വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള ടി20 പരമ്പരയിലെ നാലാം മത്സരത്തില്‍ ടോസ് നഷ്ടമായി ഇന്ത്യ ബാറ്റിംഗിനയക്കപ്പെടുകയായിരുന്നു. പതിവുപോലെ സുര്യകുമാര്‍ യാദവും രോഹിത് ശര്‍മ്മയുമാണ് ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തത്. പവര്‍പ്ലേയില്‍ ഇരുവരുടേയും വിക്കറ്റുകള്‍ നഷ്ടമായെങ്കിലും 65 റണ്‍സിലേക്ക് ഇന്ത്യ എത്തിയിരുന്നു. ഓപ്പണിംഗില്‍ രോഹിത് ശര്‍മ്മ (33) അര്‍ദ്ധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയാണ് മടങ്ങിയത്. പിന്നാലെ സൂര്യകുമാര്‍ യാദവും (24) മടങ്ങി.
അതിനു ശേഷം ദീപക്ക് ഹൂഡയും (21) റിഷഭ് പന്തും ചേര്‍ന്ന് ഇന്നിംഗ്സ് മുന്നോട്ട് നയിച്ചു. സഞ്ചു സാംസണ്‍ എത്തിയതോടെ ഇന്നിംഗ്സ് വേഗത കൂട്ടിയ റിഷഭ് പന്ത്, കൂറ്റന്‍ ഷോട്ടിന് ശ്രമിച്ചാണ് മടങ്ങിയത്. 31 പന്തില്‍ 44 റണ്‍സാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ നേടിയത്.
പിന്നീട് ഫിനിഷിങ്ങ് ജോലി ഏറ്റെടുക്കേണ്ടി വന്നത് സഞ്ചു സാംസണിനും ദിനേശ് കാര്‍ത്തികിനുമായിരുന്നു. വിന്‍ഡീസ് ബോളര്‍മാര്‍ പിടിമുറുക്കിയതോടെ റണ്‍സ് വരാന്‍ പാട് പെട്ടു. അവസാന നിമിഷങ്ങളില്‍ ആക്ഷര്‍ പട്ടേലിന്‍റെ (8 പന്തില്‍ 28) വെടിക്കെട്ട് പ്രകടനമാണ് 190 കടത്തിയത്.
12ാം ഓവറില്‍ എത്തിയ സഞ്ചു 23 പന്തില്‍ 2 ഫോറും 1 സിക്സുമായി 30 റണ്‍സാണ് നേടിയത്. അവസാന 5 ഓവറില്‍ 45 റണ്‍സാണ് ഇന്ത്യ നേടിയത്. അതില്‍ സഞ്ചുവിന്‍റെ സമ്പാദ്യമാകട്ടെ 13 പന്തില്‍ 14. അവസാന നിമിഷങ്ങളില്‍ ബോള്‍ മിഡില്‍ ചെയ്യാന്‍ സാധിക്കാത്ത സഞ്ചുവിനെയാണ് കണ്ടത്. നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ ഫിനിഷ് ചെയ്തത്.