ഇന്ത്യക്കെതിരെയുള്ള മൂന്നാം ടി20 യില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് 216 റണ്‍സ് വിജയലക്ഷ്യമാണ് ഉയര്‍ത്തിയത്. ഇതിനോടകം പരമ്പര വിജയിച്ച ഇന്ത്യ, പരിചയസമ്പന്നരായ ബോളര്‍മാരെ ഒഴിവാക്കി യുവതാരങ്ങള്‍ക്കാണ് അവസരം നല്‍കിയത്. ഇംഗ്ലണ്ടിനു വേണ്ടി ഡേവിഡ് മലാന്‍ (77) ലിയാം ലിവിങ്ങ്സ്റ്റണ്‍ (42) എന്നിവര്‍ മികച്ച പ്രകടനം നടത്തി.
വമ്പന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് വളരെ മോശം തുടക്കമാണ് ലഭിച്ചത്. ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്ത റിഷഭ് പന്ത് തുടക്കത്തിലേ പുറത്തായി. ടോപ്ലെയുടെ പന്തില്‍ ജോസ് ബട്ട്ലറിനു ക്യാച്ച് നല്‍കിയാണ് റിഷഭ് പന്ത് (1) പുറത്തായത്.
മൂന്നാം നമ്പറില്‍ വീരാട് കോഹ്ലിയാണ് എത്തിയത്. മോശം ഫോമിലുള്ള താരത്തിനു മികച്ച പ്രകടനം നടത്തേണ്ടത് നിര്‍ണായകമായിരുന്നു. വമ്പന്‍ വിജയലക്ഷ്യമായതിനാല്‍ തുടക്കത്തിലേ തന്നെ വീരാട് കോഹ്ലി ആക്രമണം ആരംഭിച്ചു. മൂന്നാം ഓവറിലെ രണ്ടാം പന്തില്‍ ക്രീസില്‍ നിന്നും നീങ്ങി വൈഡ് മിഡ് ഓണില്‍ ഫോറടിച്ചു.
അടുത്ത പന്തില്‍ സ്റ്റെപ്ഔട്ട് ചെയ്ത് ബൗളറുടെ തലയ്ക്ക് മീതെയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ സിക്സ് പറത്തിയത്. എന്നാല്‍ അടുത്ത ബോളില്‍ മറ്റൊരു ബൗണ്ടറി ശ്രമത്തിനിടെ ജേസണ്‍ റോയി മനോഹരമയ ക്യാച്ചിലൂടെ പുറത്താക്കി. ഷോട്ട് എക്സ്ട്രാ കവറിലാണ് വീരാട് കോഹ്ലിയുടെ ക്യാച്ച് പിടികൂടിയത്.
മത്സരത്തില്‍ 6 പന്തില്‍ 11 റണ്ണാണ് വീരാട് കോഹ്ലി നേടിയത്. ഒരു ഫോറും 1 സിക്സും അടിച്ചു.
നേരത്തെ മൂന്നിന് 84 എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. പിന്നീട് മലാന്‍- ലിവിംഗ്സ്റ്റണ്‍ സഖ്യമാണ് ടീമിനെ മത്സരത്തിലേക്ക് തിരിച്ചെത്തിച്ചത്. ഇരുവരും 84 റണ്‍സാണ് കൂട്ടിചേര്‍ത്ത്. ഇന്ത്യക്കായി ഹര്‍ഷല്‍ പട്ടേല്‍, രവി ബിഷ്ണോയി എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.