ഇന്ത്യയുടെ പാകിസ്ഥാനെതിരായ ഏഷ്യാകപ്പിലെ സൂപ്പർ നാല് മത്സരത്തിൽ ഒരു വെടിക്കെട്ട് ബാറ്റിംഗ് തന്നെയാണ് ഇന്ത്യയുടെ സൂപ്പർ താരം വിരാട് കോഹ്ലി കാഴ്ചവെച്ചത്. മത്സരത്തിൽ മൂന്നാമതായി ക്രീസിലെത്തിയ കോഹ്ലി ഇന്ത്യക്കായി അടിച്ചു തകർക്കുന്നതാണ് മത്സരത്തിൽ കാണാൻ സാധിച്ചത്.
കെഎൽ രാഹുലുമൊത്ത് മൂന്നാം വിക്കറ്റിൽ തകർക്കാനാവാത്ത 233 റൺസിന്റെ കൂട്ടുകെട്ടും കോഹ്ലി കെട്ടിപ്പടുക്കുകയുണ്ടായി. മത്സരത്തിൽ 94 പന്തുകളിൽ 122 റൺസാണ് ഈ സൂപ്പർതാരം സ്വന്തമാക്കിയത്. തന്റെ ഏകദിന കരിയറിലെ 47ആം സെഞ്ചുറിയാണ് കോഹ്ലി മത്സരത്തിൽ നേടിയത്. ഇതോടൊപ്പം കുറച്ചധികം റെക്കോർഡുകളും മത്സരത്തിൽ സ്വന്തമാക്കാൻ വിരാട് കോഹ്ലിക്ക് സാധിച്ചു.
ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗതയിൽ 13,000 റൺസ് പൂർത്തിയാക്കുന്ന താരം എന്ന റെക്കോർഡാണ് വിരാട് കോഹ്ലി മത്സരത്തിൽ നേടിയത്. സച്ചിൻ ടെണ്ടുൽക്കറെ പിന്നിലാക്കിയാണ് കോഹ്ലി റെക്കോർഡ് സ്വന്തമാക്കിയിരിക്കുന്നത്. കേവലം 276 ഇന്നിങ്സുകളിൽ നിന്നാണ് വിരാട് കോഹ്ലി തന്റെ ഏകദിനത്തിലെ 13,000 റൺസ് പൂർത്തീകരിച്ചത്.
സച്ചിൻ ടെണ്ടുൽക്കർ 321 മത്സരങ്ങളിൽ നിന്നായിരുന്നു 13000 റൺസ് സ്വന്തമാക്കിയത്. 341 മത്സരങ്ങളിൽ നിന്ന് 13,000 റൺസ് പൂർത്തീകരിച്ച റിക്കി പോണ്ടിംഗ് ലിസ്റ്റിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്നു. കുമാർ സംഗക്കാര 363 മത്സരത്തിൽ നിന്ന് 13,000 റൺസ് പൂർത്തീകരിച്ചപ്പോൾ, 416 മത്സരത്തിൽ നിന്ന് ജയസൂര്യ 13000 റൺസ് പൂർത്തീകരിക്കുകയുണ്ടായി. ഈ ലിസ്റ്റിലാണ് കോഹ്ലി ഇപ്പോൾ ഒന്നാമനായി മാറിയിരിക്കുന്നത്.
ഇതോടൊപ്പം ഒരു മൈതാനത്ത് തുടർച്ചയായി ഏറ്റവുമധികം സെഞ്ച്വറികൾ സ്വന്തമാക്കുന്ന താരം എന്ന റെക്കോർഡും കോഹ്ലി പേരിൽ ചേർത്തിട്ടുണ്ട്. ഹാഷിം അംലക്കൊപ്പമാണ് കോഹ്ലി ഈ ലിസ്റ്റിൽ ഒന്നാമനായി നിൽക്കുന്നത്. കോഹ്ലിയുടെ ആർ പ്രേമദാസാ സ്റ്റേഡിയത്തിലെ തുടർച്ചയായ നാലാം സെഞ്ചുറിയാണ് മത്സരത്തിൽ പിറന്നത്. മുൻപ് ഹാഷിം അംല സെഞ്ചുറിയനിൽ തുടർച്ചയായി നാല് ഏകദിന സെഞ്ചുറികൾ സ്വന്തമാക്കിയിരുന്നു.
ഏഷ്യാകപ്പ് ടൂർണമെന്റിൽ ഏറ്റവുമധികം സെഞ്ച്വറുകൾ നേടുന്നവരുടെ ലിസ്റ്റിൽ രണ്ടാം സ്ഥാനത്ത് എത്തിച്ചേരാനും കോഹ്ലിക്ക് ഈ ഇന്നിംഗ്സിലൂടെ സാധിച്ചിട്ടുണ്ട്. നിലവിൽ 6 സെഞ്ച്വറികളുമായി സനത് ജയസൂര്യയാണ് ഏഷ്യാകപ്പിൽ ഏറ്റവുമധികം സെഞ്ചുറികൾ സ്വന്തമാക്കിയ ബാറ്റർമാരുടെ ലിസ്റ്റിൽ ഒന്നാമൻ. ഇതിന് പിന്നിലായാണ് 4 സെഞ്ച്വറികളുമായി വിരാട് കോഹ്ലി നിൽക്കുന്നത്. ശ്രീലങ്കൻ താരം കുമാർ സംഗക്കാരെയും ഏഷ്യാകപ്പിൽ നാല് സെഞ്ചുറികളുമായി രണ്ടാം സ്ഥാനത്ത് നിൽക്കുന്നു. ഏഷ്യാകപ്പിൽ 3 സെഞ്ചുറികൾ സ്വന്തമാക്കിയിട്ടുള്ള ഷുഹൈബ് മാലിക്കാണ് ലിസ്റ്റിൽ മൂന്നാമൻ.
ഏഷ്യാകപ്പിലെ ഏറ്റവും ഉയർന്ന കൂട്ടുകെട്ട് സ്വന്തമാക്കാനും വിരാട് കോഹ്ലി- കെ എൽ രാഹുൽ സഖ്യത്തിന് മത്സരത്തിലൂടെ സാധിച്ചു. ഇന്ത്യക്കായി മൂന്നാം വിക്കറ്റിൽ 233 റൺസിന്റെ തകർപ്പൻ കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് കെട്ടിപ്പടുത്തത്. 2012ൽ ഇന്ത്യക്കെതിരെ മുഹമ്മദ് ഹഫീസും ജംഷെഡും ചേർന്ന് നേടിയ 224 റൺസിന്റെ കൂട്ടുകെട്ടായിരുന്നു ഇതിനു മുൻപ് ഏഷ്യാകപ്പിലെ ഏറ്റവും ഉയർന്നത്. ഇതിനെ മറികടന്നാണ് രാഹുലും കോഹ്ലിയും തകർപ്പൻ റെക്കോർഡ് സൃഷ്ടിച്ചത്. എന്തായാലും ഇന്ത്യയെ സംബന്ധിച്ച് ഒരുപാട് ആത്മവിശ്വാസം നൽകുന്ന ബാറ്റിംഗ് പ്രകടനമാണ് വിരാട് കോഹ്ലി മത്സരത്തിൽ കാഴ്ച വച്ചിരിക്കുന്നത്. വരും മത്സരങ്ങളിലും വിരാട് ഇത് ആവർത്തിക്കും എന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ടീം.