ധോണിയ്ക്ക് ശേഷം അവൻ ചെന്നൈ നായകനാവണം. ഇന്ത്യൻ താരത്തെ ചൂണ്ടിക്കാട്ടി വസീം അക്രം.

തന്റെ ഇന്ത്യൻ പ്രീമിയർ ലീഗ് കരിയറിലെ അവസാന ഭാഗങ്ങൾ മികച്ച രീതിയിൽ ആസ്വദിക്കുകയാണ് ചെന്നൈ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി. 2023 ഐപിഎല്ലിൽ നായകൻ എന്ന നിലയിലും ബാറ്ററെന്ന നിലയിലും മികച്ച തുടക്കം തന്നെയാണ് ധോണിക്ക് ലഭിച്ചത്. ചെന്നൈ സൂപ്പർ കിംഗ്സിന്റെ 2008 മുതലുള്ള നായകനാണ് മഹേന്ദ്ര സിംഗ് ധോണി. ഈ സീസണിന് ശേഷം ധോണി വിരമിക്കാനുള്ള സാധ്യതകൾ വളരെയേറെയാണ്. മുൻപ് തന്റെ ഹോം ഗ്രൗണ്ടിലെ ആരാധകർക്ക് മുൻപിൽ കളി അവസാനിപ്പിക്കണമെന്ന ആഗ്രഹം ധോണി പ്രകടിപ്പിച്ചിരുന്നു. അങ്ങനെയെങ്കിൽ ഈ സീസണോടുകൂടി ധോണി കളി മതിയാക്കാനാണ് സാധ്യത. അങ്ങനെ വരുന്ന സാഹചര്യത്തിൽ ധോണിക്ക് പകരക്കാരനായി ചെന്നൈയ്ക്ക് നിയോഗിക്കാനാവുന്ന ഒരു നായകനെ ചൂണ്ടിക്കാട്ടി രംഗത്ത് വന്നിരിക്കുകയാണ് മുൻ പാക്കിസ്ഥാൻ താരം വസീം അക്രം.

ധോണിക്ക് പകരക്കാരനായി ചെന്നൈയുടെ മുൻനിര ബാറ്റർ അജിങ്ക്യ രഹാനെയെയാണ് വസീം അക്രം നിർദ്ദേശിക്കുന്നത്. “ഈ സാഹചര്യത്തിൽ ഏറ്റവുമധികം ഉയർന്നുനിൽക്കുന്ന ചോദ്യം ചെന്നൈ സൂപ്പർ കിംഗ്സിനെ ധോണിക്ക് ശേഷം ആരും നയിക്കും എന്നുള്ളതാണ്. സീസണിന്റെ ഒടുവിൽ ധോണി വിരമിക്കുകയാണെങ്കിൽ ചെന്നൈ രഹാനെയേ നായകനായി തിരഞ്ഞെടുക്കാനാണ് സാധ്യത. കഴിഞ്ഞ സീസണിൽ ചെന്നൈ ജഡേജയെ നായകനായി പരീക്ഷിച്ചിരുന്നു. എന്നാൽ നായകന്റെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുമ്പോൾ തന്റെ വ്യക്തിഗത പ്രകടനത്തിൽ ശ്രദ്ധിക്കാൻ ജഡേജയ്ക്ക് സാധിക്കുന്നില്ല. ഇതു മനസ്സിലാക്കിയശേഷം ധോണി വീണ്ടും ക്യാപ്റ്റനായി തന്നെ കളിക്കാൻ തുടങ്ങി. എന്നാൽ ഈ സീസൺ അവസാനിക്കുമ്പോൾ ധോണി വിരമിക്കുകയാണെങ്കിൽ രഹാനെ തന്നെയാണ് ചെന്നൈക്ക് മുൻപിലുള്ള ഏറ്റവും വലിയ ഓപ്ഷൻ. രഹാനെയെക്കാൾ മികച്ച നായകനെ അവർക്ക് ലഭിക്കാനില്ല.”- വസീം അക്രം പറഞ്ഞു.

c8c8bc84 038d 493a 866b 7509c3b00437

“രഹാനെയെ ഒരു ഇന്ത്യൻ താരം എന്ന നിലയിലും ചെന്നൈയ്ക്ക് നായകനായി പ്രഖ്യാപിക്കാൻ സാധിക്കും. ആഭ്യന്തര ക്രിക്കറ്റിൽ കളിച്ചിട്ടുള്ള തങ്ങളുടെ നാട്ടുകാരെ തന്നെ നായകനാക്കി മാറ്റുന്നതാണ് ഏറ്റവും ഉത്തമം. വിദേശ കളിക്കാരനെ നായകനാക്കിയാൽ അവർക്ക് പലപ്പോഴും ടീമിലെ തങ്ങളുടെ  കളിക്കാരുടെ പേര് പോലും ഓർമ്മ കാണാൻ സാധ്യതയില്ല. അതിനാൽ വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകൾ ടീമുകൾക്ക് നേരിട്ടേക്കാം. അതുകൊണ്ടുതന്നെ ധോണി വിരമിച്ചതിനുശേഷം രഹാനെക്കാൾ മികച്ച നായകനെ അവർക്ക് കിട്ടാനില്ല.”- അക്രം കൂട്ടിച്ചേർത്തു.

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഈ സീസണിൽ മികച്ച ബാറ്റിംഗ് പ്രകടനമാണ് ഇതുവരെ രഹാനെ കാഴ്ച വെച്ചിട്ടുള്ളത്. ചെന്നൈക്കായി 6 ഇന്നിങ്സുകളിൽ നിന്ന് 224 റൺസ് രഹാനെ നേടുകയുണ്ടായി. 189 സ്ട്രൈക്ക് റേറ്റിലാണ് ഈ ചെന്നൈ താരത്തിന്റെ റൺവേട്ട. കഴിഞ്ഞ സീസൺ വരെ പതിഞ്ഞ താളത്തിൽ ബാറ്റ് ചെയ്തിരുന്ന രഹാനയുടെ ഒരു പുതിയ വേർഷൻ തന്നെയാണ് 2023ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ കാണുന്നത്. വരും മത്സരങ്ങളിലും രഹാനെ ഇത്തരത്തിൽ മികവു പുലർത്തുകയാണെങ്കിൽ ക്യാപ്റ്റൻസി സ്ഥാനത്തേക്ക് ചിന്തിക്കാവുന്ന ഒരു പേരായി രഹാനെ മാറും.