ട്രോഫി എന്റെ കയ്യിലല്ല തരേണ്ടത്, അവനാണ് അർഹൻ. വീണ്ടും ആരാധകഹൃദയം കവർന്ന് സഞ്ജു സാംസൺ.

F2fVJB aIAAIK50 e1691051244580

വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിൽ 2-1ന്റെ തകർപ്പൻ വിജയം തന്നെയാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യ മത്സരത്തിൽ ഇന്ത്യ വിജയിച്ചപ്പോൾ, രണ്ടാം മത്സരത്തിൽ വിൻഡീസിന്റെ തിരിച്ചുവരവാണ് കാണാൻ സാധിച്ചത്. എന്നാൽ മൂന്നാം മത്സരത്തിൽ എല്ലാ ഇന്ത്യൻ ബാറ്റർമാരും തങ്ങളുടെ കഴിവ് പുറത്തെടുത്തപ്പോൾ ഇന്ത്യ 200 റൺസിന് വിജയം കാണുകയായിരുന്നു. ഇതോടെയാണ് പരമ്പര ഇന്ത്യ സ്വന്തമാക്കിയത്.

പരമ്പരയിൽ ആദ്യ മത്സരത്തിൽ ഇന്ത്യയെ നയിച്ചത് രോഹിത് ശർമയും, പിന്നീടുള്ള രണ്ടു മത്സരങ്ങളിൽ ഹർദിക് പാണ്ട്യയുമായിരുന്നു. അതിനാൽ മൂന്നാം മത്സരത്തിൽ വിജയം നേടി പരമ്പര സ്വന്തമാക്കിയതോടെ ട്രോഫി ഏറ്റുവാങ്ങിയത് ഹർദിക് പാണ്ട്യയാണ്. ട്രോഫി കൈപ്പറ്റിയ ശേഷം ഫോട്ടോയ്ക്ക് പോസ് ചെയ്യാനെത്തിയ ഹർദിക് പാണ്ട്യ സഞ്ജുവിന് നേരെ ട്രോഫി നീട്ടുകയുണ്ടായി. എന്നാൽ ട്രോഫി വാങ്ങാൻ സഞ്ജു തയ്യാറായില്ല. ഇതാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത്.

തനിക്കല്ല ട്രോഫി നൽകേണ്ടത്, യുവതാരങ്ങളിൽ ഒരാളായ മുകേഷ് കുമാറിനാണ് എന്നാണ് സഞ്ജു അഭിപ്രായം പ്രകടിപ്പിച്ചത്. അതിനാൽ തന്നെ ഹർദിക് മുകേഷ് കുമാറിന് ട്രോഫി കൈമാറുകയും ചെയ്തു. വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലൂടെയാണ് ഇന്ത്യൻ ടീമിലേക്ക് മുകേഷ് കുമാർ വന്നെത്തിയത്. മൂന്നാം മത്സരത്തിൽ ഇന്ത്യയ്ക്കായി മുകേഷ് കുമാർ മൂന്നു വിക്കറ്റ്കൾ സ്വന്തമാക്കുകയുണ്ടായി.

Read Also -  എട്ടാം വിജയവുമായി സഞ്ചുവിന്‍റെ രാജസ്ഥാന്‍ റോയല്‍സ്. പോയിന്‍റ് ടേബിളില്‍ ഒന്നാമത് തുടരുന്നു.

ഇത് ഇന്ത്യൻ വിജയത്തിൽ വലിയ പങ്കുവഹിക്കുകയും ചെയ്തു. ഇത്തരം ഏകദിന പരമ്പരയിൽ സാധാരണയായി കണ്ടുവരുന്ന ഒരു ചടങ്ങാണ് ട്രോഫി കൈമാറ്റം. ക്യാപ്റ്റന്മാർ പലപ്പോഴും യുവതാരങ്ങൾക്കാണ് ട്രോഫി കൈമാറാറുള്ളത്. ധോണി, കോഹ്ലി, രോഹിത് ശർമ തുടങ്ങിയ നായകന്മാരും ഇതുതന്നെയാണ് ചെയ്തിട്ടുള്ളത്. അതാണ് ഹർദിക് പാണ്ട്യയും ആവർത്തിക്കുന്നത്.

മത്സരത്തിൽ അർത്ഥസെഞ്ചുറി നേടി നിർണായക സമയത്ത് ഇന്ത്യയുടെ സ്കോറിങ് ഉയർത്തിയത് സഞ്ജു സാംസനാണ്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഹർദിക് പാണ്ഡ്യ ട്രോഫി സഞ്ജുവിന് കൈമാറാൻ തയ്യാറായത്. എന്നാൽ സഞ്ജു കൈ കൊണ്ട് ട്രോഫി മുകേഷിന് നൽകാൻ ആവശ്യപ്പെട്ടു. സഞ്ജുവിന്റെ ഈ മനസ്സിനെ പ്രശംസിച്ചുകൊണ്ട് ഒരുപാട് ആരാധകർ രംഗത്തെത്തുകയുണ്ടായി.

നിലവിൽ ഇന്ത്യൻ ടീമിൽ ഏറ്റവും ലാളിത്യമായി പെരുമാറുന്ന ഒരു താരമാണ് സഞ്ജു സാംസൺ. പലപ്പോഴും തന്നെക്കാൾ പ്രാധാന്യം തന്റെ ടീമിനാണ് എന്ന് സഞ്ജു തന്നെ തുറന്നടിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ സഞ്ജുവിന്റെ ഈ നിമിഷങ്ങള്‍ ഒരുപാട് ആരാധകരുടെ ഹൃദയത്തിൽ സന്തോഷമുണ്ടാക്കി.

സഞ്ജു ചെയ്തത് പല ക്രിക്കറ്റ് താരങ്ങളും ചെയ്യാൻ മടിക്കുന്ന കാര്യമാണ് എന്നാണ് ആരാധകർ കുറിച്ചിരിക്കുന്നത്. ഇത്തരം ഒരു ആവേശ നിമിഷത്തിൽ സഞ്ജുവിനെ പോലെയുള്ള താരങ്ങൾ ട്രോഫി കയ്യിലേന്തി ആഹ്ലാദം പ്രകടിപ്പിക്കാനാണ് സാധാരണ ശ്രമിക്കാറുള്ളത് എന്ന് ആരാധകർ പറയുന്നു. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തനായ സഞ്ജുവിനെ എല്ലാവരും അഭിനന്ദിക്കുകയാണ്. വളരെ പക്വതയോടെയും ക്ഷമയോടെയുമാണ് സഞ്ജു കാര്യങ്ങളെ നോക്കിക്കാണുന്നത് എന്ന് ആരാധകർ പറയുന്നു. എന്തായാലും സഞ്ജു സാംസനെ സംബന്ധിച്ച് ഒരുപാട് പോസിറ്റീവുകൾ എടുത്തു പറയാൻ സാധിക്കുന്ന ഏകദിന പരമ്പരയാണ് അവസാനിച്ചിരിക്കുന്നത്.

Scroll to Top