സമീപകാലങ്ങളിലെ ഇന്ത്യൻ ടീം സെലക്ഷനെതിരെ രൂക്ഷ വിമർശനങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്നത്. ഇപ്പോഴിതാ വിദേശ പര്യടനങ്ങൾക്കുള്ള ഇന്ത്യൻ ടീം സെലക്ഷനെതിരെ ആഞ്ഞടിച്ചു കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം വസീം ജാഫർ. വളരെ കുറച്ച് അവസരങ്ങൾ മാത്രമാണ് ഇന്ത്യൻ യുവ താരങ്ങൾക്ക് കഴിവ് തെളിയിക്കാൻ ലഭിക്കുന്നുള്ളൂ എന്നാണ് ജാഫർ അഭിപ്രായപ്പെട്ടത്.
വളരെ കുറച്ച് അവസരങ്ങൾ മാത്രം കഴിവ് തെളിയിക്കാൻ നൽകിയാൽ താരങ്ങൾക്ക് വലിയ സമ്മർദങ്ങളാണ് ഉണ്ടാവുക. മാനേജ്മെൻ്റ് ആത്മവിശ്വാസം അർപ്പിച്ചാൽ മാത്രമാണ് അവർക്ക് മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കുകയുള്ളൂ. ദീപക് ഹൂഡ പോലെയുള്ള താരങ്ങൾ പരാജയപ്പെടുന്നതിന് കാരണം വളരെ കുറച്ച് അവസരങ്ങൾ മാത്രം ലഭിക്കുന്നത് കൊണ്ടാണ്.
നീണ്ട കരിയർ കൊടുക്കുന്ന താരങ്ങൾക്ക് ഒന്ന് രണ്ട് അവസരങ്ങൾ മാത്രമാണുള്ളത് എന്ന തോന്നൽ ഉണ്ടാകും. അവസരങ്ങൾക്കായി കാത്തിരിക്കുന്ന മറ്റൊരു കൂട്ടം മറുവശത്തുണ്ട്. 66 ശരാശരിയാണ് വെറും 10 ഏകദിന മത്സരങ്ങളിൽ നിന്ന് സഞ്ജുവിന് ഉള്ളത്. താൻ ഒരു ബഹുമുഖ ബാറ്റർ ആണെന്ന കാര്യം ദക്ഷിണാഫ്രിക്ക, വെസ്റ്റിൻഡീസ്, സിംബാബ്വെ രാജ്യങ്ങൾക്കെതിരെ ഈ വർഷം ആദ്യം നടന്ന പരമ്പരയിൽ ഫിനിഷറുടെ റോളിൽ ഇറങ്ങി താരം തെളിയിച്ചു.
ന്യൂസിലാൻഡിനെതിരെ ആദ്യ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും തൊട്ട് അടുത്ത് മത്സരത്തിൽ താരത്തെ പുറത്താക്കി. ഏകദിനത്തിൽ ആയാലും 20-20യിൽ ആയാലും അവൻ മികച്ച ഫോമിലാണ്. ഏത് പൊസിഷനിൽ ഇറങ്ങിയാലും മികച്ച പ്രകടനം പുറത്തെടുക്കുവാൻ അവന് കഴിയും. ബംഗ്ലാദേശിനെതിരായ പരമ്പരയിൽ നിന്നും സഞ്ജുവിനെയും ഹൂഡയേയും ഒഴിവാക്കിയത് അടുത്ത വർഷം നടക്കുന്ന ഏകദിന ലോകകപ്പിൽ അവരുടെ സാന്നിധ്യം സംബന്ധിച്ച് സംശയങ്ങൾ ഉയർത്തുന്നുണ്ട്.”- വസീം ജാഫർ പറഞ്ഞു