ഇന്ത്യയുടെ വെസ്റ്റിൻഡീസിനെതിരായ മൂന്നാം മത്സരത്തിൽ വളരെ വ്യത്യസ്തമായ രീതിയിലാണ് സഞ്ജു സാംസൺ കളിച്ചത്. തന്റെ സ്വതസിദ്ധമായ ശൈലിയിൽ ആദ്യ പന്തു മുതൽ ആക്രമണം അഴിച്ചുവിടാനാണ് സഞ്ജു സാംസൺ മത്സരത്തിൽ ശ്രമിച്ചത്.
ഇത്തരത്തിൽ മത്സരത്തിൽ മികച്ച ഒരു അർധസെഞ്ച്വറി സ്വന്തമാക്കാനും സഞ്ജുവിന് സാധിച്ചു. എന്നിരുന്നാലും സഞ്ജുവിന്റെ ഈ മനോഭാവത്തിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുൻ ഓപ്പണർ വസീം ജാഫർ. ഇത്തരത്തിൽ നാലാം നമ്പറിൽ സഞ്ജു ബാറ്റ് ചെയ്യുമ്പോൾ അതിൽ വലിയൊരു അപകടം പതിയിരിപ്പുണ്ട് എന്നാണ് ജാഫർ പറയുന്നത്.
മത്സരത്തിൽ നേരിട്ട രണ്ടാം പന്തിൽ തന്നെ സഞ്ജു സിക്സർ അടിച്ചിരുന്നു. എന്നാൽ നാലാം നമ്പറിൽ ബാറ്റിംഗിനിറങ്ങിയ ഒരു ബാറ്റർ ഇത്ര അപകടകരമായ ഷോട്ടുകൾ ആ സമയത്ത് കളിക്കാൻ പാടില്ലായിരുന്നു എന്നാണ് ജാഫറിന്റെ അഭിപ്രായം. അങ്ങനെ കളിക്കുന്ന പക്ഷം സഞ്ജു ഏതുനിമിഷവും പുറത്താവാൻ സാധ്യതയുണ്ടെന്നും, അത് അയാൾക്ക് വലിയൊരു വെല്ലുവിളിയായി മാറുമേന്നും ജാഫർ പറഞ്ഞു.
“മത്സരത്തിൽ സഞ്ജു സാംസൺ വളരെ മനോഹരമായാണ് ബാറ്റ് ചെയ്തത്. പക്ഷേ സഞ്ജുവിന്റെ ഇന്നിംഗ്സ് ഒരുപാട് അപകടങ്ങൾ നിറഞ്ഞതായിരുന്നു എന്ന് പറയാതിരിക്കാനാവില്ല. ക്രീസിലെത്തിയ ഉടൻ തന്നെ സഞ്ജു സിക്സർ അടിക്കാനാണ് ശ്രമിച്ചത്. എന്തായാലും അയാളുടെ ഭാഗ്യത്തിന് ആദ്യ രണ്ട് സിക്സറുകളും നന്നായി കണക്ട് ചെയ്യാൻ സാധിച്ചു. ഒരുപക്ഷേ ആ സമയത്ത് ടൈമിംഗ് കൃത്യമായി ലഭിച്ചിരുന്നില്ലെങ്കിൽ സഞ്ജു പുറത്താവുമായിരുന്നു. അത് ഈ മനോഭാവത്തിന്റെ ഏറ്റവും വലിയ പ്രശ്നം തന്നെയാണ്. നാലാം നമ്പറിലെത്തുന്ന ഒരു ബാറ്റർ ഇത്രയും റിസ്ക് തുടക്കത്തിൽ എടുക്കേണ്ടതുണ്ടോ എന്നത് ഒരു ചോദ്യചിഹ്നമാണ്.”- ജാഫർ പറയുന്നു.
“ഒരുപക്ഷേ ഇത്തരത്തിൽ ക്രീസിലെത്തിയ ഉടനെ അടിച്ചു തകർക്കാൻ ഇന്ത്യൻ ടീം മാനേജ്മെന്റ് സഞ്ജുവിന് അനുമതി നൽകിയിട്ടുണ്ടെങ്കിൽ യാതൊരു പ്രശ്നവുമില്ല. പക്ഷേ ആക്രമണത്തിലുപരിയായി സ്ഥിരത ഒരു പ്രധാനപ്പെട്ട കാര്യമാണെന്ന് സഞ്ജു തിരിച്ചറിയേണ്ടതുണ്ട്. മികച്ച ബാറ്റിംഗ് പ്രകടനങ്ങൾ പുറത്തെടുക്കേണ്ടത് ആറോ ഏഴോ ഇന്നിംഗ്സിൽ ഒരുതവണ മാത്രം ആവരുത്. എല്ലാ മത്സരത്തിലും മികവ് പുലർത്താൻ സാധിക്കണം. അതുതന്നെയാണ് എന്റെ ആശങ്കയും.”- വസീം ജാഫർ കൂട്ടിച്ചേർക്കുന്നു.
“ഇന്ത്യൻ പ്രീമിയർ ലീഗിലും ഈ തരത്തിൽ സഞ്ജു കളിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഈ മനോഭാവം തുടരുമ്പോഴൊക്കെയും സഞ്ജു ഒന്നോ രണ്ടോ ഇന്നിംഗ്സുകൾക്ക് ശേഷം മോശം പ്രകടനങ്ങൾ ആവർത്തിക്കുകയാണ് ചെയ്യുന്നത്. കഴിഞ്ഞ സമയങ്ങളിലെ സഞ്ജു സാംസന്റെ ഏറ്റവും വലിയ പ്രശ്നങ്ങളും ഇതുതന്നെയാണ്. ഇതിൽ നിന്നൊക്കെയും സഞ്ജു പാഠം ഉൾക്കൊള്ളും എന്നാണ് ഞാൻ കരുതുന്നത്.”- ജാഫർ പറഞ്ഞുവയ്ക്കുന്നു.