ചരിത്രം തിരുത്തി കുറിച്ച് യുഎഇ ക്രിക്കറ്റ് ടീം. അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി ന്യൂസിലാൻഡിനെ പരാജയപ്പെടുത്തിയാണ് യുഎഇ ക്രിക്കറ്റ് ടീം ലോക ക്രിക്കറ്റിനെ അത്ഭുതപ്പെടുത്തിയിരിക്കുന്നത്. ന്യൂസിലാൻഡിനെതിരായ രണ്ടാം ട്വന്റി20 മത്സരത്തിൽ 7 വിക്കറ്റിന്റെ കൂറ്റൻ വിജയമാണ് യുഎഇ സ്വന്തമാക്കിയിരിക്കുന്നത്.
ദുബായിലെ തങ്ങളുടെ ആദ്യ വിജയമാണ് യുഎഇ ഈ തകർപ്പൻ പ്രകടനത്തിനോടെ സ്വന്തമാക്കിയത്. ആദ്യ മത്സരത്തിൽ പോരാടി പരാജയപ്പെട്ട യുഎഇക്ക് പുത്തനുണർവ് തന്നെയാണ് ഈ വിജയം നൽകുന്നത്. മറുവശത്ത് ന്യൂസിലാൻഡിനെ സംബന്ധിച്ച് ഒരു ഞെട്ടൽ തന്നെയാണ് യുഎഇക്കെതിരായ പരാജയം.
ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ യുഎഇ ബോളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മത്സരത്തിന്റെ ആദ്യ ഓവർ മുതൽ മികച്ച പ്രകടനം പുറത്തെടുത്ത് കിവികളെ സമ്മർദ്ദത്തിലാക്കാൻ യുഎഇ ബോളർമാർക്ക് സാധിച്ചിരുന്നു.
ആദ്യ 6 ഓവറുകളിൽ 38ന് 4 എന്ന നിലയിൽ പതറുകയായിരുന്നു ന്യൂസിലാൻഡ്. എന്നാൽ പിന്നീട് മാർക്ക് ചാപ്മാൻ ക്രീസിലെത്തിയതോടെ ന്യൂസിലാൻഡിന്റെ പ്രതീക്ഷകൾ വർദ്ധിച്ചു. മത്സരത്തിൽ 46 പന്തുകൾ നേരിട്ട ചാപ്പ്മാൻ 63 റൺസാണ് നേടിയത്. 3 ബൗണ്ടറികളും 3 സിക്സറുകളും ഇന്നിങ്സിൽ ഉൾപ്പെട്ടു. ചാപ്പ്മാന്റെ ഇന്നിങ്സിന്റെ ബലത്തിൽ നിശ്ചിത 20 ഓവറുകളിൽ 142 എന്ന ഭേദപ്പെട്ട സ്കോറിലെത്താൻ ന്യൂസിലാൻഡിന് സാധിച്ചു.
മറുപടി ബാറ്റിംഗിനിറങ്ങിയ യുഎഇക്ക് തങ്ങളുടെ സ്റ്റാർ ബാറ്റർ ആര്യൻഷ് ശർമയെ(0) തുടക്കത്തിൽ തന്നെ നഷ്ടമായി. എന്നാൽ പിന്നീട് കണ്ടത് യുഎഇ ബാറ്റിംഗ് നിരയുടെ വീര്യമായിരുന്നു. ഓപ്പണർ മുഹമ്മദ് വസീം ഉൾപ്പെടെയുള്ള താരങ്ങൾ യുഎഇക്കായി ക്രീസിൽ ഉറച്ചു. വസീം മത്സരത്തിൽ 29 പന്തുകളിൽ 55 റൺസാണ് നേടിയത്. 4 ബൗണ്ടറികളും 3 സിക്സറുകളും വസീമിന്റെ ഇന്നിങ്സിൽ ഉൾപ്പെട്ടു. 189 സ്ട്രൈക്ക് റേറ്റിലാണ് വസീം കളിച്ചത്.
വസീം പുറത്തായ ശേഷമെത്തിയ ആസിഫ് ഖാൻ ന്യൂസിലാൻഡ് ബോളർമാർക്കുമേൽ താണ്ഡവമാടി
29 പന്തുകളിൽ 5 ബൗണ്ടറികളും ഒരു സിക്സറും ഉൾപ്പെടെ 48 റൺസാണ് ആസിഫ് ഖാൻ നേടിയത്. ഇതോടുകൂടി യുഎഇ അനായാസം വിജയത്തിലേക്ക് എത്തുകയായിരുന്നു.
മത്സരത്തിന്റെ പതിനാറാം ഓവറിൽ തന്നെ ന്യൂസിലാൻഡിന്റെ സ്കോർ മറികടക്കാൻ യുഎഇക്കായി. മത്സരത്തിൽ 7 വിക്കറ്റുകളുടെ തകർപ്പൻ വിജയമാണ് യുഎഇ സ്വന്തമാക്കിയത്. ഇതോടെ ചരിത്രം മാറ്റി എഴുതാനും യുഎഇയ്ക്ക് സാധിച്ചു. ഈ വിജയത്തോടെ പരമ്പര 1-1 എന്ന നിലയിൽ എത്തിക്കാനും യുഎഇയ്ക്ക് സാധിച്ചിട്ടുണ്ട്. അവസാന മത്സരത്തിൽ കൂടി വിജയം നേടി ഒരു പുതുചരിത്രം കുറിക്കാനുള്ള തയ്യാറെടുപ്പിലാണ് യുഎഇ ക്രിക്കറ്റ് ടീം.