ഇന്ത്യൻ പ്രീമിയർ ലീഗ് പതിനഞ്ചാം സീസണിലെ ആദ്യത്തെ ജയമാണ് ഇന്ന് നടക്കുന്ന ചെന്നൈ സൂപ്പർ കിങ്‌സ് :ലക്ക്നൗ മത്സരത്തിൽ ഇരു ടീമുകളും ആഗ്രഹിക്കുന്നത്. സീസണിലെ ആദ്യത്തെ മത്സരം തോറ്റ രണ്ട് ടീമിനും ജയത്തിൽ കുറഞ്ഞതൊന്നും തന്നെ സ്വപ്നം കാണാനായി കഴിയില്ല.
അതേസമയം മത്സരത്തിൽ ടോസ് നേടിയ രാഹുൽ ബൗളിംഗ് ആദ്യം തിരഞ്ഞെടുത്തപ്പോൾ ചെന്നൈക്ക് വേണ്ടി മികച്ച തുടക്കം നൽകിയത് സീനിയർ താരമായ ഉത്തപ്പ. ഓപ്പണർ റോളിൽ എത്തിയ ഉത്തപ്പ നേരിട്ട ആദ്യത്തെ ബോൾ മുതൽ അറ്റാക്കിങ് ശൈലിയിലാണ് കളിച്ചത്. ഒന്നാം പവർപ്ലെയിൽ തന്നെ ചെന്നൈ സ്കോർ 70 കടന്നപ്പോൾ തിളങ്ങിയതും ഉത്തപ്പ തന്നെ.
വെറും 25 ബോളിൽ തന്റെ അർദ്ധ സെഞ്ച്വറി പിന്നിട്ട ഉത്തപ്പയാണ് ചെന്നൈ ടോട്ടൽ 100 കടത്തിയത്.വെറും 27 ബോളിൽ നിന്നും 8 ഫോറും ഒരു സിക്സ് അടക്കം 50 റൺസ് അടിച്ച ഉത്തപ്പയെ മനോഹരമായ ഒരു ഗൂഗ്ലിയിൽ രവി ബിഷ്ണോയി പുറത്താക്കി.ലക്ക്നൗ ടീം ബൗളർമാരായ ചമീര, ആവേശ് ഖാൻ എന്നിവർക്ക് എല്ലാം എതിരെ മനോഹരമായ ഷോട്ടുകൾ കളിച്ച ഉത്തപ്പ ഒരുവേള തന്റെ പഴയ പ്രതാപകാലത്തെ ഓർമിപ്പിക്കും വിധത്തിൽ ബാറ്റ് വീശി. നേരത്തെ തുടക്കത്തിൽ തന്നെ സ്റ്റാർ ഓപ്പണർ ഗെയ്ക്ഗ്വാദ് വിക്കെറ്റ് റൺ ഔട്ട് രൂപത്തിൽ ചെന്നൈക്ക് നഷ്ടമായിരുന്നു.
അതേസമയം ഇക്കഴിഞ്ഞ മെഗാ ലേലത്തിൽ രണ്ട് കോടി രൂപക്ക് ചെന്നൈ സൂപ്പർ കിങ്‌സ് ടീമിലേക്ക് എത്തിച്ച ഉത്തപ്പ ശേഷിക്കുന്ന ടീമിന്റെ മത്സരങ്ങളിൽ ഓപ്പണർ റോളിൽ എത്തിയേക്കുമെന്നാണ് സൂചനകൾ.നേരത്തെ കൊൽക്കത്ത ടീമിനായി ഓപ്പണർ റോളിൽ കളിച്ചാണ് ഉത്തപ്പ ഓറഞ്ച് ക്യാപ്പ് നേട്ടം കരസ്ഥമാക്കിയത്.