ഏഷ്യകപ്പിലെ ആദ്യ 2 മത്സരങ്ങളിൽ നിന്ന് രാഹുൽ പുറത്ത്. സഞ്ജുവിന് അവസരം വന്നെത്തുന്നു??

KL Rahul

ഏഷ്യാകപ്പ് ആരംഭിക്കുന്നതിന് മുൻപ് തന്നെ ഇന്ത്യക്ക് വമ്പൻ തിരിച്ചടി. ഒരു വലിയ പരിക്കിൽ നിന്ന് ഇന്ത്യൻ സ്ക്വാഡിലേക്ക് തിരിച്ചെത്തിയ ഇന്ത്യയുടെ ആദ്യ ചോയ്സ് വിക്കറ്റ് കീപ്പർ ബാറ്റർ കെ എൽ രാഹുൽ ഏഷ്യാകപ്പിലെ ആദ്യ 2 മത്സരങ്ങളിൽ കളിക്കില്ല എന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തു വരുന്നത്. ഇന്ത്യയുടെ നേപ്പാളിനും പാകിസ്ഥാനുമെതിരായ മത്സരങ്ങളിൽ നിന്നാണ് രാഹുലിനെ മാറ്റി നിർത്തിയിരിക്കുന്നത്. ഇന്ത്യയുടെ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഏഷ്യാകപ്പിന് മുന്നോടിയായുള്ള വാർത്താ സമ്മേളനത്തിലാണ് ദ്രാവിഡ് ഇക്കാര്യം അറിയിച്ചത്.

രാഹുലിന്റെ ഫിറ്റ്നസും മറ്റു കാര്യങ്ങളും മികച്ച രീതിയിൽ തന്നെ പുരോഗമിക്കുന്നു എന്നാണ് ദ്രാവിഡ് വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. എന്നാൽ ഇന്ത്യയുടെ ഏഷ്യാകപ്പിലെ ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങളുടെ സമയത്ത് രാഹുൽ പൂർണ്ണമായും ഫിറ്റ്നസ് വീണ്ടെടുക്കില്ല എന്ന് ദ്രാവിഡ് ഉറപ്പിക്കുകയുണ്ടായി. “കഴിഞ്ഞ ആഴ്ച വളരെ മികച്ച രീതിയിലാണ് രാഹുൽ ഞങ്ങളോടൊപ്പം തുടർന്നത്. ഞങ്ങൾക്കാവശ്യമായ രീതിയിലുള്ള പുരോഗമനം കഴിഞ്ഞ ആഴ്ചകളിൽ അയാൾക്ക് സംഭവിച്ചിട്ടുണ്ട്. എന്നിരുന്നാലും ടൂർണമെന്റിന്റെ ആദ്യഭാഗത്ത് രാഹുലിന്റെ സേവനം ഇന്ത്യയ്ക്ക് ലഭിക്കില്ല.”- രാഹുൽ ദ്രാവിഡ് പറഞ്ഞു.

See also  "ഐപിഎല്ലിൽ കളിച്ചിട്ട് മുസ്തഫിസൂറിന് ഒന്നും കിട്ടാനില്ല. അവനെ തിരിച്ചു വിളിക്കുന്നു"- തീരുമാനവുമായി ബിസിബി.

“ദേശീയ ക്രിക്കറ്റ് അക്കാദമി അടുത്ത കുറച്ചു ദിവസങ്ങളിൽ കൂടി രാഹുലിന്റെ സാഹചര്യം നിരീക്ഷിക്കുകയാണ്. സെപ്റ്റംബർ നാലിന് രാഹുലിനെ വീണ്ടും നിരീക്ഷണത്തിന് വിധേയനാക്കും. ശേഷം പരിക്കിൽ നിന്ന് പൂർണ്ണമായും മോചിതനാവുകയാണെങ്കിൽ രാഹുൽ ടീമിൽ കളിക്കും. എന്തായാലും രാഹുലിന്റെ സാഹചര്യങ്ങൾ വളരെ മെച്ചപ്പെട്ടതായാണ് കാണുന്നത്. വളരെ വേഗത്തിൽ ഫിറ്റ്നസ് വീണ്ടെടുക്കാൻ രാഹുലിന് സാധിക്കുന്നുണ്ട്.”- ദ്രാവിഡ് കൂട്ടിച്ചേർത്തു.

ഇന്ത്യൻ സ്‌ക്വാഡ് തിരഞ്ഞെടുക്കുന്നതിന് തൊട്ടുമുൻപായിരുന്നു രാഹുലിന് വീണ്ടും പരിക്കേറ്റത്. വലിയൊരു പരിക്കിൽ നിന്ന് തിരിച്ചു വരാനുള്ള ശ്രമത്തിനിടെ വീണ്ടും പരിശീലനത്തിനിടെ രാഹുലിന് പരിക്കേൽക്കുകയായിരുന്നു.

എന്നാൽ രാഹുലിനെ ഇന്ത്യ സ്‌ക്വാഡിൽ നിന്ന് പുറത്തു നിർത്താനോ റിസർവ് കളിക്കാരനാക്കി മാറ്റാനോ ശ്രമിച്ചില്ല. നിലവിൽ ഏഷ്യാകപ്പിനുള്ള ഇന്ത്യൻ സ്‌ക്വാഡിലെ പ്രധാന വിക്കറ്റ് കീപ്പറാണ് കെ എൽ രാഹുൽ. രാഹുലിനു പുറമേ ഇടംകയ്യൻ ബാറ്റർ ഇഷാൻ കിഷനെയാണ് കീപ്പറായി ഇന്ത്യ സ്ക്വാഡിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒപ്പം മലയാളി താരം സഞ്ജു സാംസനെയും ബാക്കപ്പ് കളിക്കാരനായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരുപക്ഷേ രാഹുലിന്റെ പരിക്ക് ഭേദമാവാത്ത സാഹചര്യത്തിൽ ടൂർണമെന്റിൽ സഞ്ജു സാംസണ് അവസരം ലഭിക്കാനും സാധ്യതകളുണ്ട്.

Scroll to Top