ഇംഗ്ലണ്ടിനെതിരെ രണ്ടാം ടി20യിലെ വിജയത്തിന് ഭംഗി കൂട്ടി നായകൻ വിരാട് കോലിയുടെ മറ്റൊരു മികച്ച ബാറ്റിംഗ് പ്രകടനം .ഏറെ നാളത്തെ ഫോം ഔട്ടിന് ശേഷം താരം ബാറ്റിങ്ങിലെ തന്റെ മികവ് തിരിച്ചുപിടിച്ചപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾക്ക് അത് ഇരട്ടി മധുരമായി .
മൊട്ടേറയിൽ നായകൻ വിരാട് കോഹ്ലി ഒരു അപൂർവ്വ റെക്കോർഡ് കൂടി സ്വന്തം പേരില്‍ കൂട്ടിച്ചേര്‍ത്തു. ടി20 ക്രിക്കറ്റില്‍ 3000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ ക്രിക്കറ്റ് താരമായിരിക്കുകയാണ് കോലി. മത്സരത്തിന് ഇറങ്ങും മുമ്പ് 2928 റൺസാണ് വിരാട് കോലിയുടെ അക്കൗണ്ടിലുണ്ടായിരുന്നത്. ഇന്ന് 73 റണ്‍സ് നേടിയതോടെ മൊത്തത്തില്‍ 3001 റണ്‍സായി കോലിക്ക്.അന്താരാഷ്ട്ര ടി:20 ക്രിക്കറ്റിൽ 3000 റൺസ് ക്ലബ്ബിൽ ഇടം നേടുന്ന ആദ്യ താരമായി ഇതോടെ വിരാട് കോഹ്ലി .
കരിയറിൽ 87 മത്സരങ്ങളില്‍ നിന്നാണ് കോഹ്ലി 3001 റൺസ് അടിച്ചെടുത്തത് .50.86 ശരാശരിയിൽ റൺസ് കണ്ടെത്തുന്ന താരം 138.35 പ്രഹരശേഷിയിലാണ് ടി:20യിൽ ബാറ്റേന്തുന്നത് .പുറത്താവാതെ നേടിയ 94 റണ്‍സാണ് കോലിയുടെ ഉയര്‍ന്ന സ്‌കോര്‍. ടി20 മത്സരങ്ങളില്‍ സെഞ്ചുറി ഇല്ലെങ്കിലും 26 അര്‍ധ സെഞ്ചുറികള്‍ അദ്ദേഹം നേടിയിട്ടുണ്ട്. മൂന്ന് ഫോര്‍മാറ്റിലും 50ല്‍ കൂടുതല്‍ ശരാശരിയുള്ള ഏക താരമാണ് കോലി.
അതേസമയം അന്താരാഷ്ട്ര ടി20യില്‍ ആദ്യം 1000 റൺസ് പൂര്‍ത്തിയാക്കിയത് മുന്‍ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ ബ്രണ്ടൻ മക്കല്ലമാണ്. 2000 പൂര്‍ത്തിയാക്കിയതും മക്കല്ലം തന്നെ. 3000 കോലിയുടെ പേരിലായി.നായകൻ കോഹ്‌ലിക്ക് തൊട്ട് പിറകെ ഈ നേട്ടം സ്വന്തമാക്കുവാൻ ഇന്ത്യയുടെ സ്റ്റാർ ഓപ്പണർ രോഹിത് ശർമയും ഉണ്ട് .ടീം മാനേജ്‌മന്റ് വിശ്രമം അനുവദിച്ചതിനെ തുടർന്ന് രോഹിത് ആദ്യ 2 ടി:20 മത്സരങ്ങൾ കളിച്ചിരുന്നില്ല .