“കഴിഞ്ഞ ഏഷ്യകപ്പിൽ ഇന്ത്യ ഫൈനൽ പോലും കണ്ടില്ല” പാകിസ്ഥാനെതിരെ ഇന്ത്യ കരുതിയിരിക്കണമെന്ന് വസീം അക്രം.

ലോകക്രിക്കറ്റ് ആരാധകർ ആവേശത്തോടെ ഉറ്റുനോക്കുന്ന പോരാട്ടമാണ് ഇന്ത്യ- പാകിസ്ഥാൻ മത്സരങ്ങൾ. 2023 ഏഷ്യകപ്പ് എത്തിയതോടെ മറ്റൊരു ഇന്ത്യ-പാക് പോരാട്ടം ഉയരുകയാണ്. സെപ്റ്റംബർ രണ്ടിന് നടക്കുന്ന ഏഷ്യകപ്പ് മത്സരത്തിലാണ് ഇന്ത്യ പാകിസ്ഥാനെതിരെ മൈതാനത്ത് ഇറങ്ങുന്നത്. ഇരു ടീമുകളും മൈതാനത്ത് അങ്ങേയറ്റം ശക്തരാണ് എന്നതിനാൽ തന്നെ പ്രവചനങ്ങൾക്ക് മത്സരത്തിൽ സ്ഥാനമില്ല.

എന്നിരുന്നാലും പാക്കിസ്ഥാനെ ഇന്ത്യ ചെറുതായി കാണരുത് എന്ന് സൂചന നൽകിയാണ് ഇപ്പോൾ മുൻ പാക്കിസ്ഥാൻ താരം വസീം അക്രം രംഗത്ത് വന്നിരിക്കുന്നത്. 2022ലെ ഏഷ്യാകപ്പിൽ ഇന്ത്യ ഫൈനലിൽ പോലും എത്തിയിരുന്നില്ലയെന്നും, അതിനാൽ ഇത്തവണ കൂടുതൽ മികവ് പുലർത്തണമെന്നുമാണ് അക്രം പറയുന്നത്.

“കഴിഞ്ഞ വർഷത്തെ ഏഷ്യാകപ്പിൽ എല്ലാവരും കരുതിയത് ഇന്ത്യ- പാകിസ്ഥാൻ ഫൈനലുണ്ടാവും എന്നാണ്. എന്നാൽ ആ ടൂർണമെന്റിൽ ശ്രീലങ്കയായിരുന്നു വിജയികളായത്. ഈ മൂന്ന് ടീമുകളും അപകടകാരികൾ തന്നെയാണ്. അവരുടേതായ ദിവസത്തിൽ അവർക്ക് അനായാസമായി വിജയിക്കാൻ സാധിക്കും. മാത്രമല്ല ടൂർണമെന്റിൽ അതിശക്തരായ മറ്റു ടീമുകളുമുണ്ട്. കഴിഞ്ഞതവണ ശ്രീലങ്ക ഏഷ്യാകപ്പ് കിരീടം ചൂടിയപ്പോൾ ഇന്ത്യയ്ക്ക് ഫൈനലിൽ പോലും എത്താൻ സാധിച്ചിരുന്നില്ല.”- വസീം അക്രം പറയുന്നു.

ഇതിനൊപ്പം ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ പ്രശ്നങ്ങളെപ്പറ്റിയും വസീം ആക്രം സംസാരിക്കുകയുണ്ടായി. ക്രിക്കറ്റിലായാലും രാഷ്ട്രിയത്തിലായാലും ഇരു രാജ്യങ്ങളും തമ്മിൽ ഒരു സഹകരണ മനോഭാവം വെച്ചു പുലർത്തേണ്ടതുണ്ട് എന്നാണ് വസീം അക്രത്തിന്റെ പക്ഷം.

“ഞാൻ എപ്പോഴും പറയുന്ന ഒരു കാര്യമുണ്ട്. രാജ്യങ്ങൾ തമ്മിലുള്ള രാഷ്ട്രീയവും കായികവും രണ്ടും രണ്ടായി തന്നെ നിലനിർത്തണം. ആളുകൾ തമ്മിലുള്ള ബന്ധം എന്നത് വലിയ പ്രാധാന്യമുള്ള ഒന്നാണ്. ഒരു ശരാശരി ഇന്ത്യക്കാരനും പാക്കിസ്ഥാനിയും പരസ്പരം ബഹുമാനിക്കാറുണ്ട്. വരും നാളുകളിലും മറ്റു രാഷ്ട്രീയ പ്രശ്നങ്ങൾ ഇന്ത്യ- പാകിസ്ഥാൻ താരങ്ങൾക്കിടയിൽ ഉണ്ടാവില്ല എന്നാണ് പ്രതീക്ഷിക്കുന്നത്.”- അക്രം കൂട്ടിച്ചേർക്കുന്നു.

2022 ട്വന്റി20 ലോകകപ്പിന് ശേഷം ഇത് ആദ്യമായിയാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ മൈതാനത്ത് ഏറ്റുമുട്ടുന്നത്. 2022ൽ മെൽബണിൽ നടന്ന മത്സരത്തിൽ വിരാട് കോഹ്ലിയുടെ ഹീറോയിസത്തിൽ ഇന്ത്യ വിജയം നേടുകയായിരുന്നു. എന്നാൽ അതിനു മുൻപുള്ള ലോകകപ്പ് മത്സരങ്ങളിലൊക്കെയും പാകിസ്ഥാന് ആധിപത്യം പുലർത്താൻ സാധിച്ചിട്ടുണ്ട്. 2019 ലെ ഏകദിന ലോകകപ്പിന് ശേഷം ആദ്യമായി നടക്കുന്ന ഇന്ത്യ-പാക് മത്സരമാണ് ഇത്തവണത്തെ ഏഷ്യാകപ്പിലേത്.