സച്ചിനെ മറികടന്ന് കോഹ്ലി എലൈറ്റ് ക്ലബ്ബിൽ. ഏറ്റവും വേഗത്തിൽ 14000 റൺസ്.

ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിലെ പാക്കിസ്ഥാനെതിരായ മത്സരത്തിനിടെ ഒരു അവിസ്മരണീയ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യയുടെ സൂപ്പർ താരം വിരാട് കോഹ്ലി. ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗതയിൽ 14,000 റൺസ് പൂർത്തീകരിക്കുന്ന താരം എന്ന റെക്കോർഡാണ് വിരാട് കോഹ്ലി മത്സരത്തിൽ സ്വന്തമാക്കിയത്.

മുൻപ് ഇന്ത്യയുടെ ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറുടെ പേരിലായിരുന്നു ഈ റെക്കോർഡ്. ഇപ്പോൾ സമീപകാലത്തെ മികച്ച പ്രകടനങ്ങളിലൂടെ കോഹ്ലി ഇത് മറികടന്നിരിക്കുകയാണ്. 287 ഏകദിന ഇന്നിങ്സുകളിൽ നിന്നാണ് വിരാട് കോഹ്ലി ഏകദിന ക്രിക്കറ്റിലെ തന്റെ 14,000 റൺസ് പൂർത്തീകരിച്ചത്.

അതേസമയം സച്ചിൻ ടെണ്ടുൽക്കർ 350 ഇന്നിംഗ്സുകൾ കളിച്ച ശേഷമായിരുന്നു 14000 റൺസിലെത്തിയത്. ഈ ലിസ്റ്റിൽ മൂന്നാം സ്ഥാനത്തുള്ളത് ശ്രീലങ്കയുടെ ഇതിഹാസ താരം കുമാർ സംഗക്കാരയാണ്. 378 ഏകദിന മത്സരങ്ങൾ കളിച്ചാണ് കുമാര്‍ സംഗക്കാര 140000 ഏകദിന റൺസ് സ്വന്തമാക്കിയത്.

സച്ചിനും സംഗക്കാരയ്ക്കും ശേഷം ഏകദിന ക്രിക്കറ്റിൽ 14000 റൺസ് സ്വന്തമാക്കുന്ന മൂന്നാമത്തെ ബാറ്ററായി ഇതോടെ കോഹ്ലി മാറിയിട്ടുണ്ട്. ഏകദിന ക്രിക്കറ്റിൽ 13000 റൺസിൽ നിന്ന് 14000 റൺസിലെത്താൻ കോഹ്ലിക്ക് ആവശ്യമായി വന്നത് കേവലം 10 ഇന്നിങ്സ്കൾ മാത്രമാണ്.

2023 സെപ്റ്റംബറിലായിരുന്നു കോഹ്ലി ഏകദിന ക്രിക്കറ്റിലെ തന്റെ 13,000 റൺസ് പൂർത്തീകരിച്ചത്. എന്തായാലും കോഹ്ലിയെ സംബന്ധിച്ച് ഒരു വലിയ നേട്ടം തന്നെയാണ്. ഇന്ത്യയുടെ പാക്കിസ്ഥാനെതിരായ മത്സരത്തിലേക്ക് കടന്നുവന്നാൽ മികച്ച തുടക്കം തന്നെയാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. മത്സരത്തിൽ ടോസ് നേടിയ പാകിസ്ഥാൻ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. തുടക്കം മുതൽ പാക്കിസ്ഥാൻ ബാറ്റിംഗ് നിരയെ പിടിച്ചു കെട്ടുന്നതിൽ ഇന്ത്യൻ ബോളർമാർ വിജയം സ്വന്തമാക്കി. പാക്കിസ്ഥാനായി ഷക്കീലും റിസ്വാനും ക്രീസിലുറച്ചെങ്കിലും കൃത്യമായ രീതിയിൽ സ്കോറിങ് ഉയർത്താൻ ഇരുവർക്കും സാധിച്ചിരുന്നില്ല. ഷക്കീൽ 62 റൺസും റിസ്വാൻ 46 റൺസുമാണ് നേടിയത്.

എന്നാൽ അവസാന ഓവറുകളിൽ ശക്തമായ ബോളിംഗ് പ്രകടനം പുറത്തെടുത്ത് ഇന്ത്യൻ ബോളർമാർ പാക്കിസ്ഥാനെ കേവലം 241 റൺസിൽ ഒതുക്കി. ഇന്ത്യക്കായി കുൽദീപ് യാദവ് 3 വിക്കറ്റുകളും ഹർദിക് പാണ്ഡ്യ 2 വിക്കറ്റുകളുമാണ് സ്വന്തമാക്കിയത്. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് ഗില്ലും രോഹിത്തും നൽകിയിരിക്കുന്നത്. മത്സരത്തിൽ വിജയം കണ്ടെത്താനായാൽ ഇന്ത്യക്ക് അനായാസം ചാമ്പ്യൻസ് ട്രോഫിയുടെ സെമി ഫൈനലിൽ സ്ഥാനം ലഭിക്കും.