അവൻ ലോകകപ്പ് ടീമിൽ ഉണ്ടാവണം, ഇനിയും അവഗണിക്കരുത്.. ഇന്ത്യൻ താരത്തിനായി വാദിച്ച് സൗരവ് ഗാംഗുലി.

2023 ഏകദിന ലോകകപ്പിനുള്ള തയ്യാറെടുപ്പുകൾ ഇന്ത്യ തുടങ്ങി കഴിഞ്ഞു. മികച്ച ഒരു ടീമിനെ ലോകകപ്പിലേക്ക് അണിനിരത്താനുള്ള ശ്രമത്തിലാണ് ഇന്ത്യ ഇപ്പോൾ. ഇതിനായി വലിയൊരു നിർദ്ദേശം മുന്നിലേക്ക് വച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി. 2023 ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ സ്‌ക്വാഡിൽ ഒരു ലെഗ് സ്പിന്നറെ നിർബന്ധമായും ഉൾപ്പെടുത്താൻ ഇന്ത്യ തയ്യാറാവണം എന്നാണ് ഗാംഗുലി പറയുന്നത്. നിലവിൽ ഏകദിനങ്ങളിലും ട്വന്റി20കളിലും മികച്ച സ്ഥിരതയോടെ കളിക്കുന്നതിനാൽ ആ സ്ഥാനത്തേക്ക് ചാഹലാണ് ഉത്തമമെന്നും ഗാംഗുലി പറയുകയുണ്ടായി.

“2023 ഏകദിന ലോകകപ്പിലേക്ക് ഇന്ത്യ ഒരു റിസ്റ്റ് സ്പിന്നറെ കണ്ടെത്തണമെന്നാണ് എന്റെ അഭിപ്രായം. നമുക്ക് നിലവിൽ അശ്വിനും അക്സർ പട്ടേലും ജഡേജയുമുണ്ട്. ഇവരൊക്കെയും ഓൾറൗണ്ടർമാർ കൂടിയാണ്. ഒരുവശത്ത് രവി ബിഷണോയെയും കുൽദീപിനെയും പോലെയുള്ള കളിക്കാരുണ്ടെങ്കിലും, സ്ഥിരതപുലർത്തുന്ന ചാഹലിന് വലിയ ടൂർണമെന്റുകളിൽ കളിക്കാൻ സാധിക്കുന്നില്ല. ട്വന്റി20 ക്രിക്കറ്റ് ആയാലും ഏകദിന ക്രിക്കറ്റ് ആയാലും ഇന്ത്യക്കായി സമീപ സമയത്ത് സ്ഥിരതയാർന്ന പ്രകടനം പുറത്തെടുത്തിട്ടുള്ള ബോളർ കൂടിയാണ് ചാഹൽ. അതിനാൽ തന്നെ ലോകകപ്പിലേക്ക് ഇന്ത്യ ചാഹലിനെ പരിഗണിക്കാൻ തയ്യാറാവണം.”- ഗാംഗുലി പറയുന്നു.

ഇതോടൊപ്പം ഇന്ത്യ റിസ്റ്റ് സ്പിന്നറെ കളിപ്പിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും ഗാംഗുലി പറയുകയുണ്ടായി. ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നീ ടീമുകൾ ഇന്ത്യൻ മണ്ണിൽ കുറച്ചു വിയർക്കുമെന്നും, ഈ സമയത്ത് റിസ്റ്റ് സ്പിന്നർ ടീമിലുണ്ടെങ്കിൽ അത് ഇന്ത്യയ്ക്ക് ഗുണമായി മാറുമെന്നും ഗാംഗുലി അഭിപ്രായപ്പെട്ടു. 2011 ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ വിജയത്തെ മുന്നിൽ നിർത്തിയാണ് ഗാംഗുലിയുടെ അഭിപ്രായം. അന്ന് ഹർഭജൻ സിങ്, പിയൂഷ് ചൗള എന്നീ സ്പിന്നർമാരാണ് ടീമിൽ ഉണ്ടായിരുന്നത്. 2007ൽ ഇന്ത്യ ട്വന്റി20 ലോകകപ്പ് നേടിയ സമയത്തും ഈ സ്പിന്നർമാർ ഇന്ത്യയോടൊപ്പം ഉണ്ടായിരുന്നു. അതിനാൽ ഇത്തവണയും റിസ്റ്റ് സ്പിന്നർമാർ ഇന്ത്യൻ സ്‌ക്വാഡിൽ വേണമെന്നാണ് ഗാംഗുലിയുടെ ആവശ്യം.

2019ൽ നടന്ന ഏകദിന ലോകകപ്പിൽ 8 മത്സരങ്ങളിലാണ് ചാഹൽ ഇന്ത്യക്കായി കളിച്ചത്. ഇതിൽനിന്നായി 12 വിക്കറ്റുകൾ വീഴ്ത്താൻ ചാഹലിന് സാധിച്ചിരുന്നു. ശേഷം നടന്ന 2021 ട്വന്റി20 ലോകകപ്പിൽ ചാഹൽ സ്ക്വാഡിൽ ഇടംപിടിച്ചെങ്കിലും കളിക്കാൻ അവസരം ലഭിച്ചില്ല. 2022ലെ ലോകകപ്പിലും ഒരു മത്സരം പോലും കളിക്കാൻ ചാഹലിന് സാധിച്ചില്ല. എന്നാൽ 2023 ലോകകപ്പ് ഇന്ത്യൻ മണ്ണിൽ നടക്കുന്നതിനാൽ തന്നെ സ്പിന്നർമാർക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ഈ അവസരത്തിൽ ചാഹലിനെ ഇന്ത്യ ടീമിൽ ഉൾപ്പെടുത്തുമെന്നാണ് പ്രതീക്ഷ.