ഇന്ത്യയുടെ 2012 അണ്ടര്‍ 19 ലോകകപ്പ് വിജയിച്ച ടീമിന്റെ നായകനായിരുന്ന ഉന്മുക്ത് ചന്ദ് ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത കോഹ്ലിയെന്നായിരുന്നു പലരും വാഴ്ത്തിയിരുന്നത്. എന്നാല്‍ പിന്നീട് കിട്ടിയ വേദികളില്‍ തിളങ്ങാന്‍ ഉന്‍മുക്ത് ചന്ദിനു സാധിച്ചില്ലാ. ട്വിറ്ററിലൂടെയാണ് 28കാരനായ താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. വിദേശ രാജ്യങ്ങളില്‍ ക്രിക്കറ്റ് കളിക്കാന്‍ നോക്കുന്നുണ്ടെന്നും ഉന്‍മുക്ത് ചന്ദ് അറിയിച്ചു.
ഉന്‍മുക്ത് ചന്ദിനെ കുറിച്ച് ക്രിക്കറ്റ് പ്രാന്തന്‍മാര്‍ ഫേസ്ബുക്ക് ഗ്രൂപ്പിലെ ധനേഷ് ദാമോദരന്‍ എഴുതുന്നു.
തങ്ങളുടെ കായിക മേഖലയിൽ കൗമാരകാലഘട്ടത്തിൽ ഒരു ഘട്ടം വരെ വ്യക്തമായ മേധാവിത്തം പുലർത്തുക .കളി വിദഗ്ധരുടെ മുക്തകണ്ഠമായ പ്രശംസക്ക് പാത്രമാകുക. രാജ്യമെമ്പാടും ആരാധകരെ സൃഷ്ടിക്കുക .എന്നാൽ ഭാവിയിലേക്കുള്ള ചവിട്ടുപടിയിൽ എവിടെയോ വെച്ച് കാലിടറുക .
ഒരു പക്ഷെ കായിക മേഖലയുടെ ചരിത്രങ്ങളിൽ ഒരു കണക്കെടുപ്പിന് മുതിർന്നാൽ വിജയികളേക്കാൾ എത്രയോ ഇരട്ടി കാണാൻ കഴിയുക നഷ്ടസ്വപ്നങ്ങളുടെ തേങ്ങലുകളായിരിക്കും .
വളരെ ചെറുപ്രായത്തിൽ തന്നെ അസാധ്യമായ മികവ് കാട്ടി ,ഏതൊരു വളർന്നു വരുന്ന കൗമാരക്കാരനെയും സ്വപ്നം സാക്ഷാത്കരിച്ച് 19 മം വയസിൽ രാജ്യത്തെ കിരീട നേട്ടത്തിലേക്ക് നയിക്കുക മാത്രമല്ല ,ആ ടൂർണമെന്റുകളുടെ ഇന്നോളമുള്ള ചരിത്രം കണ്ട ഏറ്റവും മികച്ച ഇന്നിങ്സ് കാഴ്ച വെക്കുക ,അതും നിർണായകമായ ഫൈനലിൽ കരുത്തരായ എതിരാളികൾക്കെതിരെ .അത്തരം ഒരു താരം നാളത്തെ ഇതിഹാസമാകും എന്ന് പറഞ്ഞില്ലെങ്കിലായിരിക്കും അത്ഭുതം .
എന്നാൽ അതേ വാഗ്ദാനം വർഷം 6 കഴിയുമ്പോൾ ആഭ്യന്തര ക്രിക്കറ്റിൽ പോലും മറ്റുള്ളവർക്കൊപ്പം പിടിച്ചു നിൽക്കാൻ പാടു പെടുന്ന ഒരവസ്ഥയിലെത്തുന്നു എന്ന് കേൾക്കുമ്പോൾ അതിശയമുണ്ടാകാം .അതിനേക്കാൾ കൗതുകം അയാൾക്കിന്നും പ്രായം 26 വയസ് മാത്രം .കുറഞ്ഞത് 5 വർഷമെങ്കിലും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ എല്ലാ ഫോർമാറ്റിലും നിറഞ്ഞു നിൽക്കേണ്ടിയിരുന്ന ആൾ .
2012 U- 19 ലോകകപ്പിന് ഇന്ത്യൻ കുട്ടികൾ പോകുമ്പോൾ 2008 ൽ കോലി നേടിയെടുത്ത കപ്പ് വീണ്ടും ഇന്ത്യയിലെത്തിക്കുക എന്ന ലക്ഷ്യമായിരുന്നു .ഡൽഹി U 19 ടീമിൽ കളിച്ച് 2 സെഞ്ചുറികളടക്കം 435 റൺ നേടിയ പ്രകടനത്തിന്റെ വെളിച്ചത്തിൽ ഡൽഹി സീനിയർ ടീമിലെത്തി കരുത്തരായ റെയിൽവേ ബൗളർമാർക്കെതിരെ 151 റൺസടിച്ച് ദേശീയ ശ്രദ്ധ ആകർഷിച്ച പയ്യന് തന്നെയായിരുന്നു ആ നിയോഗം .അതിനുള്ള ടീമിന്റെ ഒരുക്കങ്ങളും പയ്യന്റെ പിന്നീടുള്ള പ്രകടനങ്ങളും വലിയ പ്രതീക്ഷയാണ് നൽകിയത് .
ലോകകപ്പിന് മുൻപ് നടന്ന ചതുർഷ്ട്ര ടൂർണമെന്റിൽ ഫൈനലിൽ ആസ്ട്രേലിയക്കെതിരെ 6 സിക്സറുകളും 9 ഫോറുകളുമടക്കം 112 റൺസ് നേടി പയ്യൻ ടീമിന് 7 വിക്കറ്റ് വിജയം നേടിക്കൊടുത്തു .സെമിയിൽ ഇംഗ്ലണ്ടിനെതിരെ നേടിയ 94 റൺസിന് പിന്നാലെ ആയിരുന്നു ഈ പ്രകടനം .
പിന്നീട് നടന്ന U- 19 ഏഷ്യാ കപ്പ് സെമിയിൽ ലങ്കക്കെതിരെ 116 ഉം ഫൈനലിൽ പാകിസ്ഥാനെതിരെ 121 റൺസും അടിച്ചതോടെ വലിയ വേദികളിൽ യാതൊരു സമ്മർദ്ദവുമില്ലാതെ അവസരത്തിനുയരുന്ന പയ്യനെ അടുത്ത Big Thing എന്നു വിശേപ്പിക്കാൻ തുടങ്ങി.
U- 19 ലോകകപ്പിന് മുൻപ് തന്നെ യുത്ത് ലെവലിൽ 5 സെഞ്ചുറികൾ കുറിച്ച ഉൻമുക്ത് ചന്ദ് താക്കൂർ എന്ന ഡൽഹിക്കാരൻ പയ്യന്റെ ലോകം ഞെട്ടിയ പ്രകടനം കണ്ടത് 8 വർഷം മുൻപ് 2012 ആഗസ്ത് 26 ന് ടോണി അയർലണ്ട് സ്റ്റേഡിയത്തിൽ ആയിരുന്നു .സ്വന്തം ടീമിന് ഏറ്റവും ആവശ്യമായ സന്ദർഭത്തിൽ ,ആസ്ത്രേല്യക്കതിരായ ഫൈനലിൽ 225 റൺ പിന്തുടർന്ന് 2 ഓവർ ശേഷിക്കെ ടീം ജയിച്ചപ്പോൾ നായകൻ ഒറ്റയാൾ പോരാട്ടത്തോടെ കുറിച്ചത് 130 പന്തിൽ 6 സിക്സറുകളും 7 ഫോറുകളുമടക്കം പുറത്താകാതെ 111 റൺ .പൊതുവെ പുകഴ്ത്താൻ മടിക്കുന്ന ആസ്ത്യേ ലിയൻ ഇതിഹാസം ഇയാൻ ചാപ്പലിനെ പോലും ആരാധകനാക്കി എന്നതു മാത്രം മതി പയന്റെ മൂല്യം അറിയാൻ .
സ്ഥിരമായി ഡയറി എഴുതുന്ന ശീലമുള്ള ചന്ദ് U-19 ലോകകപ്പ് കഴിഞ്ഞ ഉടനെ ഒരു പുസ്തകം പുറത്തിറക്കി .പേര് ” Sky is the Limit ” .അദ്ദേഹത്തിന്റെ ലക്ഷ്യം ആ പേരിൽ തന്നെ ഉണ്ടായിരുന്നു .എന്നാൽ പിന്നീട് സംഭവിച്ചത് മറ്റൊന്നായിരുന്നു .
നിലവിലെ ഇന്ത്യൻ ഇതിഹാസം വിരാട് കോലിയോട് തുടക്കകാലം മുതൽ താരതമ്യം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ അത് കോലിയുടെ നാട്ടുകാരൻ എന്നതോ 2008 ൽ കോലിക്ക് ശേഷം കപ്പ് കൊണ്ടു വന്നു എന്നതോ മാത്രമല്ലായിരുന്നു.
ബാറ്റ്സ്മാനെന്ന നിലയിൽ കോലിയുടെ അതേ ടെക്നിക്കും സ്റ്റൈലും, കൂടാതെ സമ്മർദ്ദ ഘട്ടങ്ങളിലെ മികവും ആയിരുന്നു .ചില സന്ദർഭങ്ങളിൽ കോലിയേക്കാൾ കേമൻ എന്നു പോലും വിശേഷിപ്പിക്കപ്പെടുകയും ചെയ്തു .
ബിഗ് മാച്ചുകളിൽ വമ്പൻ പ്രകടനം കാഴ്ച വെക്കുന്ന മികവ് 2013 വിജയ് ഹസാരെ ട്രോഫി ഫൈനലിലും കണ്ടു .ആസാമിനെതിരെ നടന്ന മാച്ചിൽ ഡൽഹിക്കു വേണ്ടി 116 റൺസിന്റെ സെഞ്ചുറി പ്രകടനം .
പ്രകടനമികവുകൾ അദ്ദേഹത്തെ വൈകാതെ 2013 IPL ലുമെത്തി .എന്നാൽ ഡൽഹി ഡെയർ ഡെവിൾസിനു വേണ്ടി പാഡണിഞ്ഞ ആദ്യ പന്തിൽ ബ്രെറ്റ് ലീയുടെ പന്തിൽ പുറത്തായതു മുതൽ തുടങ്ങി ഉന്മുക്തി ന്റെ കഷ്ടകാലം .ഒടുവിൽ മോശം പ്രകടനങ്ങൾക്കൊടുവിൽ ടീമിൽ പോലും സ്ഥാനമില്ലാത്ത അവസ്ഥയിലേക്ക്.
പ്രതാപികളായ ഡെൽഹി താരങ്ങളായ സേവാഗ് ,ഗംഭീർ ,കോലി ,ധവാൻ മാർക്കു ശേഷം അടുത്ത അത്ഭുതം എന്ന് വിശേഷിപ്പിക്കപ്പെട്ട 2012 ലെ ഇന്ത്യൻ യുവ വാഗ്ദാനം എന്ന അവാർഡ് നേടിയ ചന്ദിന് പറ്റിയതെന്ത് ഇന്ന് ആർക്കും മനസിലാകുന്നില്ല.
മറ്റു പലർക്കും അതിസമ്മർദ്ദം വിനയാകുമ്പോൾ ചെറുപ്പം മുതലേ സമ്മർദ്ദത്തെ ഇഷ്ടപ്പെട്ടിരുന്ന ഉൻമുക്ത് ചന്ദ് എന്ന പ്രതിഭ തിരിച്ചു വരാൻ ഓരോ ക്രിക്കറ്റ് പ്രേമിയും ആശിക്കുന്നുണ്ടാകും .അത് സഫലമാക്കാൻ കൗമാര കപ്പിത്താനായ ആ നഷ്ടവസന്തത്തിന് കഴിയട്ടെ എന്ന് ആശിക്കാം