തീപ്പൊരി കോഹ്ലി, ഇടിവെട്ട് രാഹുൽ.. പാക് പടയെ അടിച്ചുതൂക്കി ഇന്ത്യൻ ബാറ്റിങ്

പാക്കിസ്ഥാനെതിരായ ഏഷ്യാകപ്പ് സൂപ്പർ 4 മത്സരത്തിൽ തകർപ്പൻ ബാറ്റിംഗ് പ്രകടനം കാഴ്ചവച്ച് ഇന്ത്യൻ നിര. മുൻനിര ബാറ്റർമാരായ രോഹിത് ശർമ, ശുഭമാൻ ഗിൽ, കെ എൽ രാഹുൽ, വിരാട് കോഹ്ലി എന്നിവരുടെ മികവിൽ ഒരു ശക്തമായ ബാറ്റിംഗ് പ്രകടനമാണ് ഇന്ത്യ കാഴ്ച വച്ചിരിക്കുന്നത്. കെ എൽ രാഹുലും വിരാട് കോഹ്ലിയും മത്സരത്തിൽ തട്ടുപൊളിപ്പൻ സെഞ്ച്വറികൾ സ്വന്തമാക്കുകയുണ്ടായി. നിശ്ചിത 50 ഓവറുകളിൽ വിക്കറ്റ് നഷ്ടത്തിൽ 356 റൺസാണ് ഇന്ത്യ സ്വന്തമാക്കിയത്. പൂർണ്ണമായും പാക്കിസ്ഥാൻ ബോളർമാർക്ക് മേൽ ആധിപത്യം സ്ഥാപിച്ചായിരുന്നു ഇന്ത്യയുടെ ഈ പടയോട്ടം.

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട ഇന്ത്യ ബാറ്റിംഗ് ആരംഭിക്കുകയായിരുന്നു. മത്സരത്തിന്റെ ആദ്യ സമയത്ത് തന്നെ പാക്കിസ്ഥാൻ ബോളർമാരെ നേരിടുന്നതിൽ ഇന്ത്യൻ മുൻനിര വിജയം കണ്ടു. രോഹിത് ശർമയും ശുഭ്മാൻ ഗില്ലും ചേർന്ന് ഒരു തകർപ്പൻ കൂട്ടുകെട്ടാണ് ഇന്ത്യക്കായി ആദ്യ വിക്കറ്റിൽ നേടിക്കൊടുത്തത്. 121 റൺസാണ് ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ നേടിയത്. രോഹിത് ശർമ മത്സരത്തിൽ 49 പന്തുകളിൽ 6 ബൗണ്ടറികളും 4 സിക്സറുകളുമടക്കം 56 റൺസ് നേടുകയുണ്ടായി. ശുഭ്മാൻ ഗിൽ 52 പന്തുകളിൽ 10 ബൗണ്ടറുകളടക്കം 58 റൺസാണ് നേടിയത്

എന്നാൽ ഇന്ത്യൻ ഇന്നിങ്സിന്റെ 24ആം ഓവറിൽ മഴയെത്തുകയും പിന്നീട് മത്സരം അടുത്ത ദിവസത്തേക്ക് മാറ്റിവയ്ക്കുകയും ചെയ്തു. രണ്ടാം ദിവസം മത്സരം ആരംഭിച്ച ഇന്ത്യ തങ്ങളുടെ മൊമെന്റത്തിൽ യാതൊരു നഷ്ടവും വരുത്താതെയാണ് ആരംഭിച്ചത്. വിരാട് കോഹ്ലിയും കെ എൽ രാഹുലും ഇന്ത്യയ്ക്കായി പക്വതയോടെ തന്നെ ബാറ്റുവീശി. ഇരുവരും ഇന്ത്യയെ ശക്തമായ നിലയിലേക്ക് നയിക്കുകയായിരുന്നു. മത്സരത്തിൽ 100 പന്തുകളിൽ നിന്നായിരുന്നു രാഹുൽ തന്റെ സെഞ്ച്വറി പൂർത്തീകരിച്ചത്. തന്റെ ഏകദിന കരിയറിലെ ആറാം സെഞ്ചുറിയാണ് മത്സരത്തിൽ രാഹുൽ നേടിയത്.

വിരാട് കോഹ്ലി 83 പന്തുകളിൽ നിന്നാണ് തന്റെ സെഞ്ച്വറി പൂർത്തീകരിച്ചത്. ഏകദിന കരിയറിലെ വിരാട്ടിന്റെ 47ആം സെഞ്ചുറിയാണ് പാകിസ്ഥാനെതിരെ പിറന്നത്. ഇരു ബാറ്റര്‍മാരുടെയും ശക്തമായ പ്രകടനത്തിന്റെ മികവിൽ നിശ്ചിത 50 ഓവറുകളിൽ 356 റൺസ് സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. ഇത്ര ശക്തമായ ഒരു സ്കോർ പിന്തുടർന്ന് പാകിസ്ഥാന് വിജയിക്കാൻ സാധിക്കുമോ എന്നത് വലിയ ആശങ്ക തന്നെ ഉണ്ടാക്കുന്നുണ്ട്. മറുവശത്ത് ഇന്ത്യയെ സംബന്ധിച്ച് ഒരുപാട് ആത്മവിശ്വാസം നൽകുന്ന ബാറ്റിംഗ് പ്രകടനം തന്നെയാണ് കാഴ്ച വച്ചിരിക്കുന്നത്.