ഷാമി കൊടുങ്കാറ്റ്. ലോക റെക്കോർഡ് പേരിൽ ചേർത്ത് പ്രയാണം. മറികടന്നത് സഹീർ ഖാനെ.

ഇന്ത്യയുടെ ശ്രീലങ്കക്കെതിരായ ഏകദിന ലോകകപ്പ് മത്സരത്തിനിടെ ഒരു വമ്പൻ റെക്കോർഡ് സ്വന്തമാക്കി മുഹമ്മദ് ഷാമി. മത്സരത്തിൽ 5 വിക്കറ്റ് നേട്ടം കൊയ്തതോടെ ഒരു വലിയ റെക്കോർഡാണ് ഷാമി പേരിൽ ചേർത്തിരിക്കുന്നത്. മത്സരത്തിലെ പ്രകടനത്തിലൂടെ ഇന്ത്യയ്ക്കായി ഏറ്റവുമധികം ലോകകപ്പ് വിക്കറ്റുകൾ സ്വന്തമാക്കുന്ന താരമായി മുഹമ്മദ് ഷാമി മാറി. ഇതുവരെ ലോകകപ്പിൽ 14 ഇന്നിംഗ്സുകളിൽ പന്തറിഞ്ഞ ഷാമി 45 വിക്കറ്റുകളാണ് വീഴ്ത്തിയിട്ടുള്ളത്. ഇന്ത്യയുടെ സൂപ്പർ പേസർ സഹീർ ഖാനെ മറികടന്നാണ് ഷാമി ഈ റെക്കോർഡ് തന്റെ പേരിൽ ചേർത്തത്. 23 ലോകകപ്പ് മത്സരങ്ങൾക്ക് കളിച്ചിട്ടുള്ള സഹീർ 44 വിക്കറ്റുകളാണ് സ്വന്തമാക്കിയിട്ടുള്ളത്. 34 ഏകദിന മത്സരങ്ങൾ കളിച്ചിട്ടുള്ള ജവഗൽ ശ്രീനാഥും 44 വിക്കറ്റുകളുമായി ലിസ്റ്റിലുണ്ട്. ഇവരെ മറികടന്നാണ് ഷാമി ഇപ്പോൾ റെക്കോർഡ് തീർത്തിരിക്കുന്നത്.

മത്സരത്തിലെ തട്ടുപൊളിപ്പൻ പ്രകടനമാണ് ഷാമിക്ക് ഈ റെക്കോർഡ് സ്വന്തം പേരിൽ ചേർക്കാൻ സഹായകരമായത്. കഴിഞ്ഞ 3 മത്സരങ്ങളിലും ഇന്ത്യക്കായി തകർപ്പൻ ബോളിംഗ് പ്രകടനമാണ് ഷാമി പുറത്തെടുത്തിട്ടുള്ളത്. 3 മത്സരങ്ങളിൽ നിന്നായി 14 വിക്കറ്റുകൾ ഷാമി ഇന്ത്യക്കായി സ്വന്തമാക്കി. ഇതിലൂടെ മറ്റൊരു റെക്കോർഡും ഷാമി സ്വന്തം പേരിൽ ചേർക്കുകയുണ്ടായി. ഇന്ത്യക്കായി ഏകദിനങ്ങളിൽ ഏറ്റവുമധികം തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന താരം എന്ന ബഹുമതിയാണ് ഷാമി പേരിൽ ചേർത്തത്. 3 തവണ ഇന്ത്യക്കായി ഏകദിനങ്ങളിൽ 5 വിക്കറ്റ് നേട്ടം കൊയ്ത ജവഗൽ ശ്രീനാഥിനെ മറികടന്നാണ് ഷാമി ഈ നേട്ടം പേരിൽ ചേർത്തിരിക്കുന്നത്. ഈ പ്രകടനത്തോടെ ഷാമി ഇന്ത്യയ്ക്കായി 4 തവണ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കിയിട്ടുണ്ട്.

ഏകദിന ലോകകപ്പുകളിൽ ഏറ്റവുമധികം തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ താരം എന്ന റെക്കോർഡിൽ മുൻപിലെത്താനും ഷാമിക്ക് സാധിച്ചു. ഇതുവരെ ഏകദിന ലോകകപ്പുകളിൽ 3 തവണയാണ് ഷാമി 5 വിക്കറ്റ് നേട്ടം കയ്യടക്കിയിട്ടുള്ളത്. മൂന്നുതവണ ഏകദിന ലോകകപ്പിൽ 5 വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുള്ള ഓസ്ട്രേലിയൻ താരം മിച്ചൽ സ്റ്റാർക്കും ഷാമിക്കൊപ്പം ഈ ലിസ്റ്റിൽ മുൻപിലുണ്ട്. എന്തായാലും മത്സരത്തിലെ പ്രകടനത്തിലൂടെ വമ്പൻ റെക്കോർഡുകളാണ് ഷാമി കയ്യടക്കിയിരിക്കുന്നത്. മത്സരത്തിൽ ശ്രീലങ്കൻ ബാറ്റിംഗ് നിരയുടെ നട്ടെല്ലൊടിക്കുന്നതിൽ ഷാമി ഒരു പ്രധാന പങ്കു വഹിക്കുകയുണ്ടായി.

അപകടകാരികളായ അസലങ്ക, മാത്യൂസ്, ഹേമന്ത തുടങ്ങിയ ബാറ്റർമാരുടെ വിക്കറ്റുകളാണ് മത്സരത്തിൽ ഷാമി സ്വന്തമാക്കിയത്. മത്സരത്തിൽ 5 ഓവറുകൾ പന്തറിഞ്ഞ ഷാമി 18 റൺസ് മാത്രം വിട്ടുനൽകിയാണ് 5 വിക്കറ്റ് നേട്ടം കൊയ്ത്. ഷാമിയുടെ ഈ പ്രകടനത്തിന്റെ മികവിലായിരുന്നു ഇന്ത്യ 302 റൺസിന്റെ പടുകൂറ്റൻ വിജയം മത്സരത്തിൽ സ്വന്തമാക്കിയത്. ഈ വിജയത്തോടെ ഇന്ത്യ ലോകകപ്പിന്റെ സെമിഫൈനലിൽ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്.