ആഷസ്സില്‍ വീണ്ടും ഒരു റണ്ണൗട്ട് വിവാദം. തകര്‍പ്പന്‍ തീരുമാനവുമായി നിതിന്‍ മേനന്‍.

ആഷസ്സ് ക്രിക്കറ്റ് പരമ്പരയിലെ അഞ്ചാം ടെസ്റ്റ് ആവേശ പൂര്‍വ്വം പുരോഗമിക്കുകയാണ്. ഇംഗ്ലണ്ടിന്‍റെ ആദ്യ ഇന്നിംഗ്സ് സ്കോറായ 283 റണ്‍സ് പിന്തുടരുകയാണ് ഓസ്ട്രേലിയ. മത്സരത്തില്‍ അംപയര്‍ നിതിന്‍ മേനന്‍റെ റണ്ണൗട്ട് തീരുമാനമാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയമായിരിക്കുന്നത്.

ക്രിസ് വോക്‌സ് എറിഞ്ഞ 74-ാം ഓവറിലെ നാലാം പന്തിലായിരുന്നു സംഭവം. സ്മിത്ത് ഡബിള്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിനിടെ ഇംഗ്ലീഷ് വിക്കറ്റ് കീപ്പര്‍ ജോണി ബെയ്‌ര്‍സ്റ്റോ സ്റ്റംപിളക്കി. ആദ്യ കാഴ്ച്ചയില്‍ സ്റ്റീവന്‍ സ്മിത്ത് റൗണ്ണൗട്ടാണ് എന്ന് മനസ്സിലായതോടെ ഇംഗ്ലണ്ട് താരങ്ങള്‍ ആഘോഷം നടത്തി. സ്റ്റീവന്‍ സ്മിത്ത് ഡ്രസിംഗ് റൂമിലേക്ക് നടക്കാനും തുടങ്ങി.

എന്നാല്‍ മൂന്നാം അംപയര്‍ നിതിന്‍ മേനന്‍ സൂക്ഷമമായി പരിശോധിച്ച് നോട്ട് ഔട്ടാണ് വിധിച്ചത്. ഇംഗ്ലീഷ് കാണികള്‍ അംപയറുടെ തീരുമാനത്തെ കൂവിയാണ് സ്വീകരിച്ചത്.

ജോണി ബെയര്‍സ്റ്റോ സ്റ്റംപ് ഇളക്കിയെങ്കിലും ബെയ്ല്‍സ് മുഴുവനായി വീണിരുന്നില്ലാ. ബെയ്ല്‍സ് വീണപ്പോഴേക്കും സ്മിത്തിന്‍റെ ഡൈവ് ക്രീസില്‍ എത്തിച്ചിരുന്നു. അംപയര്‍ നിതിന്‍ മേനന്‍റെ തീരുമാനം വലിയ ചര്‍ച്ചകള്‍ക്കാണ് വഴി വച്ചിരിക്കുന്നത്. അംപയറുടെ തീരുമാനത്തെ പ്രശംസിച്ച് ഇന്ത്യന്‍ താരം അശ്വിന്‍ എത്തിയിരുന്നു.