ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യന്‍ ടീമില്‍ മാറ്റം നിര്‍ദ്ദേശിച്ച് മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍. ആദ്യ മത്സരത്തില്‍ 3 റണ്‍സിന്‍റെ ഞെട്ടിക്കുന്ന തോല്‍വി ഇന്ത്യ ഏറ്റു വാങ്ങിയിരുന്നു. രണ്ടാം മത്സരത്തില്‍ വിജയത്തോടെ പരമ്പരയില്‍ തിരിച്ചെത്താനാണ് ഇന്ത്യ ശ്രമിക്കുന്നത്.
രണ്ടാം ടി20 മത്സരത്തിനു മുന്നോടിയായി ഇഷാന്‍ കിഷാന്‍റെ ഫോമില്‍ ആശങ്ക പ്രകടിപ്പിച്ചിരിക്കുകയാണ് വസീം ജാഫര്‍. ടി20 ഫോര്‍മാറ്റിലെ കണക്കുകള്‍ നിരത്തിയാണ് മുന്‍ ഇന്ത്യന്‍ താരം ചൂണ്ടികാട്ടിയിരിക്കുന്നത്. കഴിഞ്ഞ 15 ടി20 ഇന്നിംഗ്സിലായി ഒരിക്കല്‍ പോലും 40 നു മുകളില്‍ റണ്‍സ് കണ്ടെത്താനായിട്ടില്ലാ. ഇഷാന്‍ കിഷന് പകരമായി രാജസ്ഥാന്‍ റോയല്‍സ് താരം യശ്വസി ജയ്സ്വാളിനെ ഉള്‍പ്പെടുത്താനാണ് വസീം ജാഫര്‍ ആഗ്രഹിക്കുന്നത്.
ക്രിക്ക് ഇന്‍ഫോ ഷോയിലാണ് വസീം ജാഫര്‍ അഭിപ്രായപ്പെട്ടത്. ” ഞാന്‍ യശ്വസി ജയ്സ്വാളിനെ പ്ലേയിങ്ങ് ഇലവനില്‍ കാണാന്‍ ആഗ്രഹിക്കുന്നു. അവന്‍ ഓപ്പണറായി കളിക്കണം. ഇഷാന്‍ കിഷന് പകരമായി അവന്‍ വരണം ”
”ഇഷാന്‍ കിഷന്‍റെ ടി20 ഫോം എന്നെ ആശങ്കപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ 15 ഇന്നിംഗ്സില്‍ ഇതുവരെ 40 നു മുകളില്‍ സ്കോര്‍ ചെയ്തട്ടില്ലാ. കൂടാതെ സ്ട്രൈക്ക് റേറ്റും കുറവാണ്. ഇതൊരു പ്രശ്നമാണ്. ഏകദിനത്തില്‍ ഫോമിലായിരുന്നു. പക്ഷേ ഇത് വേറൊരു ഫോര്‍മാറ്റാണ്. ഒരു സാധാരണ ഐപിഎല്‍ സീസണായിരുന്നു ഇഷാന്‍റേത് ”
ഐപിഎല്ലിലെ തകര്‍പ്പന്‍ പ്രകടനത്തിനു പിന്നാലെയാണ് യശ്വസി ജയ്സ്വാളിന് ഇന്ത്യന്‍ ടീമിലേക്ക് അവസരം ലഭിച്ചത്. ടൂര്‍ണമെന്‍റില്‍ 14 മത്സരങ്ങളില്‍ നിന്നായി 625 റണ്‍സാണ് താരം സ്വന്തമാക്കിയത്.
” ഐപിഎല്ലില്‍ നന്നായി കളിച്ച താരത്തിനു എന്തുകൊണ്ട് അവസരം കൊടുത്തൂടാ ? അവന്‍ എമര്‍ജിങ്ങ് പ്ലെയര്‍ അവാര്‍ഡ് നേടി വളരെയേറെ ആത്മവിശ്വാസത്തിലാണ്. ഞാന്‍ ഈ മാറ്റം പ്രതീക്ഷിക്കുന്നുണ്ട്. ” മത്സരത്തിനു മുന്നോടിയായി വസീം ജാഫര്‍ പറഞ്ഞു.