സഞ്ജുവിനോട് ചെയ്യുന്നത് അനീതി, ഇറക്കേണ്ടത് ആറാമനായല്ല. വിമർശനവുമായി മുൻ പാക് താരം.

sanju samson run out wi

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ എല്ലാ സീസണുകളിലും വളരെ മികച്ച പ്രകടനങ്ങൾ കാഴ്ചവച്ച താരമാണ് മലയാളിയായ സഞ്ജു സാംസൺ. ട്വന്റി20 ഫോർമാറ്റിൽ വെടിക്കെട്ട് തീർത്ത് ആരാധകരെ സൃഷ്ടിച്ച പാരമ്പര്യമാണ് സഞ്ജുവിനുള്ളത്. എന്നാൽ ഇന്ത്യൻ ടീമിൽ ഇത്തരത്തിൽ മികവാർന്ന പ്രകടനങ്ങൾ പുറത്തെടുക്കാനും ഒരു ഹീറോയായി മാറാനും സഞ്ജു സാംസണ് സാധിക്കുന്നില്ല. വെസ്റ്റിൻഡീസിനെതിരായ ആദ്യ ട്വന്റി20യുടെ പ്ലേയിംഗ് ഇലവനിൽ സഞ്ജു സാംസൺ ഉണ്ടായിരുന്നു.

എന്നാൽ 12 പന്തുകൾ നേരിട്ട സഞ്ജു 12 റൺസ് മാത്രമാണ് നേടിയത്. മത്സരത്തിൽ ആറാമനായി ആയിരുന്നു സഞ്ജു സാംസൺ ഇറങ്ങിയത്. എന്നാൽ സഞ്ജുവിനെ ഇനിയും ഇന്ത്യ ഫിനിഷർ റോളിൽ കളിപ്പിക്കരുത് എന്നാണ് ആരാധകരടക്കം പറയുന്നത്. സഞ്ജുവിനെ ഇന്ത്യ മറ്റൊരു ബാറ്റിംഗ് പൊസിഷനിൽ ഇറക്കണമെന്ന അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് പാകിസ്ഥാൻ മുൻ കീപ്പർ കമ്മ്രാൻ അക്മൽ.

“സഞ്ജു സാംസൺ ഇന്ത്യൻ പ്രീമിയർ ലീഗിൽ ആറാം നമ്പരിൽ ബാറ്റിംഗിന് ഇറങ്ങുന്നത് ആരെങ്കിലും കണ്ടിട്ടുണ്ടോ? അവിടെ അയാൾ കളിക്കുന്നത് ആദ്യ നാലിലാണ്. അവിടെയാണ് ഇന്ത്യ സഞ്ജുവിന് അവസരം നൽകേണ്ടതും. നിലവിലെ ടീമിൽ രോഹിത് ശർമയേയും വിരാട് കോഹ്ലിയേയും ഫിനിഷർ റോളിൽ കളിപ്പിച്ചാൽ എങ്ങനെയിരിക്കും കാര്യങ്ങൾ?

ഒന്നോ രണ്ടോ മത്സരങ്ങളിൽ അവർക്ക് തിളങ്ങാൻ സാധിച്ചാലും ആ റോളിൽ സ്ഥിരതയോടെ മുൻപോട്ടു പോകാൻ അവർക്ക് സാധിച്ചുവെന്ന് വരില്ല. റൺസ് ചേസ് ചെയ്ത് വിജയിക്കേണ്ട മത്സരങ്ങളിൽ ഇന്ത്യയുടെ ക്യാപ്റ്റനും കോച്ചും അമിതമായ ആത്മവിശ്വാസം കാട്ടുന്നുണ്ട്. ഇന്ത്യ പിച്ചിനനുസരിച് കളിക്കണം. പരീക്ഷണങ്ങൾക്കപ്പുറം മികച്ച മുന്നൊരുക്കങ്ങളാണ് നമുക്ക് വേണ്ടത്.”- അക്മൽ പറയുന്നു.

Read Also -  മൂന്നാം നമ്പറിൽ കോഹ്ലിയ്ക്ക് പകരം സഞ്ജു, ഗില്ലും ജയസ്വാളും ഓപ്പണിങ്. ആദ്യ ട്വന്റി20യിലെ സാധ്യത ടീം.

നിലവിലെ സാഹചര്യത്തിൽ രണ്ടാം ട്വന്റി20യിലും സഞ്ജുവിനെ ഇന്ത്യ ഫിനിഷർ റോളിൽ കളിപ്പിക്കാനാണ് സാധ്യത. ഒരു പക്ഷേ നാലാം നമ്പറിൽ ബാറ്റിംഗിനിറങ്ങിയെങ്കിൽ സഞ്ജുവിന് കുറച്ചുകൂടി മികവ് പുലർത്താൻ സാധിച്ചേനെ. പക്ഷേ ഇപ്പോഴത്തെ സാഹചര്യത്തിൽ നാലാം നമ്പറിൽ സൂര്യകുമാർ യാദവാണ് ബാറ്റ് ചെയ്യുന്നത്. ഇത് സഞ്ജുവിന്റെ പ്രകടനത്തെ ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ മത്സരത്തിൽ മികച്ച തുടക്കം ലഭിച്ചെങ്കിലും വളരെ ദൗർഭാഗ്യകരമായ രീതിയിൽ സഞ്ജു പുറത്താവുകയായിരുന്നു. ഇത് മത്സരഫലത്തെയും ബാധിക്കുകയുണ്ടായി.

സഞ്ജുവിന്റെ കഴിവുകളെ ഇന്ത്യ വേണ്ടവിധത്തിൽ ഉപയോഗിക്കുന്നില്ല എന്നതിനെപ്പറ്റി ഒരുപാട് വിമർശനങ്ങൾ ഇതിനോടൊപ്പം തന്നെ ഉയർന്നിട്ടുണ്ട്. അതോടൊപ്പം സഞ്ജുവിന് ഇന്ത്യ തുടർച്ചയായി മത്സരങ്ങൾ നൽകുന്നില്ല എന്ന വിമർശനങ്ങളും കുറവല്ല. എന്തായാലും 2024ൽ ട്വന്റി20 ലോകകപ്പടക്കം വരാനിരിക്കുന്ന സാഹചര്യത്തിൽ സഞ്ജുവിന്റെ വരും ദിവസങ്ങളിലെ പ്രകടനം വളരെ നിർണായകമാണ്. വിൻഡീസിനെതിരെ 4 ട്വന്റി20 മത്സരങ്ങളും അയർലണ്ടിനെതിരെ 3 മത്സരങ്ങളും ഇനിയും ഇന്ത്യക്കുണ്ട്. ഈ മത്സരങ്ങളിൽ സഞ്ജു മികവുപുലർത്തേണ്ടതുണ്ട്.

Scroll to Top