അവൻ ഇപ്പോഴും ടീമിലെക്ക് വരുവാൻ ആഗ്രഹിക്കുന്നില്ല :തുറന്ന് പറഞ്ഞ് കിറോൺ പൊള്ളാർഡ്

വെസ്റ്റ് ഇൻഡീസ് ടീം എല്ലാകാലവും ലോക ക്രിക്കറ്റിലും ക്രിക്കറ്റ്‌ ആരാധകരിലും ഒരു അത്ഭുതമാണ്. ഐസിസി ടൂർണമെന്റ് കിരീടങ്ങൾ പല തവണ നേടിയിട്ടുണ്ട് എങ്കിലും അപ്രവചനീയതയെന്നതാണ് വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ മുഖമുദ്ര. ലോക ക്രിക്കറ്റിൽ ഇന്ന് വിൻഡീസ് ടീമും അതുപോലെ താരങ്ങളുടെ സ്ഥാനവും വലിയ തകർച്ചയാണ് നേരിടുന്നത്.ഏറെ നാളുകളായി കുഞ്ഞൻ ടീമുകളോട് വരെ തോൽവി വഴങ്ങുന്ന വിൻഡീസ് ടീമിൽ പക്ഷെ ആരും ഭയക്കുന്ന ഒരുപിടി മികച്ച താരങ്ങളുണ്ട്. ആദ്യത്തെ ഐസിസി ഏകദിന ലോകകപ്പ് നേടിയിട്ടുള്ള വെസ്റ്റ് ഇൻഡീസ് ടീം ഇന്ന് ടി :20 ക്രിക്കറ്റിലെ രാജാക്കന്മാരാണ് എന്നതാണ് സത്യം. പല താരങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ടി :20 ലീഗുകൾ കളിക്കുന്നുണ്ടെങ്കിലും അവർ ആരും ദേശീയ ടീമിൽ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കുന്നില്ല എന്ന വിമർശനം പലപ്പോഴും ശക്തമാണ്.

കഴിഞ്ഞ ദിവസമാണ് സൗത്താഫ്രിക്കക്ക് എതിരായ രണ്ട് ടി :20 മത്സരങ്ങൾക്കുള്ള വിൻഡീസ് പതിമൂന്ന് അംഗ ടീമിനെ പ്രഖ്യാപിച്ചത്. നായകൻ കിറോൺ പൊള്ളാർഡിന്റെ നേതൃത്വത്തിലുള്ള ടീം വരാനിരിക്കുന്ന ടി :20 ലോകകപ്പ് നേടും എന്ന ഉറച്ച വിശ്വാസത്തിലാണ്. സ്റ്റാർ ഓപ്പണർ ക്രിസ ഗെയ്ൽ അടക്കം ടീമിൽ ഇടം നേടിയപ്പോൾ നീണ്ട ഒരു വർഷത്തെ ഇടവേളക്ക് ശേഷം ഓൾറൗണ്ടർ ആന്ദ്രേ റസ്സൽ ടീമിൽ തിരികെ എത്തി. പക്ഷേ ടീമിലേക്ക് സ്പിന്നർ സുനിൽ നരൈൻ തിരികെ വന്നില്ല. ഇക്കാര്യത്തിൽ ഇപ്പോൾ അഭിപ്രായം വിശദമാക്കുകയാണ് ടീമിന്റെ ക്യാപ്റ്റൻ കിറോൺ പൊള്ളാർഡ്.

തന്റെ ബൗളിങ്ങിൽ വിശ്വാസം വീണ്ടും തിരികെ പിടിക്കാൻ നരൈന് കഴിഞ്ഞില്ല എന്ന് തുറന്ന് പറഞ്ഞ പൊള്ളാർഡ് അദ്ദേഹം ഇതിനായി ഇനിയും സമയം ആവശ്യപ്പെട്ടിട്ടുണ്ട് എന്നും വിശദമാക്കി. “നരൈൻ അവന്റെ ബൗലിങ്ങിലുള്ള പൂർണ്ണ വിശ്വാസം നേടിയിട്ടില്ല. അതിനായി കൂടുതൽ സമയവും അവൻ ടീമിനോട് ആവശ്യപെട്ടു.താരത്തെ ടീമിന്റെ സെലക്ഷനിൽ പരിഗണിക്കാത്തതും ഇത് കാരണമാണ്. കൂടുതൽ സമയം അവന് തയ്യാറെടുപ്പുകൾ ആവശ്യമാണ് ” കിറോൺ പൊള്ളാർഡ് വിശദമാക്കി. ഇത്തവണ ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്സ് ടീമിൽ കളിച്ച താരം പഴയ ഫോം വീണ്ടെടുക്കാനുള്ള തീവ്ര പരിശീലനത്തിലാണ്.