തന്റെ ക്രിക്കറ്റ് ജീവിതത്തിലെ ഏറ്റവും മോശം സമയത്തെ പറ്റി വെളിപ്പെടുത്തലുകളുമായി പാകിസ്ഥാൻ താരം ഉമർ അക്മൽ. മുൻപ് പാകിസ്ഥാൻ നിലയിലെ പ്രധാന സാന്നിധ്യമായിരുന്നു ഉമർ അക്മൽ. പാകിസ്ഥാൻ മധ്യനിരയിൽ സ്ഥിരത കൊണ്ട് ശ്രദ്ധ നേടിയ താരവുമാണ് ഈ സൂപ്പർ ബാറ്റർ.
എന്നാൽ 2020ൽ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഉമർ അക്മലിനെ വിലക്കുകയുണ്ടായി. അതിനുശേഷമുള്ള തന്റെ ജീവിതത്തെ പറ്റിയാണ് അക്മൽ സംസാരിക്കുന്നത്. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിൽ നിന്ന് വിലക്ക് നേരിട്ട് ശേഷം ജീവിതം അങ്ങേയറ്റം നരകതുല്യമായിരുന്നുവെന്നും അത് മറ്റൊരു താരത്തിനും സംഭവിക്കരുത് എന്നാണ് തന്റെ ആഗ്രഹമെന്നും അക്മൽ പറയുന്നു.
സാമ്പത്തികപരമായ ഒരുപാട് പ്രതിസന്ധികൾ ഈ വിലക്കിന് ശേഷം നേരിടേണ്ടിവന്നുവെന്നും അക്മൽ പറയുന്നു. തന്റെ മകളെ എട്ടു മാസത്തോളം സ്കൂളിൽ വിടാൻ പോലും അന്ന് സാധിച്ചിരുന്നില്ല എന്നാണ് അക്മൽ പറയുന്നത്. ഈ സമയത്ത് തനിക്ക് ജീവിതം മുൻപോട്ട് കൊണ്ടുപോകാൻ പ്രധാന പിന്തുണ നൽകിയത് തന്റെ ഭാര്യയാണ് എന്നും അക്മൽ കൂട്ടിച്ചേർത്തു. ഒരു പാക്കിസ്ഥാൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അതി വൈകാരികപരമായാണ് അക്മൽ ഇക്കാര്യം സംസാരിച്ചത്.
“ആ സമയത്തെക്കുറിച്ച് ഓർക്കുമ്പോൾ ഇപ്പോഴും എനിക്ക് കരയാനാണ് തോന്നുന്നത്. അന്ന് ഫീസ് അടയ്ക്കാൻ പണം ഇല്ലാത്തതിന്റെ പേരിൽ മകളെ സ്കൂളിൽ വിടാൻ പോലും എനിക്ക് കഴിഞ്ഞിരുന്നില്ല. ഭാര്യ നൽകിയ പിന്തുണകൊണ്ടാണ് ഞാൻ പിടിച്ചുനിന്നത്. എന്റെ ഭാര്യ എല്ലാവിധ സൗകര്യങ്ങളുമുള്ള കുടുംബത്തിൽ ജനിച്ചതായിരുന്നു. എന്നാൽ എത്രമാത്രം മോശം അവസ്ഥയിൽ ആണെങ്കിലും അവൾ എന്റെ കൂടെ ഉണ്ടാവുമെന്ന് ഉറപ്പു നൽകി. അവളുടെ കാര്യത്തിൽ എനിക്ക് അങ്ങേയറ്റം സന്തോഷമുണ്ട്.”- അക്മൽ പറയുന്നു.
“എന്റെ ശത്രുക്കൾക്കുപോലും ഈ അവസ്ഥ വരരുത് എന്നാണ് എന്റെ പ്രാർത്ഥന. എല്ലായിപ്പോഴും എന്തെങ്കിലും നൽകിയോ, അല്ലെങ്കിൽ എന്തെങ്കിലും തിരിച്ചെടുത്തോ ദൈവം നമ്മളെ പരീക്ഷിച്ചു കൊണ്ടിരിക്കും. എന്റെ മോശം അവസ്ഥയിലായിരുന്നു ഞാൻ പലരുടെയും യഥാർത്ഥ സ്വഭാവം മനസ്സിലാക്കിയത്. ഇപ്പോൾ ഞാൻ എല്ലാം മനസ്സിലാക്കുന്നു.”- ഉമർ അക്മൽ കൂട്ടിച്ചേർത്തു.
2020 ലായിരുന്നു അക്മലിന് മൂന്ന് വർഷത്തേക്ക് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിൽ നിന്ന് സസ്പെൻഷൻ ലഭിച്ചത്. ശേഷം അക്മൽ അപ്പീലിന് പോയെങ്കിലും ശിക്ഷ ഒരു വർഷമായി കുറയ്ക്കാനേ കഴിഞ്ഞുള്ളൂ. എന്നാൽ ശിക്ഷ കാലാവധി കഴിഞ്ഞിട്ടും പാകിസ്ഥാൻ ക്രിക്കറ്റ് ടീമിലേക്ക് തിരിച്ചെത്താൻ അക്മലിന് സാധിച്ചിട്ടില്ല.