രണ്ടാം ആഷസ് ടെസ്റ്റിൽ ജോണി ബെയർസ്റ്റോയുടെ വിവാദ സ്റ്റംപിംഗ് പുറത്താക്കലില്‍ ക്രിക്കറ്റ് ലോകത്ത് നിന്ന് സമ്മിശ്ര പ്രതികരണങ്ങളാണ് വരുന്നത്. ഇത് വ്യക്തമായും ക്രിക്കറ്റ് നിയമങ്ങൾക്ക് കീഴിലാണെന്ന് ഒരു കൂട്ടര്‍ സംസാരിക്കുമ്പോള്‍ ഗെയിം സ്പിരിറ്റിനു വിപിരീതമാണ് ഇത് എന്നാണ് ഇംഗ്ലണ്ട് ആരാധകര്‍ വിമര്‍ശിക്കുന്നത്.
അതേ സമയം സമാനമായ ഒരു സംഭവത്തില്‍ ധോണി എടുത്ത നിലപാട് സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. 2011 ല്‍ നോട്ടിംഗ്ഹാമിൽ നടന്ന മത്സരത്തില്‍, ഇംഗ്ലീഷ് ബാറ്റർ ഇയാൻ ബെല്ലിനെ ബെയർസ്റ്റോയ്ക്ക് സമാനമായ രീതിയിൽ പുറത്താക്കി. മൂന്നാം ദിവസത്തെ ചായ ഇടവേളയ്ക്ക് മുമ്പുള്ള അവസാന പന്തിൽ മോർഗന്റെ ഷോട്ട് പ്രവീൺ കുമാർ ഡൈവ് ചെയ്ത് ബൗണ്ടറിയില്‍ പോവുന്നത് തടഞ്ഞ്, പന്ത് അഭിനവ് മുകുന്ദിന് തിരികെ എറിഞ്ഞു.
പന്ത് ബൗണ്ടറിയിലെത്തി എന്ന് കരുതി മോർഗനുമായി സംസാരിക്കാന്‍ ഇയാന്‍ ബെൽ ക്രീസ് വിട്ടു. എന്നാല്‍ മുകുന്ദ് ബെയിൽസ് വീഴ്ത്തി റണ്ണൗട്ടിനായി അപ്പീൽ ചെയ്യുകയും ചെയ്തു.
തുടർന്ന് മൂന്നാം അമ്പയർ ഇയാൻ ബെല്‍ ഔട്ട് എന്ന് വിധിച്ചു. പിന്നീട് അപ്പീൽ പിൻവലിക്കാൻ തീരുമാനിച്ച എംഎസ് ധോണിയും കൂട്ടരും ചായ ഇടവേളയ്ക്ക് ശേഷം ക്രീസിലേക്ക് തിരികെ വിളിക്കുകയായിരുന്നു. ആ ഘട്ടത്തിൽ 137 ല്‍ ആയിരുന്ന ബെല്‍ ഒടുവിൽ 159 റൺസിന് പുറത്തായി.