ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഒരു അവിശ്വസനീയ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരം സമനിലയിലാവാൻ എല്ലാ സാധ്യതകളും ഉണ്ടായിരുന്നിട്ടും, വലിയ റിസ്ക് എടുത്ത് വിജയം സ്വന്തമാക്കാനായി ഇന്ത്യ പൂർണമായി പരിശ്രമിക്കുകയായിരുന്നു. കേവലം രണ്ടര ദിവസങ്ങൾ കൊണ്ട് തന്നെ മത്സരത്തിൽ ഒരു ഫലം ഉണ്ടാക്കിയെടുക്കാൻ രോഹിത്തിന്റെ നേതൃത്വത്തിൽ ഇന്ത്യയ്ക്ക് സാധിച്ചു.
ഈ വിജയം ഇന്ത്യയെ സംബന്ധിച്ച് വളരെ നിർണായകമായിരുന്നു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്താൻ ഇന്ത്യയ്ക്ക് ഈ വിജയത്തോടെ സാധിച്ചു. മാത്രമല്ല ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലേക്ക് ഇന്ത്യ കൂടുതൽ അടുത്തിട്ടുണ്ട്.
ബംഗ്ലാദേശിനെതിരായ കാൺപൂർ ടെസ്റ്റിൽ വിജയം സ്വന്തമാക്കിയതോടെ ഇന്ത്യ പോയിന്റ് പട്ടികയിൽ കുതിച്ചുചാട്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇതുവരെ ഈ ചാമ്പ്യൻഷിപ്പ് സർക്കളിൽ 11 മത്സരങ്ങൾ കളിച്ച ഇന്ത്യ 8 മത്സരങ്ങളിൽ വിജയം സ്വന്തമാക്കി. കേവലം 2 മത്സരങ്ങളിൽ മാത്രമാണ് പരാജയം നേരിട്ടത്. ഇതോടെ 98 പോയിന്റുകളാണ് ഇന്ത്യയ്ക്ക് നേടാൻ സാധിച്ചത്.
Rank | Team | M | W | L | T | D | N/R | PT | PCT |
---|---|---|---|---|---|---|---|---|---|
1 | India | 11 | 8 | 2 | 0 | 1 | 0 | 98 | 74.24 |
2 | Australia | 12 | 8 | 3 | 0 | 1 | 0 | 90 | 62.50 |
3 | Sri Lanka | 9 | 5 | 4 | 0 | 0 | 0 | 60 | 55.56 |
4 | England | 16 | 8 | 7 | 0 | 1 | 0 | 81 | 42.19 |
5 | South Africa | 6 | 2 | 3 | 0 | 1 | 0 | 28 | 38.89 |
6 | New Zealand | 8 | 3 | 5 | 0 | 0 | 0 | 36 | 37.50 |
7 | Bangladesh | 8 | 3 | 5 | 0 | 0 | 0 | 33 | 34.38 |
8 | Pakistan | 7 | 2 | 5 | 0 | 0 | 0 | 16 | 19.05 |
9 | West Indies | 9 | 1 | 6 | 0 | 2 | 0 | 20 | 18.52 |
74.24 ശതമാന പോയിന്റുകളുള്ള ഇന്ത്യ നിലവിൽ ഒന്നാം സ്ഥാനത്ത് വളരെ ശക്തമായി തുടരുന്നു. 12 മത്സരങ്ങളിൽ നിന്ന് 8 വിജയവുമായി ഓസ്ട്രേലിയയാണ് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത്. 62.5 ശതമാന പോയിന്റുകളാണ് ഓസ്ട്രേലിയക്കുള്ളത്.
കഴിഞ്ഞ സമയങ്ങളിൽ മികച്ച പ്രകടനങ്ങളുമായി രംഗത്തെത്തിയ ശ്രീലങ്ക പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്നു. ഇതുവരെ ഈ സർക്കിളിൽ 9 മത്സരങ്ങൾ കളിച്ച ശ്രീലങ്ക 5 വിജയങ്ങളും 4 പരാജയങ്ങളുമായി 60 പോയിന്റുകളാണ് നേടിയിട്ടുള്ളത്. 55.5 ശതമാന പോയിന്റുകളുള്ള ശ്രീലങ്ക മൂന്നാം സ്ഥാനത്ത് വെല്ലുവിളി ഉയർത്തുന്നുണ്ട്. ഇതുവരെ 16 മത്സരങ്ങളിൽ നിന്ന് 8 വിജയങ്ങൾ സ്വന്തമാക്കിയ ഇംഗ്ലണ്ടാണ് നാലാം സ്ഥാനത്തുള്ളത്. 42.19 ശതമാന പോയിന്റുകളാണ് ഇംഗ്ലണ്ടിന് നിലവിലുള്ളത്.
ഇന്ത്യയെ സംബന്ധിച്ച് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ എത്തുക എന്നത് കൂടുതൽ അനായാസകരമായി മാറിയിട്ടുണ്ട്. ഇനി ന്യൂസിലാൻഡിനെതിരെയും ഓസ്ട്രേലിയക്കെതിരെയുമാണ് ഇന്ത്യയുടെ മത്സരങ്ങൾ നടക്കുക. ന്യൂസിലാൻഡിനെതിരെ 3 ടെസ്റ്റ് മത്സരങ്ങൾ അടങ്ങുന്ന പരമ്പരയും, ഓസ്ട്രേലിയക്കെതിരെ 5 ടെസ്റ്റ് മത്സരങ്ങൾ അടങ്ങുന്ന പരമ്പരയുമാണ് ഇന്ത്യ കളിക്കുന്നത്. ഈ പരമ്പരകളിൽ ശക്തമായ വിജയം നേടിയാൽ ഇന്ത്യക്ക് അനായാസം ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലെത്താൻ സാധിക്കും.