ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ 302 റൺസിന്റെ വമ്പൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യക്കായി പേസ് ബോളർമാരായിരുന്നു ഏറ്റവും മികച്ച പ്രകടനം മത്സരത്തിൽ പുറത്തെടുത്തത്. മുഹമ്മദ് ഷാമി, മുഹമ്മദ് സിറാജ്, ബൂമ്ര എന്നിവർ ബോളിങ്ങിൽ കൃത്യത കണ്ടെത്തിയപ്പോൾ ഉത്തരമില്ലാതെ ശ്രീലങ്ക വീണുപോവുകയായിരുന്നു. മത്സരത്തിൽ 5 വിക്കറ്റ്കളാണ് മുഹമ്മദ് ഷാമി സ്വന്തമാക്കിയത്.
ത്സരത്തിലെ താരമായി മാറിയതും മുഹമ്മദ് ഷാമി തന്നെയായിരുന്നു. ഇന്ത്യൻ ടീമിലെ പേസർമാരുടെ പ്രകടനത്തിൽ അങ്ങേയറ്റം സന്തോഷമുണ്ടെന്നും, എല്ലാവരുടെയും കൂട്ടായ പരിശ്രമത്തിന്റെ ഭാഗമാണ് മത്സരങ്ങളിൽ കാണുന്ന ഫലങ്ങളെന്നും മുഹമ്മദ് ഷാമി പറയുകയുണ്ടായി. ഡ്രെസ്സിങ് റൂമിൽ പരസ്പരം എല്ലാവരും ആശയങ്ങൾ കൈമാറാറുണ്ട് എന്നും മുഹമ്മദ് ഷാമി സൂചിപ്പിച്ചു.
“ഞങ്ങളുടെ ബോളിംഗ് ഇപ്പോൾ നല്ല ഷേപ്പിലാണുള്ളത്. ഞങ്ങൾക്ക് എല്ലാവർക്കും നല്ല താളം കണ്ടെത്താൻ സാധിക്കുന്നുണ്ട്. എല്ലാവരും എല്ലാവരുടെയും വിജയത്തിൽ അതിയായ സന്തോഷം പ്രകടിപ്പിക്കുന്നു. ഒരു യൂണിറ്റ് എന്ന നിലയിൽ മികച്ച രീതിയിൽ ബോൾ ചെയ്യാനും മത്സരങ്ങളിൽ ഫലങ്ങൾ ഉണ്ടാക്കാനും ഞങ്ങൾക്ക് സാധിക്കുന്നു. അതു വളരെ സന്തോഷം തരുന്ന കാര്യം തന്നെയാണ്. ഞാൻ എല്ലായ്പ്പോഴും കൃത്യമായ ഏരിയകളിൽ പന്തെറിയാനാണ് ശ്രമിക്കുന്നത്. ഇപ്പോൾ എനിക്ക് നല്ല താളത്തിൽ പന്തെറിയാൻ സാധിക്കുന്നുണ്ട്. വലിയ ടൂർണമെന്റുകളിൽ ഇത്തരം താളം നഷ്ടമായാൽ പിന്നീടത് തിരിച്ചുവരിക എന്നത് അല്പം പ്രയാസകരമാണ്.”- ഷാമി പറയുന്നു.
“എപ്പോഴും നല്ല ഏരിയകളിൽ പന്തറിയാനാണ് ഞാൻ ശ്രമിക്കുന്നത്. ലങ്തും കൃത്യമായി ഞാൻ പാലിക്കാറുണ്ട് ഇന്ത്യയുടെ ലോകകപ്പിലെ ഏറ്റവും ഉയർന്ന വിക്കറ്റ് വേട്ടക്കാരനായി മാറാൻ സാധിച്ചതിൽ എനിക്ക് സന്തോഷമുണ്ട്. നിശ്ചിത ഓവർ ക്രിക്കറ്റിൽ കൃത്യമായ താളത്തിൽ മുൻപോട്ടു പോവുക എന്നതാണ് വളരെ പ്രധാനമുള്ള കാര്യം. ഒപ്പം കൃത്യമായ ലെങ്തും പാലിക്കാൻ പറ്റണം. ന്യൂബോളിൽ കൃത്യമായ ഏരിയയിൽ പന്തറിയുകയാണെങ്കിൽ പിച്ചിൽ നിന്ന് സഹായങ്ങൾ ലഭിക്കും. എന്നെ സംബന്ധിച്ച് ലങ്തിന് ഒരുപാട് പ്രാധാന്യമുണ്ട്.”- മുഹമ്മദ് ഷാമി കൂട്ടിച്ചേർത്തു.
“ഇന്ത്യയിലെ ഓരോ മൈതാനത്തും ഞങ്ങൾക്ക് കിട്ടുന്ന ആരാധക പിന്തുണ പറഞ്ഞറിയിക്കാൻ സാധിക്കാത്തതാണ്. ഞങ്ങളെ ഇത്തരത്തിൽ പിന്തുണയ്ക്കുന്ന എല്ലാവരോടും ഞാൻ നന്ദി പറയുന്നു. ഇവിടെ മാത്രമല്ല ഇന്ത്യയ്ക്ക് പുറത്ത് പോകുമ്പോഴും ഞങ്ങൾക്ക് ഇതേ പിന്തുണ ലഭിക്കാറുണ്ട്. ഇപ്പോൾ ഇന്ത്യയുടെ ഡ്രസ്സിംഗ് റൂമടക്കം വലിയ സന്തോഷത്തിൽ തന്നെയാണ്.”- മുഹമ്മദ് ഷാമി പറഞ്ഞുവെക്കുന്നു. മത്സരത്തിൽ 5 ഓവറുകൾ പന്തെറിഞ്ഞ ഷാമി, 18 റൺസ് മാത്രം വിട്ടു നൽകിയായിരുന്നു 5 വിക്കറ്റുകൾ സ്വന്തമാക്കിയത്. ശ്രീലങ്കയ്ക്കെതിരായ വിജയത്തോടെ ടൂർണ്ണമെന്റിന്റെ സെമിഫൈനലിൽ സ്ഥാനം ഉറപ്പിക്കാൻ ഇന്ത്യക്ക് സാധിച്ചിട്ടുണ്ട്.