2023 ഏകദിന ലോകകപ്പിൽ ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ഒരു അത്യുഗ്രൻസ് സെഞ്ച്വറി സ്വന്തമാക്കിയതോടെ വിരാട് കോഹ്ലി വാർത്തകളിൽ നിറഞ്ഞിരിക്കുകയാണ്. തന്റെ ഏകദിന കരിയറിലെ 48 ആം സെഞ്ച്വറിയാണ് വിരാട് കോഹ്ലി മത്സരത്തിൽ സ്വന്തമാക്കിയത്. മാത്രമല്ല ലോകകപ്പിൽ ഇന്ത്യയ്ക്ക് തുടർച്ചയായ നാലാം വിജയം സ്വന്തമാക്കാനും കോഹ്ലിയുടെ ഈ ഇന്നിംഗ്സ് സഹായിച്ചു.
വളരെ കൃത്യതയോടെ പേസ് ചെയ്ത ഒരു ഇന്നിംഗ്സായിരുന്നു മത്സരത്തിൽ കോഹ്ലി കളിച്ചത്. ഇന്ത്യൻ ഇന്നിങ്സിലെ 13ആം ഓവറിലാണ് വിരാട് കോഹ്ലി ക്രീസിലെത്തിയത്. തന്റെ ഇന്നിംഗ്സിന്റെ തുടക്കം മുതൽ വളരെ പതിയെയായിരുന്നു കോഹ്ലി കളിച്ചത്. എന്നാൽ പിന്നീട് കോഹ്ലി തന്റെ ഗിയർ മാറ്റുകയും വെടിക്കെട്ട് സൃഷ്ടിക്കുകയും ചെയ്തു. മത്സരത്തിൽ സെഞ്ച്വറി നേടിയതോടെ സച്ചിൻ ടെണ്ടുൽക്കറുടെ സെഞ്ച്വറി റെക്കോർഡിന്റെ അടുത്തെത്താൻ വിരാട് കോഹ്ലിക്ക് സാധിച്ചിട്ടുണ്ട്.
ഏകദിനങ്ങളിൽ ഏറ്റവുമധികം സെഞ്ച്വറികൾ നേടിയ ബാറ്റർ എന്ന റെക്കോർഡ് നിലവിൽ ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ പേരിലാണ്. 49 ഏകദിന സെഞ്ച്വറികളാണ് മാസ്റ്റർ ബ്ലാസ്റ്റർ നേടിയിട്ടുള്ളത്. ബംഗ്ലാദേശിനെതിരായ മത്സരത്തിൽ സെഞ്ച്വറി നേടിയതോടെ കോഹ്ലി 48 ഏകദിന സെഞ്ച്വറികളിൽ എത്തിയിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റിൽ പൂർണ്ണമായും 78 സെഞ്ച്വറുകൾ എല്ലാ ഫോർമാറ്റിനുമായി കോഹ്ലി നേടിക്കഴിഞ്ഞു. മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കർ എല്ലാ ഫോർമാറ്റിലുമായി 100 അന്താരാഷ്ട്ര സെഞ്ച്വറുകളാണ് നേടിയിട്ടുള്ളത്. ഈ ലോകകപ്പിൽ രണ്ട് സെഞ്ച്വറുകൾ കൂടി നേടുകയാണെങ്കിൽ വിരാട് കോഹ്ലിക്ക് സച്ചിൻ ടെണ്ടുൽക്കറുടെ സർവകാല റെക്കോർഡ് മറികടക്കാൻ സാധിക്കും.
മത്സരത്തിലെ പ്രകടനത്തിലൂടെ മറ്റുചില റെക്കോർഡുകളും മറികടക്കാൻ കോഹ്ലിക്ക് സാധിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവുമധികം റൺസ് സ്വന്തമാക്കിയിട്ടുള്ള താരങ്ങളിൽ നാലാം സ്ഥാനത്തെത്താൻ വിരാട് കോഹ്ലിക്ക് സാധിച്ചു. ശ്രീലങ്കൻ താരം മഹേള ജയവർധനയെ പിന്തള്ളിയാണ് ഈ ലിസ്റ്റിൽ കോഹ്ലി നാലാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. 34357 അന്താരാഷ്ട്ര റൺസ് സ്വന്തമാക്കിയിട്ടുള്ള സച്ചിൻ ടെണ്ടുൽക്കർ, 28016 റൺസ് സ്വന്തമാക്കിയിട്ടുള്ള കുമാർ സംഗക്കാര, 27483 റൺസ് സ്വന്തമാക്കിയിട്ടുള്ള റിക്കി പോണ്ടിംഗ് എന്നിവരാണ് ഈ ലിസ്റ്റിൽ വിരാട് കോഹ്ലിക്ക് മുൻപിലുള്ളത്.
മാത്രമല്ല മത്സരത്തിൽ സച്ചിൻ ടെണ്ടുൽക്കറുടെ മറ്റൊരു റെക്കോർഡും വിരാട് കോഹ്ലി ഭേദിക്കുകയുണ്ടായി. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും വേഗതയിൽ 26000 റൺസ് പൂർത്തീകരിക്കുന്ന താരം എന്ന റെക്കോർഡാണ് വിരാട് കോഹ്ലി പേരിൽ ചേർത്തിരിക്കുന്നത്. കേവലം 567 അന്താരാഷ്ട്ര ഇന്നിങ്സുകളിൽ നിന്നാണ് വിരാട് കോഹ്ലി 26000 റൺസ് പൂർത്തീകരിച്ചത്. സച്ചിൻ ടെണ്ടുൽക്കർ 601 ഇന്നിംഗ്സുകളിൽ നിന്നായിരുന്നു 26000 റൺസ് നേടിയത്. ഇത്തരത്തിൽ ഒരുപാട് റെക്കോർഡുകളാണ് മത്സരത്തിലെ വമ്പൻ ഇന്നിങ്സിലൂടെ വിരാട് മറികടന്നിരിക്കുന്നത്.