ഐപിഎല്ലിലെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ – പഞ്ചാബ് കിംഗ്സ് പോരാട്ടത്തില്‍ തകര്‍പ്പന്‍ ഫിനിഷോടെ ബാംഗ്ലൂര്‍ വിജയിച്ചു. 77 റണ്‍സ് നേടിയ വിരാട് കോഹ്ലിയെ ഒരു ഘട്ടത്തില്‍ നഷ്ടമായെങ്കിലും ദിനേശ് കാര്‍ത്തികും (10 പന്തില്‍ 28) മഹിപാല്‍ ലോംറോറും (8 പന്തില്‍ 17) ചേര്‍ന്ന് മത്സരം ഫിനിഷ് ചെയ്തു.
മത്സരത്തില്‍ 49 പന്തില്‍ 77 റണ്‍സാണ് വിരാട് കോഹ്ലി സ്കോര്‍ ചെയ്തത്. സാം കരന്‍ എറിഞ്ഞ ആദ്യ ഓവറില്‍ വിരാട് കോഹ്ലി പൂജ്യത്തില്‍ നില്‍ക്കുമ്പോ, സ്ലിപ്പില്‍ ജോണി ബെയര്‍സ്റ്റോ ക്യാച്ച് ഡ്രോപ്പ് ചെയ്തിരുന്നു. ഇത് മത്സരത്തില്‍ നിര്‍ണായകമായെന്ന് പഞ്ചാബ് ക്യാപ്റ്റന്‍ ശിഖാര്‍ ധവാന്‍ പറഞ്ഞു.
”നല്ലൊരു മത്സരമായിരുന്നു. ഞങ്ങള്‍ മത്സരത്തിലേക്ക് തിരിച്ചെത്തിയിരുന്നു. എന്നാല്‍ ഞങ്ങള്‍ക്ക് വീണ്ടും നഷ്ടമായി. വിരാട് കോഹ്ലി 70 റണ്‍സുകള്‍ നേടി. ഞങ്ങള്‍ ഒരു ക്ലാസ് താരത്തിന്‍റെ ക്യാച്ച് നഷ്ടപ്പെടുത്തി. മത്സരത്തിലെ ടേണിംഗ് പോയിന്‍റായിരുന്നു അത്. ഞങ്ങള്‍ അതിനു വലിയ വില നല്‍കി. ആ ക്യാച്ചെടുത്തിരുന്നെങ്കില്‍ കളി ഞങ്ങള്‍ക്ക് അനുകൂലമാവുമായിരുന്നു” ശിഖാര്‍ ധവാന്‍ പറഞ്ഞു.
മത്സരത്തില്‍ 37 പന്തില്‍ 45 റണ്‍സാണ് ധവാന്‍ സ്കോര്‍ ചെയ്തത്. ആദ്യ ഇന്നിംഗ്സില്‍ 10-15 റണ്‍സിന്‍റെ കുറവ് ഉണ്ടായിരുന്നുവെന്നും താന്‍ കുറച്ചുക്കൂടി വേഗത്തില്‍ കളിക്കണമായിരുന്നു എന്നും ധവാന്‍ മത്സര ശേഷം പറഞ്ഞു.