ഈ ബോൾ ഞാൻ കണ്ടില്ല, അടുത്ത ബോൾ നീയും കാണില്ല…. എന്ന് എതിരാളിക്ക് മുന്നറിയിപ്പ് നൽകുന്ന വിരാട് കോഹ്‌ലിയുടെ പരസ്യചിത്രം ഓർമ്മയില്ലേ...
ഈ പരസ്യചിത്രം കാണുമ്പോഴെല്ലാം ചിലർക്കെങ്കിലും 1996ൽ ചിരവൈരികളായ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ബാംഗ്ലൂരിൽ നടന്ന ആവേശകരമായ ക്വാട്ടർ ഫൈനൽ മത്സരം ഓർമ്മ വരും. ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെ ആവേശത്തിന്റെ പരമകോടിയിൽ ആറാടിച്ച “പ്രസാദവരം” സംഭവിച്ച സുവർണ്ണദിനം.
ചിന്നസാമി സ്റ്റേഡിയത്തിലെ ആദ്യത്തെ ഫ്ലഡ് ലൈറ്റ് മാച്ചായിരുന്നു അത്. ജാവേദ് മിയാൻദാദ് എന്ന പാക്കിസ്ഥാൻ ഹീറോയുടെ അവസാന ഏകദിന മത്സരവും. നവജ്യോത് സിങ് സിദ്ധുവിന്റെ നേത്രത്വത്തിൽ ഇന്ത്യൻ ബാറ്റേഴ്‌സ് മനോഹരമായി ബിൽഡ് ചെയ്ത ഇന്നിംഗ്സിന്റെ അവസാന നിമിഷങ്ങളിൽ പാക്കിസ്ഥാന്റെ സ്റ്റാർ ബൗളർ വഖാർ യൂനീസിനെ തലങ്ങും വിലങ്ങും പ്രഹരിച്ചു ഒരോവറിൽ 22 റൺസ് കൂടി അടിച്ചെടുത്ത അജയ് ജഡേജ ഇന്ത്യൻ ആരാധകരെ കോരിത്തരിപ്പിച്ചു. സ്‌കോർ 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 287 റൺസ്.
മറ്റൊരു തിരിച്ചടി കൂടി പാക്കിസ്ഥാൻ നേരിടേണ്ടി വന്നു. കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ പാക്കിസ്ഥാന്റെ ചേസിൽ ഓരോവർ വെട്ടിക്കുറച്ചപ്പോൾ വിജയലക്ഷ്യം 49 ഓവറിൽ 288 റൺസായി. കൊള്ളാവുന്നൊരു ടോട്ടലിന്റെ ആവേശത്തിൽ ജയം പ്രതീക്ഷിച്ചിരുന്ന ഇന്ത്യൻ ആരാധകരെ പക്ഷെ പാക്കിസ്ഥാന്റെ സുശക്തമായ തുടക്കം തെല്ലൊന്ന് പരിഭ്രമിപ്പിച്ചു. സയീദ് അൻവറും അമീർ സൊഹൈലും കൂടി 10 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 84 റൺസ് എന്ന ശക്തമായ നിലയിൽ പാക്കിസ്ഥാനെയെത്തിച്ചു. അൻവർ മടങ്ങിയ ശേഷവും അമീർ പോരാട്ടം തുടർന്നു.
പക്ഷെ അർദ്ധസെഞ്ചുറിയുടെ ആവേശമടങ്ങും മുൻപ് പതിനഞ്ചാം ഓവറിലെ അഞ്ചാം പന്തിൽ സ്വീപ്പർ കവർ ഏരിയയിലേക്ക് മനോഹരമായൊരു കവർ ഡ്രൈവിലൂടെ നേടിയ ബൗണ്ടറി അമീർ സൊഹൈൽ എന്ന പാക്കിസ്ഥാൻ ഓപ്പണിങ് ബാറ്റ്‌സ്മാനെ ഒരു മദയാനയെ എന്ന പോലെ ഉന്മാദിപ്പിച്ചിരിക്കണം.
ശത്രുക്കളുടെ തട്ടകത്തിൽ അവരുടെ ആരാധകരെ നിശ്ശബ്ദരാക്കി സാമാന്യം തരക്കേടില്ലാത്തൊരു ടോട്ടൽ വിജയകരമായി ചേസ് ചെയ്യുന്നതിനിടെ അടുത്ത പന്ത് അതിമനോഹരമായി അതിർത്തിവരയിലേക്ക് പ്ലേസ് ചെയ്ത് എതിരാളിയെ പ്രകോപിപ്പിച്ചപ്പോൾ അയാൾ കരുതിക്കാണില്ല പിന്നീടങ്ങോട്ട് ഇങ്ങനൊരു സിനിമാറ്റിക് ടേൺ എറൗണ്ട്.
അമീർ സൊഹൈൽ എന്ന മദയാനയുടെ മദപ്പാടിന് മറുമരുന്നായി പാക്കിസ്ഥാനെ ഞെട്ടിച്ചു കൊണ്ട് തൊട്ടടുത്ത പന്തിൽ ഇന്ത്യയുടെ റൈറ്റ് ആം മീഡിയം ഫാസ്റ്റ് ബൗളർ വെങ്കിടേഷ് പ്രസാദ് ഓഫ് സ്റ്റമ്പ് കടപുഴക്കിയപ്പോൾ സ്റേഡിയമൊന്നാകെ ആവേശത്താൽ ഇളകി മറിഞ്ഞു.
ഓ ചക്കരേ… വെങ്കിടേഷ് പ്രസാദേ… ഉമ്മ
ഉമ്മ, ഒരു നൂറുമ്മ എന്ന് ഇന്ത്യൻ ആരാധകർ സന്തോഷം മൂത്ത് വിളിച്ചു പറഞ്ഞു.
പിന്നീടങ്ങോട്ട് കൃത്യമായ ഇടവേളകളിൽ ഇന്ത്യൻ ബൗളെഴ്‌സ് പാക്ക് വിക്കറ്റുകൾ വീഴ്ത്തിക്കൊണ്ടേയിരുന്നു.ഒടുവിൽ 248 ന് 9 വിക്കറ്റ് എന്ന നിലയിൽ പാക്കിസ്ഥാൻ ഇന്നിംഗ്സ് അവശേഷിപ്പിച്ചപ്പോൾ ഇന്ത്യൻ ആരാധകർ അത്യധികം ആവേശത്തോടെ ആർപ്പുവിളിച്ചു. “ഭാരത് മാതാ കീ ജയ്”
ഇന്നും അതോർക്കുമ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ രോമം പോലും അന്നത്തെ ഇന്ത്യൻ ടീമിനെയും വെങ്കിടേഷ് പ്രസാദ് എന്ന മുത്തുമണിയെയും എണീറ്റ് നിന്ന് സല്യൂട്ടടിക്കും.
എഴുതിയത് – Sunil Louis