വിജയ് ഹസാരെ ട്രോഫിയില്‍ സച്ചിൻ ബേബി നയിക്ക്ന്ന കേരള ടീമിന് തുടര്‍ച്ചയായ മൂന്നാം വിജയം .ഇന്ന് നടന്ന റെയിൽവേക്ക് എതിരായ മത്സരത്തില്‍ ഏഴ് റണ്‍സിനാണ് കേരള ടീം ആവേശകരമായ വിജയം സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കേരളം നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 351 റണ്‍സ് നേടി. റോബിന്‍ ഉത്തപ്പ (100), വിഷ്ണു വിനോദ് (107), സഞ്ജു സാംസണ്‍ (29 പന്തില്‍ 61) എന്നിവരുടെ തകർപ്പൻ ബാറ്റിങ്ങാണ് കേരളത്തിന് പടുകൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. മറുപടി ബാറ്റിങ്ങില്‍ റയില്‍വേസ് 49.4 ഓവറില്‍ 344ന് എല്ലാവരും പുറത്തായി. 79 റണ്‍സ് നേടിയ മൃണാല്‍ ദേവ്ധറാണ് റയില്‍വേസിന്റെ ടോപ് സ്‌കോറര്‍. കേരള ബൗളിംഗ് നിരയിൽ എം ഡി നീതിഷ് മൂന്ന് വിക്കറ്റ് നേടി. എസ് ശ്രീശാന്ത്, ബേസില്‍ എന്‍ പി, സച്ചിന്‍ ബേബി എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്.
റെയിൽവേ ബാറ്റിങ്ങിൽ അവസാന ഓവറുകളില്‍ 10 പന്തില്‍ 23 റണ്‍സ് നേടിയ മുൻ ഇന്ത്യൻ താരം അമിത് മിശ്രയാണ് കേരളത്തിന് അൽപ്പം ഭീഷണി ഉയർത്തിയത് . എന്നാല്‍ 50-ാം ഓവര്‍ എറിയാനെത്തിയ നിതീഷ് മിശ്രയെ വീഴ്ത്തിയതോടെ മത്സരം കേരളത്തിന്റെ കയ്യിലായി. തൊട്ടടുത്ത പന്തില്‍ പ്രദീപ് പൂജാറിനേയും മടക്കിയയച്ച് നിതീഷ് കേരളത്തിന് പ്രധാന ജയം നേടി കൊടുത്തു . മൃണാളിന് പുറമെ അരിന്ദം ഘോഷ് (64), സൗരഭ് സിംഗ് (50), ഹര്‍ഷ് ത്യാഗി (58), കരണ്‍ ശര്‍മ (37) എന്നിവരും റയില്‍വേസിനായി വിജയലക്ഷ്യം പിന്തുടരവെ മികച്ച പ്രകടനം കാഴ്ചവെച്ചു .
നേരത്തെ ടോസ് നേടിയ റെയിൽവേസ് നായകൻ കേരളത്തെ ബാറ്റിങിനയച്ചു .
വിജയ് ഹസാരെ ട്രോഫിയിൽ മിന്നും ഫോം തുടരുന്ന ഉത്തപ്പ തുടർച്ചയായ മൂന്നാം മത്സരത്തിലും കേരളത്തിന് മികച്ച തുടക്കം നൽകി . ഉത്തപ്പക്കൊപ്പം വിഷ്‌ണു വിനോദ് ബാറ്റിങ്ങിൽ ഒപ്പം കൂടിയപ്പോൾ ഓപ്പണിംഗ് വിക്കറ്റില്‍ 193 റണ്‍സ് പിറന്നു. വിഷ്‌ണുവാണ് ആദ്യം അടി തുടങ്ങിയതെങ്കില്‍ പിന്നാലെ ഉത്തപ്പ തന്റെ ക്ലാസ്സ് ബാറ്റിംഗ് വീണ്ടും പുറത്തെടുത്തു . കേരളത്തിന്റെ ഓപ്പണിങ് കൂട്ടുകെട്ട് പൊളിക്കാന്‍ 32 ഓവറുകള്‍ കാത്തിരിക്കേണ്ടി വന്ന റെയില്‍വേയുടെ ബൗളേഴ്‌സിന് വലിയ സമ്മർദ്ധമാണ് കേരളം നൽകിയത് .103 പന്തില്‍ ഉത്തപ്പ എട്ട് ഫോറും അഞ്ച് സിക്‌സും പറത്തി ടൂര്‍ണമെന്‍റിലെ രണ്ടാം ശതകം കണ്ടെത്തി. എന്നാല്‍ സെഞ്ചുറിക്ക് തൊട്ടടുത്ത പന്തില്‍ ഉത്തപ്പയെ ശിവം ചൗധരി റിട്ടേന്‍ ക്യാച്ചില്‍ മടക്കി.
ശേഷം വണ്‍ഡൗണായി ക്രീസിലെത്തിയ സഞ്ജുവാകട്ടെ ആദ്യ ആദ്യമായി ലീഗിൽ അടി തുടങ്ങി. ഇതിനിടെ 90 പന്തില്‍ വിഷ്‌ണു വിനോദ് ശതകം പൂര്‍ത്തിയാക്കി. അഞ്ച് ഫോറും നാല് സിക്‌സും ബൗണ്ടറിയിലെത്തി. 107 പന്തില്‍ അത്രതന്നെ റണ്‍സുമായി വിഷ്‌ണു 40-ാം ഓവറില്‍ അമിത് മിശ്രയുടെ പന്തില്‍ മടങ്ങി. എങ്കിലും 25 പന്തില്‍ അമ്പത് പിന്നിട്ട് സഞ്ജു ബാറ്റിംഗ് വെടിക്കെട്ടിന് മരുന്നിട്ടതോടെ കേരളം സ്‌കോര്‍ ബോര്‍ഡില്‍ കുതിച്ചു. 41-ാം ഓവറില്‍ പ്രദീപ് പൂജാര്‍ അടുത്തടുത്ത പന്തുകളില്‍ സച്ചിന്‍ ബേബിയേയും(1), സഞ്ജു സാംസണിനേയും(61) മടക്കി. 29 പന്തില്‍ ആറ് ഫോറും നാല് സിക്‌സും സഹിതമായിരുന്നു സഞ്ജുവിന്‍റെ ബാറ്റിംഗ് .അവസാന 10 ഓവറില്‍ 77 റണ്‍സ് നേടി .