ലക്നൗവിന്റെ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സുമായുള്ള മത്സരത്തിനു ശേഷം വളരെ നിരാശാജനകമായ സംഭവങ്ങളാണ് ഉണ്ടായത്. മത്സരത്തിനുശേഷം ഇരു ടീമുകളിലെയും ചില താരങ്ങൾ വാക്പോരിൽ ഏർപ്പെടുകയും ചെയ്തിരുന്നു. ബാംഗ്ലൂർ താരം വിരാട് കോഹ്ലിയും ലക്നൗവിന്റെ മെന്റർ ഗൗതം ഗംഭീറും തമ്മിലായിരുന്നു മൈതാനത്ത് വാക്പോര് ഉണ്ടായത്. മുൻപും കോഹ്ലിയും ഗംഭീറും തമ്മിൽ ഇത്തരത്തിൽ വാക്പോരുകൾ ഉണ്ടായിട്ടുണ്ട്. അതിന്റെ തുടർക്കഥ തന്നെയാണ് ലക്നൗവിൽ നടന്നതും. എന്നാൽ മൈതാനത്ത് നടന്ന ഈ അനിഷ്ട സംഭവങ്ങൾ വെറുതെ വിടാൻ ബിസിസിഐ തീരുമാനിച്ചിട്ടില്ല. വാക്പോരിൽ ഏർപ്പെട്ട മൂന്നു കളിക്കാർക്കും ശിക്ഷ വിധിച്ചിരിക്കുകയാണ് ബിസിസിഐ.
ഗൗതം ഗംഭീർ, വിരാട് കോഹ്ലി, നവീൻ ഉൾ ഹക്ക് എന്നീ കളിക്കാർക്കാണ് ബിസിസിഐ പിഴ ചുമത്തിയിരിക്കുന്നത്. ഗൗതം ഗംഭീറും വിരാട് കോഹ്ലിയും മാച്ച് ഫീസിന്റെ 100%വും ബിസിസിഐയിലേക്ക് പിഴയായി അടക്കേണ്ടതുണ്ട്. നവീൻ ഉൾ ഹക്ക് മത്സരത്തിലെ ഫീസിന്റെ 50%മാണ് പിഴയായി അടക്കേണ്ടത്. മത്സരശേഷമായിരുന്നു ഇരു ടീമുകളുടെയും താരങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്. മത്സരത്തിനിടയിൽ തന്നെ ബാറ്റർമാരായ നവീൻ ഉൾ ഹക്കും മിശ്രയും വിരാട് കോഹ്ലിയും തമ്മിൽ സ്ലഡ്ജിങ് നടന്നിരുന്നു. ഇതിനുശേഷം ടീമുകൾ പരസ്പരം ഹസ്തദാനം നൽകുന്ന സമയത്ത് നവീൻ കോഹ്ലിയുമായി കൊമ്പു കോർത്തു.
ശേഷം ലക്നൗ താരം കൈയൽ മേയേഴ്സ് വിരാട് കോഹ്ലിയുമായി മൈതാനത്ത് സംസാരിച്ചു നിൽക്കുകയായിരുന്നു. അപ്പോഴാണ് ഗൗതം ഗംഭീർ അടുത്ത് വരികയും കൈൽ മേയേഴ്സിനെ വിളിച്ചുകൊണ്ടു പോവുകയും ചെയ്തത്. ശേഷം ഗംഭീർ എന്തൊക്കെയോ വിരാട് കോഹ്ലിയെ പറയുകയും ചെയ്തു. ഇത് കണ്ട് പ്രകോപിതനായ കോഹ്ലി ഗംഭീറിന്റെ അടുത്തേക്ക് നടന്നു. ഗംഭീറും തിരിച്ച് പ്രകോപനപരമായി സംസാരിക്കാൻ തുടങ്ങി. എന്നാൽ ഈ സമയത്ത് ലക്നൗവിന്റെ നായകൻ രാഹുൽ അടക്കമുള്ളവർ സമയോജിതമായി ഇടപെട്ടത് മൂലമാണ് വലിയൊരു പ്രശ്നം ഒഴിവാക്കപ്പെട്ടത്. എന്തായാലും ഇന്ത്യൻ ക്രിക്കറ്റിനെ സംബന്ധിച്ച് അത്ര നല്ല സൂചനകളല്ല ഈ സംഭവങ്ങൾ നൽകുന്നത്.
വിരാട് കോഹ്ലിയും ഗൗതം ഗംഭീറും മൈതാനത്തെ ഏറ്റുമുട്ടുന്നത് ഇത് ആദ്യമായല്ലാ. ഇരുവരും തങ്ങളുടെ ദേഷ്യം പിടിച്ചു നിർത്താൻ സാധിക്കാത്ത രണ്ട് ക്രിക്കറ്റർമാരാണ്. ഈ സീസണിൽ ബാംഗ്ലൂരിൽ മത്സരം നടന്ന സമയത്ത് മൈതാനത്തുണ്ടായിരുന്ന ആരാധകരോട് നിശബ്ദരാകാൻ ഗംഭീർ എന്ന ആംഗ്യം കാട്ടിയിരുന്നു. അതിനു മറുപടിയായി ലക്നൗവിൽ മത്സരം നടന്നപ്പോൾ ആരാധകരോട് ശാന്തരാകാൻ കോഹ്ലിയും ആംഗ്യം കാട്ടി. ഇത്തരം കാര്യങ്ങളാണ് ഗംഭീറിനെ ചൊടിപ്പിച്ചത് എന്ന് ഉറപ്പാണ്. എന്തായാലും ഇരുവർക്കും കടിഞ്ഞാണ്‍ ഇട്ടിരിക്കുകയാണ് ബിസിസിഐ ഈ തീരുമാനത്തിലൂടെ.