വിക്കറ്റെടുക്കാൻ സിറാജിന് തന്ത്രം പറഞ്ഞ് കൊടുത്ത് കോഹ്ലി. അടുത്ത പന്തിൽ യാൻസൻ പുറത്ത്.

വീണ്ടും സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി വിരാട് കോഹ്ലി. ഇന്ത്യയുടെ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിനിടെ വിരാട് കോഹ്ലി ഇന്ത്യൻ പേസർ മുഹമ്മദ് സിറാജുമായി നടത്തിയ ആംഗ്യങ്ങളാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധ നേടിയിരിക്കുന്നത്. ദക്ഷിണാഫ്രിക്കയുടെ ആദ്യ ഇന്നിംഗ്സിന്റെ തുടക്കത്തിൽ തന്നെ വിക്കറ്റുകൾ നേടി മുഹമ്മദ് സിറാജ് ഇന്ത്യയെ മത്സരത്തിൽ സജീവമാക്കുകയുണ്ടായി.

ഇതിന് പിന്നാലെ മാർക്കോ യാൻസൻ ക്രീസിലെത്തിയിരുന്നു. യാൻസനെതിരെ എങ്ങനെ പന്ത് എറിയണമെന്ന് സ്ലിപ്പിൽ നിന്ന് വിരാട് കോഹ്ലി പറഞ്ഞു കൊടുക്കുന്ന വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഇതിന് ശേഷം തൊട്ടടുത്ത പന്തിൽ തന്നെ വിരാട് പറഞ്ഞ രീതിയിൽ സിറാജ് പന്ത് എറിയുകയും, യാൻസന്റെ വിക്കറ്റ് ലഭിക്കുകയും ചെയ്തു.

ഈ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വലിയ തരംഗമാണ് സൃഷ്ടിച്ചത്. യാൻസനെതിരെ ഏത് ലെങ്തിലും ലൈനിലുമാണ് പന്തറിയേണ്ടത് എന്നാണ് വിരാട് കോഹ്ലി സ്ലിപ്പിൽ നിന്ന് കാട്ടിക്കൊടുത്തത്. ഓഫ് സ്റ്റമ്പിന് പുറത്ത് പന്തറിയണമെന്നും, ജാൻസന്റെ എഡ്ജിൽ കൊണ്ട് ക്യാച്ച് വരുമെന്നും കോഹ്ലി ആംഗ്യം കാട്ടുന്നത് വീഡിയോയിൽ കാണാം.

അടുത്ത നിമിഷം തന്നെ കോഹ്ലിയുടെ നിർദ്ദേശം സിറാജ് അനുസരിക്കുകയും, വിക്കറ്റ് കീപ്പർ രാഹുലിന് ക്യാച്ച് നൽകി യാൻസൺ മടങ്ങുകയും ചെയ്തു. വിരാട് കോഹ്ലി എന്ന താരത്തിന്റെ പരിചയസമ്പന്നതയാണ് ഈ വീഡിയോയിൽ കാണാൻ സാധിക്കുന്നത് എന്നാണ് സാമൂഹ്യ മാധ്യമങ്ങളിൽ ആരാധകർ കുറിച്ചിരിക്കുന്നത്.

മത്സരത്തിൽ ഇന്ത്യക്കായി വളരെ മികച്ച ബോളിംഗ് പ്രകടനം തന്നെയായിരുന്നു മുഹമ്മദ് സിറാജ് കാഴ്ചവെച്ചത്. ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ദക്ഷിണാഫ്രിക്കയെ പൂർണമായും വരിഞ്ഞു മുറുക്കാൻ സിറാജിന് ആദ്യ ഇന്നിംഗ്സിൽ സാധിച്ചു. ദക്ഷിണാഫ്രിക്കയുടെ ഓപ്പണർമാരെയടക്കം സിറാജ് ചെറിയ ഇടവേളയിൽ സിറാജ് പുറത്താക്കുകയുണ്ടായി.

9 ഓവറുകൾ ഇന്നിങ്സിൽ പന്തറിഞ്ഞ സിറാജ് 15 റൺസ് മാത്രം വിട്ടു നൽകി 6 വിക്കറ്റുകളാണ് സ്വന്തമാക്കിയത്. ഇത് ഇന്ത്യയ്ക്ക് മത്സരത്തിൽ വലിയ മേൽക്കോയ്മ നൽകുകയും ചെയ്തു. ഇതോടെ കേവലം 55 റൺസിന് ദക്ഷിണാഫ്രിക്ക ഓൾ ഔട്ട് ആവുകയുണ്ടായി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് മുൻനിര ബാറ്റർമാർ നൽകിയത്. രോഹിത് ശർമയും(39) ശുഭ്മാൻ ഗില്ലും(36) കോഹ്ലിയും(46) ഇന്ത്യക്കായി മികച്ച ഒരു തുടക്കം നൽകി. എന്നാൽ അത് മുതലെടുക്കുന്നതിൽ മധ്യനിര ബാറ്റർമാരും വാലറ്റ ബാറ്റർമാരും പൂർണമായും പരാജയമാവുകയായിരുന്നു.

153ന് 4 എന്ന ശക്തമായ നിലയിൽ നിന്ന് ഒരു റൺ പോലും കൂടുതൽ നേടാൻ സാധിക്കാതെ ഇന്ത്യ ഓൾഔട്ട് ആവുകയുണ്ടായി. ആദ്യ ഇന്നിങ്സിൽ 98 റൺസിന്റെ ലീഡാണ് ഇന്ത്യ സ്വന്തമാക്കിയത്.

Previous articleറണ്ണൊന്നുമെടുക്കാതെ 6 വിക്കറ്റ് നഷ്ടം. ആദ്യ ദിനം തന്നെ ഇന്ത്യയും പുറത്ത്
Next articleആദ്യ ദിനം വീണത് 23 വിക്കറ്റുകള്‍. സൗത്താഫ്രിക്ക 36 റണ്‍സിനു പുറകില്‍