കിംഗ് കോഹ്ലി, അവസാന പന്തിൽ ഫോർ അടിച്ച് സെഞ്ച്വറി. പാകിസ്ഥാനെ തൂഫാനാക്കി ഇന്ത്യൻ പട.

പാകിസ്ഥാനെതിരായ ചാമ്പ്യൻസ് ട്രോഫി മത്സരത്തിൽ 6 വിക്കറ്റുകളുടെ ആവേശ വിജയം സ്വന്തമാക്കി ഇന്ത്യ. മത്സരത്തിൽ ബോളിങ്ങിലും ബാറ്റിങ്ങിലും ഒരേപോലെ പാകിസ്താനെ വീഴ്ത്തിയാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. സൂപ്പർ താരം വിരാട് കോഹ്ലിയുടെ സെഞ്ച്വറിയുടെയും ശ്രേയസ് അയ്യരുടെയും അർത്ഥ സെഞ്ചുറിയുടെയും മികവാണ് മത്സരത്തിൽ ഇന്ത്യയെ വിജയത്തിൽ എത്തിച്ചത്. ഇരുവരും മത്സരത്തിൽ അർത്ഥ സെഞ്ച്വറികൾ സ്വന്തമാക്കുകയുണ്ടായി. ഈ വിജയത്തോടെ ഇന്ത്യ ചാമ്പ്യൻസ് ട്രോഫി സെമിഫൈനൽ സാധ്യതകൾ ഏകദേശം ഉറപ്പിച്ചിട്ടുണ്ട്. അതേസമയം പാക്കിസ്ഥാന്റെ സെമി സാധ്യതകൾ പരുങ്ങലിലായി.

മത്സരത്തിൽ ടോസ് നേടിയ പാക്കിസ്ഥാൻ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണറായ ഇമാം ഉൾ ഹക്കിന്റെയും(10) ബാബർ ആസമിന്റെയും(23) വിക്കറ്റുകൾ തുടക്കത്തിൽ തന്നെ പാകിസ്ഥാന് നഷ്ടമായി. എന്നാൽ ഇതിന് ശേഷം ക്രീസിലെത്തിയ ഷക്കീലും റിസ്വാനും ക്രീസിലുറച്ചു. പക്ഷേ മധ്യഓവറുകളിൽ വേണ്ട രീതിയിൽ സ്കോറിങ് ഉയർത്താൻ ഇരുവർക്കും സാധിച്ചിരുന്നില്ല. ഇത് പാക്കിസ്ഥാനെ വലിയ സമ്മർദ്ദത്തിലേക്ക് കൊണ്ടുപോയി. ഷക്കീൽ മത്സരത്തിൽ 76 പന്തുകളിൽ 62 റൺസാണ് സ്വന്തമാക്കിയത്. നായകൻ റിസ്വാൻ 77 പന്തുകൾ നേരിട്ടപ്പോൾ 46 റൺസ് മാത്രമാണ് സ്വന്തമാക്കാൻ സാധിച്ചത്.

ശേഷം കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ സ്വന്തമാക്കി ഇന്ത്യൻ ബോളർമാർ തിളങ്ങിയപ്പോൾ പാക്കിസ്ഥാന്റെ ഇന്നിങ്സ് 241 റൺസിൽ അവസാനിക്കുകയായിരുന്നു. ഇന്ത്യക്കായി 3 വിക്കറ്റുകൾ സ്വന്തമാക്കിയ കുൽദീപ് യാദവാണ് മികച്ച ബോളിംഗ് പ്രകടനം പുറത്തെടുത്തത്. ഹർദിക് പാണ്ട്യ 2 വിക്കറ്റുകൾ സ്വന്തമാക്കി കുൽദീപിന് പിന്തുണയും നൽകി. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്കായി രോഹിത് ശർമ സ്വതസിദ്ധമായ ശൈലിയിലാണ് ആരംഭിച്ചത്. പക്ഷേ രോഹിത്തിനെ പുറത്താക്കി ഷാഹിൻ അഫ്രീദി തന്റെ കരുത്ത് തെളിയിച്ചു. ശേഷം ഗില്ലും കോഹ്ലിയും ചേർന്ന് ഇന്ത്യൻ സ്കോർ മുൻപിലേക്ക് ചലിപ്പിക്കുകയായിരുന്നു.

52 പന്തുകളിൽ 46 റൺസ് നേടിയ ശേഷമാണ് ഗില്‍ കൂടാരം കയറിയത്. പക്ഷേ ഒരുവശത്ത് വിരാട് കോഹ്ലി ഇന്ത്യൻ ബാറ്റിംഗ് നിരയുടെ കാവലാളായി മാറി. ഏറ്റവും മികച്ച രീതിയിൽ പാകിസ്താന്റെ സ്പിന്നർമാരെ നേരിടാനും കോഹ്ലിയ്ക്ക് സാധിച്ചു. ഒപ്പമുണ്ടായിരുന്ന ശ്രേയസ് അയ്യരും മദമധ്യ ഓവറുകളിൽ റൺസ് കണ്ടെത്താൻ തുടങ്ങിയതോടെ ഇന്ത്യ വിജയത്തിലേക്ക് കുതിച്ചു. പാക്കിസ്ഥാന് ബോളിങ്ങിന്മേൽ കൃത്യമായ ആധിപത്യം പുലർത്തിയാണ് ഇരുവരും ഇന്ത്യയെ വിജയത്തിന് അടുത്തേക്ക് എത്തിച്ചത്. മത്സരത്തിൽ 67 പന്തുകളിൽ 56 റൺസ് നേടിയ ശേഷമാണ് ശ്രേയസ് അയ്യർ കൂടാരം കയറിയത്. ഇതിന് ശേഷവും വിരാട് കോഹ്ലി ക്രീസിൽ തുടർന്ന് ഇന്ത്യയെ വിജയത്തിൽ എത്തിക്കുകയായിരുന്നു. മത്സരത്തിൽ കോഹ്ലി 111 പന്തുകളിൽ 100 റൺസ് ആണ് നേടിയത്.