ലങ്കക്ക് എതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിനായി ആവേശപൂർവ്വം കാത്തിരിക്കുകയാണ് ഇന്ത്യൻ ടീമും ആരാധകരും. ഇന്ത്യയിൽ നടക്കുന്ന മൂന്നാമത്തെ മാത്രം ഡേ നൈറ്റ് ടെസ്റ്റിൽ ജയിച്ച് പരമ്പര 2-0ന് തൂത്തുവാരാം എന്നാണ് രോഹിത് ശർമ്മയും ടീമും ലക്ഷ്യമിടുന്നത്. നേരത്തെ മോഹാലി ക്രിക്കറ്റ് ടെസ്റ്റിൽ ഇന്നിങ്സിനും 222 റൺസിനും ടീം ഇന്ത്യ ജയിച്ചിരുന്നു. രണ്ടാം ടെസ്റ്റിൽ കളിക്കാൻ ഇറങ്ങുമ്പോൾ ടീം ഇന്ത്യയിൽ എന്തൊക്കെ മാറ്റങ്ങൾക്ക് ടീം മാനേജ്മെന്റ് തയ്യാറാക്കുമെന്നത് ശ്രദ്ധേമാണ്.
വിന്നിംഗ് ടീമിനെ മാറ്റാൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ് തയ്യാറാകുമോയെന്നതാണ് പ്രധാന ചോദ്യം. അതേസമയം സ്റ്റാർ ആൾറൗണ്ടർ അക്ഷർ പട്ടേൽ പരിക്ക് മാറി ടീമിനോപ്പം ചേർന്നതിനാൽ ജയന്ത് യാദവിന് പകരം താരം ടീമിലേക്ക് എത്തുമെന്നാണ് സൂചന.
എന്നാൽ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം പ്ലെയിങ് ഇലവനെ പ്രവചിക്കുകയാണ് മുൻ ഇന്ത്യൻ താരമായ വസീം ജാഫർ. ടെസ്റ്റ് കരിയറിൽ മിന്നും ഫോമിലുള്ള അക്ഷർ പട്ടേലിനെ രണ്ടാം ടെസ്റ്റിൽ കളിപ്പിക്കാൻ ഇന്ത്യൻ ടീമിന് ആഗ്രഹമുണ്ടാകുമെന്നാണ് വസീം ജാഫറുടെ അഭിപ്രായം. കരിയറിൽ കളിച്ച 5 ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി അക്ഷർ പട്ടേൽ 36 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്.’എനിക്ക് തോന്നുന്നത് ഇന്ത്യൻ ടീം ജയന്ത് യാദവിനു പകരം സിറാജിനെ ടീമിലേക്ക് എത്തിക്കുമായിരിക്കും. എന്നാൽ അക്ഷർ പട്ടേലിന്‍റെ നേട്ടങ്ങളെ നമുക്ക് മറക്കാൻ കഴിയില്ല. അതിനാൽ തന്നെ ഈ ഒരൊറ്റ പൊസിഷനിലാകും സംശയങ്ങൾ. “വസീം ജാഫർ തുറന്ന് പറഞ്ഞു.
“പിങ്ക് ബോൾ ടെസ്റ്റിൽ തീർച്ചയായും ഒരു എക്സ്ട്രാ ഫാസ്റ്റ് ബൗളർക്ക് അവസരം നൽകിയാലോയെന്നുള്ള ചർച്ചകൾ സജീവമായിയേക്കാം. എങ്കിലും അക്ഷർ പട്ടേലിന്‍റെ സ്‌ക്വാഡിലെ സാനിധ്യത്തിൽ സിറാജിനും ഒപ്പം സ്പിൻ ബൗളർ അക്ഷർ പട്ടേലും കളിക്കാൻ യോഗ്യനാണ്. ഒരു താരത്തെ കുറിച്ചാണ് ആകെയുള്ള സംശയം.സിറാജ് അല്ലെങ്കിൽ അക്ഷർ പട്ടേലില്‍ ഒരാൾ ടീമിലേക്ക് എത്തും.”വസീം ജാഫർ നിരീക്ഷിച്ചു.