IPL 2024 : രോഹിത് ശര്‍മ്മ ഒരറ്റത്ത് നിന്നട്ടും മുംബൈക്ക് വിജയിക്കാനായില്ലാ. പതിരാഞ്ഞയുടെ കരുത്തില്‍ ചെന്നൈക്ക് വിജയം.

dhoni rutu csk

ഐപിഎല്ലിലെ എൽ ക്ലാസിക്കോ പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനെ പരാജയപ്പെടുത്തി ചെന്നൈ സൂപ്പർ കിംഗ്സ്. മത്സരത്തിൽ 20 റൺസിന്റെ വിജയമാണ് ചെന്നൈ സ്വന്തമാക്കിയത്. ബാറ്റിംഗിൽ ചെന്നൈക്കായി തിളങ്ങിയത് നായകൻ ഋതുരാജും ശിവം ദുബേയും ആയിരുന്നു.

ബോളിങ്ങിൽ മതീഷ പതിരാന മികവ് പുലർത്തിയപ്പോൾ ചെന്നൈ വിജയം സ്വന്തമാക്കി. മറുവശത്ത് രോഹിത് ശർമ ഒരു തകർപ്പൻ സെഞ്ച്വറി സ്വന്തമാക്കിയെങ്കിലും മറ്റു ബാറ്റർമാരിൽ നിന്ന് വലിയ പിന്തുണ ലഭിക്കാതിരുന്നത് മുംബൈയെ ബാധിച്ചു. ഈ സീസണിലെ തങ്ങളുടെ നാലാം വിജയമാണ് ചെന്നൈ മത്സരത്തിൽ നേടിയിരിക്കുന്നത്.

മത്സരത്തിൽ ടോസ് നേടിയ മുംബൈ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. അത്ര മികച്ച തുടക്കമായിരുന്നില്ല ചെന്നൈക്ക് ലഭിച്ചത്. തുടക്കത്തിൽ രഹാനെയും(5) രചിൻ രവീന്ദ്രയും(21) റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടി. എന്നാൽ നായകൻ ഋതുരാജ് ക്രീസിൽ എത്തിയതോടെ കളി മാറി. ചെന്നൈയ്ക്ക് ആവശ്യമായ രീതിയിൽ റൺസ് കണ്ടെത്താൻ ഋതുരാജിന് സാധിച്ചു.

കേവലം 33 പന്തുകളിൽ നിന്നാണ് ഋതുരാജ് മത്സരത്തിൽ തന്റെ അർത്ഥസെഞ്ച്വറി നേടിയെടുത്തത്. ശേഷം ശിവം ദുബെയും ആക്രമണം അഴിച്ചുവിട്ടതോടെ ചെന്നൈ മികച്ച സ്കോറിലേക്ക് കുതിക്കുകയായിരുന്നു. ഋതുരാജ് മത്സരത്തിൽ 40 പന്തുകളിൽ 5 ബൗണ്ടറികളും 5 സിക്സറുകളും അടക്കം 69 റൺസാണ് നേടിയത്.

ദുബെ 38 പന്തുകളിൽ 10 ബൗണ്ടറികളും 2 സിക്സറുകളുമടക്കം 66 റൺസ് നേടി. ഒപ്പം അവസാന ഓവറിൽ 4 പന്തുകളിൽ 20 റൺസ് നേടിയ മഹേന്ദ്ര സിംഗ് ധോണിയുടെ വെടിക്കെട്ട് കൂടിയായതോടെ ചെന്നൈ സൂപ്പർ കിംഗ്സ് അനായാസം 200 റൺസ് പിന്നിടുകയായിരുന്നു.

See also  സഞ്ജു മാജിക്. കിടിലൻ ത്രോയിൽ ലിവിങ്സ്റ്റൺ പുറത്ത്. (വീഡിയോ)

മത്സരത്തിൽ നിശ്ചിത 20 ഓവറുകളിൽ 4 വിക്കറ്റ് നഷ്ടത്തിൽ 206 റൺസാണ് ചെന്നൈ നേടിയത്. മറുപടി ബാറ്റിംഗ് ആരംഭിച്ച മുംബൈയ്ക്ക് ഒരു തട്ടുപൊളിപ്പൻ തുടക്കമാണ് രോഹിത് ശർമയും ഇഷാൻ കിഷനും നൽകിയത്. ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് 70 റൺസിന്റെ വമ്പൻ കൂട്ടുകെട്ട് കെട്ടിപ്പടുക്കുകയുണ്ടായി.

കിഷൻ മത്സരത്തിൽ 15 പന്തുകളിൽ 23 റൺസാണ് നേടിയത്. പക്ഷേ മതിഷാ പതിരാന ബോളിംഗ് ക്രീസിൽ എത്തിയതോടെ കിഷൻ വീണു. തൊട്ടുപിന്നാലെ വലിയ പ്രതീക്ഷയായിരുന്ന സൂര്യകുമാർ യാദവും(0) കൂടാരം കയറിയതോടെ മുംബൈ പതറി. തിലക് വർമ മത്സരത്തിൽ പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും പതിരാനയുടെ മുൻപിൽ അടിയറവു പറയുകയായിരുന്നു.

ഇങ്ങനെ വളരെ മികച്ച സാഹചര്യത്തിൽ നിന്ന് മുംബൈ മോശം അവസ്ഥയിലേക്ക് നീങ്ങി. പക്ഷേ ഒരുവശത്ത് രോഹിത് ശർമ ക്രീസിലുറച്ചത് മുംബൈയ്ക്ക് പ്രതീക്ഷകൾ നൽകി. 30 പന്തുകളിൽ തന്റെ അർത്ഥസെഞ്ച്വറി പൂർത്തീകരിക്കാൻ രോഹിതിന് സാധിച്ചു.

ശേഷം 61 പന്തുകളിൽ നിന്ന് തന്റെ സെഞ്ച്വറി പൂർത്തീകരിക്കാനും രോഹിത്തിന് സാധിച്ചു. എന്നാൽ അവസാന ഓവറിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ബോളർമാർ ശക്തമായ തിരിച്ചു വരവ് നടത്തുകയായിരുന്നു. മുംബൈയെ പൂർണമായും വരിഞ്ഞു മുറുകാന്‍ ചെന്നൈയുടെ ബോളർമാർക്ക് സാധിച്ചു.

ഇതിന് നേതൃത്വം നൽകിയത് പാതിരാന തന്നെയായിരുന്നു. മത്സരത്തിൽ 4 ഓവറുകളിൽ 28 റൺസ് മാത്രം വിട്ടു നൽകിയ പതിരാനാ 4 വിക്കറ്റുകളാണ് നേടിയത്. ഇതോടെ ചെന്നൈ മത്സരത്തിൽ 20 റൺസിന്റെ വമ്പൻ വിജയവും സ്വന്തമാക്കി.

Scroll to Top