കോഹ്ലി സെഞ്ചുറി നേടാൻ സ്വാർത്ഥതയോടെ കളിച്ചു. വിമർശനങ്ങൾക്ക് ചുട്ടമറുപടിയുമായി മുൻ താരം.

F82nFHcWgAAXXQc

ബംഗ്ലാദേശിനെതിരായ മത്സരത്തിൽ വിരാട് കോഹ്ലി സെഞ്ച്വറി നേടിയതോടെ ഒരുപാട് വിമർശനങ്ങൾ ഉയരുകയുണ്ടായി. മത്സരത്തിൽ അവസാന ഓവറുകളിൽ വളരെ കണക്കുകൂട്ടലോടെ കളിച്ചായിരുന്നു വിരാട്ടിന്റെ സെഞ്ച്വറി. സെഞ്ച്വറി നേടുന്നതിനായി വിരാട് കോഹ്ലി പലപ്പോഴും സിംഗിളുകൾ പോലും ഉപേക്ഷിക്കുകയുണ്ടായി. ഇന്ത്യൻ ഇന്നിങ്സിന്റെ അവസാന മൂന്ന് ഓവറുകളിൽ 8 ഡോട്ട് ബോളുകളാണ് കോഹ്ലി കളിച്ചത്.

എന്നിരുന്നാലും നേരിട്ട അവസാന 20 പന്തുകളില്‍ 30 റൺസ് നേടാൻ വിരാട് കോഹ്ലിക്ക് സാധിച്ചു. ഇത്തരത്തിൽ കോഹ്ലി 73ൽ നിന്ന് 103ൽ എത്തുകയും, തന്റെ 48ആം സെഞ്ചുറി പൂർത്തീകരിക്കുകയുമാണ് ചെയ്തത്. ഇതിനുശേഷം ഒരുകൂട്ടം ആരാധകർ കോഹ്ലിയുടെ ഇന്നിംഗ്സിനെതിരെ രംഗത്തെത്തിയിരുന്നു. കോഹ്ലി വളരെ സ്വാർത്ഥയുമായാണ് മത്സരത്തിൽ കളിച്ചത് എന്നാണ് ആരാധകർ പറഞ്ഞത്.

കോഹ്ലി മത്സരത്തിൽ തന്റെ സെഞ്ച്വറിക്കായി മാത്രം കളിച്ചതിനാൽ ഇന്ത്യയ്ക്ക് കുറച്ച് നെറ്റ് റൺറേറ്റ് നഷ്ടപ്പെട്ടു എന്ന് ചില ആരാധകർ പറയുകയുണ്ടായി. വിരാടിന്റെ മത്സരത്തിലെ സമീപനത്തെ ചോദ്യം ചെയ്തുകൊണ്ടാണ് ട്വിറ്ററിലടക്കം ആരാധകർ രംഗത്തെത്തിയത്. എന്നാൽ ഇതിനെതിരെ ശക്തമായ പ്രതികരണം അറിയിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ക്രിസ് ശ്രീകാന്ത്. മത്സരത്തിൽ വിരാട് കോഹ്ലിക്ക് അർഹിച്ച സെഞ്ച്വറിയാണ് ലഭിച്ചതെന്നും, അതിനെ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും ശ്രീകാന്ത് പറയുന്നു. കോഹ്ലിയുടെ മനോഭാവത്തിൽ യാതൊരുതര തെറ്റുമില്ല എന്നാണ് ശ്രീകാന്ത് പറഞ്ഞത്.

See also  അവസാന ഓവറില്‍ പഞ്ചാബിനു വിജയിക്കാന്‍ 29 റണ്‍സ്. ഹൈദരബാദ് വിജയിച്ചത് 2 റണ്‍സിനു

“കോഹ്ലി എന്ത് തെറ്റ് ചെയ്തു എന്നാണ് എല്ലാവരും പറയുന്നത്? ക്രിക്കറ്റ് എന്താണെന്ന് മനസ്സിലാക്കാത്ത ആളുകളാണ് ഇത്തരം കാര്യങ്ങൾ സംസാരിക്കുന്നത്. ലോകകപ്പിൽ ഒരു സെഞ്ച്വറി നേടുക എന്നത് വലിയൊരു കാര്യം തന്നെയാണ്. മത്സരത്തിൽ വിരാട് കോഹ്ലി സെഞ്ച്വറി അർഹിച്ചിരുന്നു. അതിന് രാഹുൽ വലിയ രീതിയിലുള്ള പിന്തുണയും നൽകി. ചെന്നൈയിൽ ഓസ്ട്രേലിയക്കെതിരായ നടന്ന മത്സരത്തിൽ രാഹുലും ഇത്തരത്തിൽ സെഞ്ച്വറി അർഹിച്ചിരുന്ന താരമാണ്. നമ്മൾ നിമിഷങ്ങൾ ആസ്വദിക്കുകയാണ് ചെയ്യേണ്ടത്.”- ശ്രീകാന്ത് തന്റെ ട്വിറ്റർ അക്കൗണ്ടിൽ കുറിച്ചു. ഒരുപാട് കോഹ്ലി വിമർശകർക്കുള്ള മറുപടിയായിട്ടാണ് ശ്രീകാന്ത് ഇക്കാര്യം ബോധിപ്പിച്ചിരിക്കുന്നത്.

മത്സരത്തിൽ ഒരു നിർണായക സമയത്തായിരുന്നു വിരാട് കോഹ്ലി ക്രീസിലെത്തിയത്. ഇന്ത്യക്കായി ആദ്യ സമയങ്ങളിൽ വളരെ പക്വതയോടെയാണ് വിരാട് കളിച്ചത്. എന്നാൽ അവസാന നിമിഷങ്ങളിൽ കോഹ്ലി വലിയ രീതിയിൽ തന്റെ സ്കോറിങ് ഉയർത്തുകയുണ്ടായി. മത്സരത്തിൽ 97 പന്തുകൾ നേരിട്ടായിരുന്നു കോഹ്ലി തന്റെ സെഞ്ച്വറി പൂർത്തീകരിച്ചത്. 6 ബൗണ്ടറികളും 4 പടുകൂറ്റൻ സിക്സറുകളും കോഹ്ലിയുടെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു. മാത്രമല്ല മത്സരത്തിൽ 51 പന്തുകൾ ബാക്കിനിൽക്കെ ഇന്ത്യയെ വിജയത്തിൽ എത്തിക്കാനും കോഹ്ലിക്ക് സാധിച്ചു.

Scroll to Top