2023 ഏകദിന ലോകകപ്പിന്റെ ഫൈനൽ മത്സരത്തിനിടെ ഒരു അത്യുഗ്രൻ റെക്കോർഡ് സ്വന്തമാക്കി സൂപ്പർ താരം വിരാട് കോഹ്ലി. ഏകദിന ലോകകപ്പിൽ ഏറ്റവുമധികം റൺസ് നേടിയ താരം എന്ന റെക്കോർഡിൽ രണ്ടാം സ്ഥാനത്തെത്താൻ വിരാട് കോഹ്ലിക്ക് മത്സരത്തിലെ പ്രകടനത്തിലൂടെ സാധിച്ചിട്ടുണ്ട്.
ഓസ്ട്രേലിയയുടെ മുൻ നായകൻ റിക്കി പോണ്ടിങ്ങിനെ മറികടന്നാണ് കോഹ്ലി ഈ സുവർണ്ണ നേട്ടം കൈവരിച്ചത്. ഇന്ത്യയുടെ തന്നെ ഇതിഹാസ താരമായ സച്ചിൻ ടെണ്ടുൽക്കർ മാത്രമാണ് ഇനി ഈ ലിസ്റ്റിൽ വിരാട് കോഹ്ലിക്ക് മുൻപിലുള്ളത്. എന്നാൽ കോഹ്ലിയും സച്ചിനും തമ്മിൽ വലിയൊരു വ്യത്യാസം തന്നെ നിലനിൽക്കുന്നുണ്ട്.
മത്സരത്തിൽ തന്റെ ഇന്നിംഗ്സിന്റെ ആദ്യസമയത്ത് തന്നെ ഈ റെക്കോർഡ് മറികടക്കാൻ കോഹ്ലിക്ക് സാധിച്ചു. ലോകകപ്പിൽ 44 ഇന്നിംഗ്സുകളിൽ നിന്ന് 2278 റൺസ് സ്വന്തമാക്കിയാണ് സച്ചിൻ ടെണ്ടുൽക്കർ ഏറ്റവുമധികം റൺസ് സ്വന്തമാക്കിയവരുടെ ലിസ്റ്റിൽ ആദ്യ സ്ഥാനത്ത് നിൽക്കുന്നത്. ഇതുവരെ ലോകകപ്പുകളിൽ 37 ഇന്നിങ്സുകളിൽ നിന്ന് 1770 റൺസ് സ്വന്തമാക്കിയ വിരാട് കോഹ്ലി ലിസ്റ്റിൽ രണ്ടാം സ്ഥാനത്തേക്ക് കുതിപ്പ് നടത്തിയിട്ടുണ്ട്.
ലോകകപ്പുകളിൽ 42 ഇന്നിങ്സുകളിൽ നിന്ന് 1743 റൺസ് സ്വന്തമാക്കിയ ഓസ്ട്രേലിയൻ നായകൻ റിക്കി പോണ്ടിംഗ് ലിസ്റ്റിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്നു. 28 ലോകകപ് ഇന്നിങ്സുകളിൽ നിന്ന് 1575 റൺസ് സ്വന്തമാക്കിയ ഇന്ത്യൻ നായകൻ രോഹിത് ശർമയാണ് ഈ ലിസ്റ്റിൽ നാലാം സ്ഥാനത്ത്. 35 ഇന്നിങ്സുകളിൽ നിന്ന് 1532 റൺസ് സ്വന്തമാക്കിയ ശ്രീലങ്കൻ മുൻ നായകൻ സംഗക്കാര ലിസ്റ്റിൽ അഞ്ചാം സ്ഥാനത്ത് നിലകൊള്ളുന്നു.
Player | Inns | Runs | Ave |
---|---|---|---|
SR Tendulkar (IND) | 44 | 2278 | 56.95 |
V Kohli (IND) | 37 | 1777 | 61.27 |
RT Ponting (AUS) | 42 | 1743 | 45.86 |
RG Sharma (IND) | 28 | 1575 | 60.57 |
ഫൈനൽ മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ ഓപ്പൺ ഗില്ലിന്റെ (4)വിക്കറ്റ് നഷ്ടമായി. എന്നാൽ രോഹിത് ശർമ ഇന്ത്യക്ക് മത്സരത്തിൽ വെടിക്കെട്ട് തുടക്കമാണ് നൽകിയത്.
പവർപ്ലേ ഓവറുകളിൽ ഓസ്ട്രേലിയയെ സമ്മർദ്ദത്തിലാക്കാൻ ഇന്ത്യൻ നായകന് സാധിച്ചിരുന്നു. മത്സരത്തിൽ 31 പന്തുകളിൽ 4 ബൗണ്ടറികളും 3 സിക്സറുകളുമടക്കം 47 റൺസ് രോഹിത് ശർമ സ്വന്തമാക്കുകയുണ്ടായി. എന്നാൽ രോഹിത് പുറത്തായതിനു ശേഷം ഇന്ത്യ ചെറിയ രീതിയിൽ പതറുകയുണ്ടായി.
രോഹിത്തിന് പിന്നാലെ ക്രീസിലെത്തിയ ശ്രേയസ് അയ്യര്‍ കേവലം 4 റൺസ് എടുത്താണ് പുറത്തായത്. ഇതോടെ ഇന്ത്യ മത്സരത്തിൽ 81ന് 3 എന്ന നിലയിൽ പതറുന്നതാണ് കണ്ടത്. ശേഷം വിരാട് കോഹ്ലിയും കെ എൽ രാഹുലും ചേർന്നാണ് ഇന്ത്യയെ കൈപിടിച്ചു കയറ്റിയത്.
മത്സരത്തിൽ 300 നു മുകളിൽ ഒരു സ്കോർ കണ്ടെത്തി ഓസ്ട്രേലിയയെ പിടിച്ചു കെട്ടുക എന്ന ഉദ്ദേശത്തിലാണ് ഇന്ത്യ. മറുവശത്ത് ഇതുവരെ ഫീൽഡിങ്ങിനും ബോളിങ്ങിലും മികച്ച പ്രകടനങ്ങളാണ് ഓസ്ട്രേലിയ പുറത്തെടുത്തിട്ടുള്ളത്.