ബാറ്റിംഗ് പരാജയമായി. എല്ലാ പ്രതീക്ഷകളും ഇനി ബോളര്‍മാരുടെ കയ്യില്‍

kohli and rahul

2023 ഏകദിന ലോകകപ്പിന്റെ ഫൈനലിൽ ഇന്ത്യൻ ടീമിനെ ചുരുട്ടികെട്ടി ഓസ്ട്രേലിയൻ ബോളിങ് നിര. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ മത്സരത്തിൽ കേവലം 240 റൺസ് മാത്രമാണ് നേടിയത്. ഓസ്ട്രേലിയൻ ബോളർമാർ പൂർണമായും ആധിപത്യം പുലർത്തിയ മത്സരത്തിൽ ഇന്ത്യയുടെ ബാറ്റർമാർ അടിയറവ് പറയുകയായിരുന്നു.

മത്സരത്തിൽ കെഎൽ രാഹുൽ, വിരാട് കോഹ്ലി എന്നിവരാണ് ഇന്ത്യക്കായി അല്പമെങ്കിലും പിടിച്ചുനിന്നത്. ഇന്ത്യയെ സംബന്ധിച്ച് വളരെ നിരാശാജനകമായ ബാറ്റിംഗ് പ്രകടനമാണ് ഫൈനൽ മത്സരത്തിൽ കാഴ്ച വച്ചിരിക്കുന്നത്. എന്നിരുന്നാലും നിലവിലെ ശക്തമായ ബോളിംഗ് നിര ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകുന്നുണ്ട്. ആദ്യ ഓവറുകളിൽ തന്നെ വിക്കറ്റുകൾ സ്വന്തമാക്കി ഓസ്ട്രേലിയയെ സമ്മർദ്ദത്തിലാക്കിയാൽ മാത്രമേ ഇന്ത്യയ്ക്ക് വിജയം നേടാനാവൂ.

ടോസ് നഷ്ടപ്പെട്ട ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക് മികച്ച തുടക്കം തന്നെയായിരുന്നു രോഹിത് ശർമ നൽകിയത്. ഒരു വശത്ത് ഓപ്പണർ ഗില്ലിന്റെ(4) വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായെങ്കിലും മറുവശത്ത് രോഹിത് ശർമ വെടിക്കെട്ട് തീർക്കുകയായിരുന്നു. പവർപ്ലെ ഓവറുകളിൽ തന്നെ ഓസ്ട്രേലിയയെ പൂർണമായും സമ്മർദ്ദത്തിലാക്കാൻ കോഹ്ലിയ്ക്കും രോഹിത്തിനും സാധിച്ചു. രോഹിത് മത്സരത്തിൽ 31 പന്തുകളിൽ 47 റൺസാണ് നേടിയത്. ഇന്നിംഗ്സിൽ 4 ബൗണ്ടറികളും 3 സിക്സറുകളും ഉൾപ്പെട്ടു. എന്നാൽ രോഹിത് ശർമ പുറത്തായതോടെ കാര്യങ്ങൾ മാറിമറിയുകയായിരുന്നു. പിന്നാലെയെത്തിയ ശ്രേയസ് അയ്യർ കേവലം 4 റൺസിന് പുറത്തായപ്പോൾ ഇന്ത്യ 81ന് 3 എന്ന നിലയിൽ തകർന്നു.

See also  കൂകിവിളിച്ച ആരാധകരെ കൊണ്ട് കയ്യടിപ്പിക്കാൻ ഹർദിക്കിനറിയാം. പിന്തുണയുമായി ഇഷാൻ കിഷൻ.

പിന്നീട് വിരാട് കോഹ്ലിയും രാഹുലും ചേർന്ന് ഇന്നിംഗ്സ് പതിയെ മുൻപിലേക്ക് കൊണ്ടുപോവുകയായിരുന്നു. വേണ്ടരീതിയിൽ സ്കോറിംഗ് റേറ്റ് ഉയർത്താൻ ഇരുവർക്കും സാധിച്ചില്ല. കോഹ്ലി മത്സരത്തിൽ 63 പന്തുകളിൽ 54 റൺസ് നേടി. എന്നാൽ നിർണായകമായ സമയത്ത് കോഹ്ലിയും കൂടാരം കയറിയതോടെ ഇന്ത്യ കൂടുതൽ ബുദ്ധിമുട്ടിലേക്ക് നീങ്ങി.

ഒരു വശത്ത് കെ എൽ രാഹുൽ ക്രീസിലുറച്ചത് മാത്രമായിരുന്നു ഇന്ത്യയ്ക്ക് പ്രതീക്ഷയായി ഉണ്ടായിരുന്നത്. എന്നിരുന്നാലും സ്കോറിങ് റേറ്റ് വേണ്ട രീതിയിൽ ഉയർത്താൻ രാഹുലിന് സാധിച്ചതുമില്ല. മറുവശത്ത് ഓസ്ട്രേലിയൻ ബോളർമാർ പിച്ചിൽ നിന്ന് ലഭിച്ച മുഴുവൻ സഹായങ്ങളും മുതലെടുക്കുകയായിരുന്നു.

മത്സരത്തിൽ രാഹുൽ 107 പന്തുകളിൽ 67 റൺസാണ് നേടിയത്. രാഹുലിന്റെ ഇന്നിംഗ്സിൽ കേവലം ഒരു ബൗണ്ടറി മാത്രമായിരുന്നു ഉൾപ്പെട്ടത്. രാഹുൽ പുറത്തായതിനു ശേഷം ഇന്ത്യയുടെ മറ്റു ബാറ്റർമാർ ചെറിയ ഇടവേളകളിൽ തന്നെ കൂടാരം കയറുകയായിരുന്നു. ഇങ്ങനെ ഇന്ത്യൻ ഇന്നിങ്സ് കേവലം 240 റൺസിൽ ഒതുങ്ങി. ഓസ്ട്രേലിയക്കായി പേസർ മിച്ചൽ സ്റ്റാർക്ക് മൂന്നും നായകൻ കമ്മിൻസ്, ഹേസൽവുഡ് എന്നിവർ രണ്ടും വിക്കറ്റുകൾ വീഴ്ത്തുകയുണ്ടായി. ഇന്ത്യയെ സംബന്ധിച്ച് എന്ത് വില കൊടുത്തും ഈ റൺസ് പ്രതിരോധിക്കേണ്ടത് അത്യാവശ്യമാണ്.

Scroll to Top