ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ ഏകദിന ലോകകപ്പ് മത്സരത്തിൽ ഒരു അവിസ്മരണീയ ഇന്നിങ്സ് തന്നെയാണ് ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്ലി കാഴ്ചവെച്ചത്. എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഒരു അത്ഭുത സെഞ്ചുറിയാണ് മത്സരത്തിൽ കോഹ്ലി നേടിയത്. മുൻപ് ഓസ്ട്രേലിയക്കെതിരായ മത്സരത്തിൽ കെഎൽ രാഹുലിന് നേരിടേണ്ടി വന്ന അതേ സാഹചര്യമായിരുന്നു വിരാട് കോഹ്ലിക്ക് ബംഗ്ലാദേശിനെതിരെയും നേരിടേണ്ടി വന്നത്. ഇന്ത്യക്ക് മത്സരത്തിൽ 5 റൺസ് വിജയിക്കാൻ വേണ്ടിയിരുന്നപ്പോൾ, കോഹ്ലിക്ക് സെഞ്ചുറിക്ക് ആവശ്യമായി വേണ്ടിയിരുന്നത് 6 റൺസ് ആണ്.
ബംഗ്ലാദേശ് ബോളർമാർ കോഹ്ലിയ്ക്ക് സെഞ്ചുറി നൽകാതിരിക്കാൻ പരമാവധി ശ്രമിച്ചു. എന്നാൽ മറുവശത്ത് കെഎൽ രാഹുലിൽ നിന്ന് വലിയ രീതിയിലുള്ള പിന്തുണയാണ് കോഹ്ലിയ്ക്ക് ലഭിച്ചത്. കോഹ്ലിയുടെ സെഞ്ച്വറിക്കായി സിംഗിളുകൾ പോലും കെഎൽ രാഹുൽ മറുവശത്ത് ത്യാജിക്കുകയുണ്ടായി. മാത്രമല്ല വിരാട് കോഹ്ലിയും അവസാന നിമിഷങ്ങളിൽ സിംഗിളുകൾ നേടാൻ തയ്യാറായില്ല.
അവസാനം നിമിഷം ഇന്ത്യയ്ക്ക് 2 റൺസ് വിജയിക്കാൻ വേണ്ടിയിരുന്ന സമയത്ത് വിരാട്ടിന് സെഞ്ചുറി നേടാൻ ആവശ്യമായിരുന്നത് 3 റൺസായിരുന്നു. ബംഗ്ലാദേശ് ബോളർ നസും അഹമ്മദ് ഈ സമയത്ത് ഒരു വൈഡ് എറിയാൻ ശ്രമിക്കുകയുണ്ടായി. എന്നാൽ അംപയർ കൃത്യമായി ഇത് കണ്ടുപിടിക്കുകയും വൈഡ് നൽകാതിരിക്കുകയും ചെയ്തു.
ശേഷം ഓവറിലെ മൂന്നാം പന്തിൽ ഒരു തകർപ്പൻ സിക്സർ പായിച്ചായിരുന്നു വിരാട് കോഹ്ലി തന്റെ സെഞ്ച്വറി പൂർത്തീകരിച്ചത്. തന്റെ ഏകദിന കരിയറിലെ 48 ആം സെഞ്ചുറിയാണ് വിരാട് മത്സരത്തിൽ നേടിയത്. ഈ ലോകകപ്പിലെ വിരാട്ടിന്റെ ആദ്യ സെഞ്ച്വറിയാണിത്. മത്സരത്തിന്റെ ഒരു സമയത്തും വിരാട് കോഹ്ലി സെഞ്ച്വറി നേടുമെന്ന് ആരും കരുതിയിരുന്നില്ല. എന്നാൽ അവസാന നിമിഷങ്ങളിൽ ഒരു തകർപ്പൻ ഗിയർ മാറ്റമാണ് വിരാട് തന്റെ ഇന്നിംഗ്സിൽ വരുത്തിയത്. പൂനെയിൽ അണിനിരന്ന മുഴുവൻ ആരാധകരെയും കയ്യിലെടുത്ത ശേഷമാണ് വിരാട് കോഹ്ലി മൈതാനം വിട്ടത്.
മത്സരത്തിൽ ബംഗ്ലാദേശിനെതിരെ വിജയം നേടിയതോടെ ഇന്ത്യ പോയ്ന്റ്സ് ടെബിളിൽ ഒന്നാം സ്ഥാനത്ത് എത്തിയിട്ടുണ്ട്. ഇന്ത്യയെ സംബന്ധിച്ച് വളരെ ആത്മവിശ്വാസം നൽകുന്ന ഒരു വിജയം കൂടിയാണ് ഇത്. ഇന്ത്യയുടെ തുടർച്ചയായ നാലാമത്തെ ഏകദിന ലോകകപ്പ് വിജയം കൂടിയാണിത്. വമ്പൻ മത്സരങ്ങൾ ഇനിയും വരാനിരിക്കുമ്പോൾ വിരാട് കോഹ്ലിയുടെ ഈ സെഞ്ച്വറി ഇന്ത്യയ്ക്ക് വലിയ പ്രതീക്ഷകൾ നൽകുന്നുണ്ട്. വരും മത്സരങ്ങളിലും വിരാട് ഈ ഫോമിൽ തന്നെ തുടരും എന്ന ആത്മവിശ്വാസത്തിലാണ് ഇന്ത്യൻ ആരാധകർ.