വിൻഡിസ് യുവതാരങ്ങളുടെ ഹൃദയം കീഴടക്കി സിറാജ്. കളിക്കാർക്കായി സിറാജിന്റെ സമ്മാന പെരുമഴ.

കരീബിയൻ മണ്ണിൽ ടെസ്റ്റ് പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ ടീം ഇപ്പോൾ. കരീബിയൻ ദ്വീപുകളിൽ ഒന്നായ ബാർബഡോസിൽ ഇന്ത്യ ഇപ്പോൾ പരിശീലന മത്സരം നടത്തുകയാണ്. ബാർബഡോസിലെ യുവ ക്രിക്കറ്റർമാരെ ഒപ്പം കൂട്ടിയാണ് രോഹിത് ശർമയുടെ നേതൃത്വത്തിൽ ഇന്ത്യ പരിശീലന മത്സരം നടത്തുന്നത്. ഈ മത്സരത്തിനിടെ ഒരുപാട് അഭിമാനകരമായ സംഭവങ്ങൾ നടക്കുകയുണ്ടായി. ബാർബഡോസിലെ യുവതാരങ്ങൾക്ക് മുഹമ്മദ് സിറാജ് ബാറ്റുകളും ഓരോ ജോഡി ഷൂസുകളും സമ്മാനം നൽകിയതാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്.

ഈ പ്രവർത്തിയോടെ കരീബിയൻ മണ്ണിലെ ആളുകളുടെ ഹൃദയത്തിലാണ് സിറാജ് കയറി പറ്റിയിരിക്കുന്നത്. “പരിശീലന മത്സരത്തിൽ ഈ താരങ്ങൾ ഞങ്ങളെ ഒരുപാട് സഹായിക്കുകയുണ്ടായി. അതെന്നെ വളരെയധികം ആകർഷിച്ചു. ശേഷമാണ് ഞാൻ ബാറ്റും ഷൂസും സമ്മാനമായി നൽകാൻ തീരുമാനിച്ചത്.”- മുഹമ്മദ് സിറാജ് പറഞ്ഞു. സിറാജിനൊപ്പം ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷനും, കരീബിയനിലെ യുവതാരങ്ങൾക്കൊപ്പം സമയം കണ്ടെത്തുകയുണ്ടായി. യുവതാരങ്ങൾക്ക് ബാറ്റിംഗ് ടിപ്പുകൾ പറഞ്ഞു കൊടുക്കാനും അവരുടെയൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യാനും ഇഷാൻ കിഷാൻ തയ്യാറായി.

ഇന്ത്യയുടെ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ ബാർബഡോസിലെ ലോക്കൽ കളിക്കാർക്കൊപ്പം ഡ്രസ്സിംഗ് റൂമിന് പുറത്ത് സംവാദത്തിൽ ഏർപ്പെടുന്നതും കാണാമായിരുന്നു. മത്സരത്തെകുറിച്ചുള്ള തന്റെ വീക്ഷണങ്ങൾ അശ്വിൻ ഈ താരങ്ങൾക്ക് പകർന്നു നൽകുകയായിരുന്നു. ഒപ്പം രോഹിത് ശർമ, ഋതുരാജ് ഗൈക്കുവാഡ് തുടങ്ങിയവരും ലോക്കൽ കളിക്കാർക്കൊപ്പം ഡ്രസ്സിംഗ് റൂമിന് പുറത്ത് ഫോട്ടോകൾ എടുക്കുകയുണ്ടായി. ഇന്ത്യയുടെ സൂപ്പർ താരം വിരാട് കോഹ്ലി തന്റെ ആരാധകർക്കായി ഓട്ടോഗ്രാഫും നൽകി.

എന്തായാലും സിറാജിന്റെ ഈ പ്രവർത്തി വലിയ രീതിയിൽ ശ്രദ്ധ നേടിയിട്ടുണ്ട്. വളരെയധികം കഠിനാധ്വാനം ചെയ്താണ് സിറാജ് ഇന്ത്യൻ ടീമിൽ എത്തിപ്പെട്ടത്. ഓരോ യുവതാരങ്ങളുടെയും പൾസ് കൃത്യമായി മനസ്സിലാക്കാൻ സിറാജിന് സാധിക്കുന്നുണ്ട്. ഇതിന്റെ പ്രതീകം തന്നെയാണ് ഈ പ്രവർത്തികൾ സൂചിപ്പിക്കുന്നത്. സിറാജിന്റെ സർപ്രൈസ് സമ്മാനത്തിൽ അങ്ങേയറ്റം സന്തുഷ്ടനായിരിക്കുകയാണ് ബാർബഡോസിലെ യുവതാരങ്ങൾ. ജൂലൈ 12നാണ് ഇന്ത്യയുടെ വെസ്റ്റിൻഡിസിനെതിരായ ആദ്യ ടെസ്റ്റ് മത്സരം നടക്കുന്നത്.

Previous articleപൂജാരയ്ക്ക് പകരം യുവ അസ്ത്രത്തെ ആദ്യ ടെസ്റ്റിൽ കളിപ്പിക്കാൻ ഇന്ത്യ. വിൻഡിസ് കരുതിയിരുന്നോ.
Next articleഇന്ത്യന്‍ ടീമില്‍ എത്താന്‍ താന്‍ ആക്രമണ ബാറ്റിംഗ് കൈവിടില്ല. ഇന്ത്യന്‍ യുവതാരത്തിന് പറയാനുള്ളത്.