ്ടികാട്ടി.
ആദ്യ ഏകദിനത്തില്‍ വിന്‍ഡീസിനെ ആറ് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ ജയം സ്വന്തമാക്കിയത്. ബാറ്റിങ്ങില്‍ നായകന്‍ രോഹിത് ശര്‍മയും ബോളിങ്ങില്‍ യുസുവേന്ദ്ര ചഹലുമാണ് തിളങ്ങിയത്. ജയത്തോടെ മൂന്ന് മത്സരങ്ങളുള്ള പരമ്ബരയില്‍ ആതിഥേയര്‍ 1-0 ന് മുന്നിലെത്തി. ബുധനാഴ്ചയാണ് രണ്ടാം ഏകദിനം.