കാര്യവട്ടം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ 317 റണ്‍സിന്റെ വിജയത്തോടെ ഇന്ത്യ ഏകദിന പരമ്പര തൂത്തുവാരി. ടോസ് നേടി ബാറ്റിംഗിനെത്തിയ ഇന്ത്യ വിരാട് കോലി (പുറത്താവാതെ 166), ശുഭ്മാന്‍ ഗില്‍ (116) എന്നിവരുടെ സെഞ്ചുറി കരുത്തില്‍ 390 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ശ്രീലങ്ക 73 റണ്‍സിന് എല്ലാവരും പുറത്തായി. നാല് വിക്കറ്റ് നേടിയ മുഹമ്മദ് സിറാജാണ് ശ്രീലങ്കയെ തകര്‍ത്തത്.
ഒറ്റ സ്പെല്ലില്‍ തന്നെ തന്‍റെ പത്തോവറും സിറാജ് എറിഞ്ഞു തീര്‍ത്തു. ഇന്ത്യന്‍ ടീമിലെ വിശ്വസ്തനായ ബോളറായി മാറിയിരിക്കുകയാണ് മുഹമദ്ദ് സിറാജ്. ചെണ്ട എന്ന് വിശേണത്തില്‍ നിന്നും വൈറ്റ് ബോള്‍ ക്രിക്കറ്റിലെ തിരിച്ചു വരവിനു പിന്നിലെ കാരണം വെളിപ്പെടുത്തുകയാണ് ഈ ഇന്ത്യന്‍ പേസര്‍
”എന്റെ ഐപിഎല്ലിലെ പ്രകടനം മോശമായതോടെ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ കൂടുതല്‍ മികവ് കാട്ടണമെന്ന് വാശിയായി. പതിയെ തന്ത്രങ്ങള്‍ പഠിക്കാന്‍ തുടങ്ങി. ആദ്യത്തെ 1-2 ഏകദിനത്തില്‍ മികവ് കാട്ടിയതോടെ എനിക്ക് ആത്മവിശ്വാസമായി. ലിമിറ്റഡ് ഓവറിലും എനിക്ക് തിളങ്ങാനാകുമെന്ന് വിശ്വാസം വന്നു ” സിറാജ് പറഞ്ഞു.
വിക്കറ്റ് നേടാന്‍ സാധിച്ചില്ലെങ്കിലും നല്ല ലൈനിലും ലെങ്തിലും പന്തെറിയാനാണ് താന്‍ ആഗ്രഹിക്കുന്നത് എന്ന് സിറാജ് പറഞ്ഞു.
” അവസാനത്തിലെ ഫലത്തെക്കുറിച്ച് കാര്യമായി ചിന്തിക്കുന്നില്ല. നേരത്തെ എന്റെ പ്രകടനത്തെക്കുറിച്ച് വളരെയധികം ചിന്തിച്ചിരുന്നു. പിന്നീട് എന്റെ പ്രകടനത്തെക്കുറിച്ചല്ല ലൈനും ലെങ്തും മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചാണ് ആലോചിക്കേണ്ടതെന്ന് തിരിച്ചറിഞ്ഞു. ഇതോടെ പതിയെ എന്റെ പ്രകടനം മെച്ചപ്പെടാന്‍ തുടങ്ങി. വിക്കറ്റ് കിട്ടാത്തപ്പോള്‍ പോലും നിരാശ തോന്നാറില്ല. ” സിറാജ് കൂട്ടിചേര്‍ത്തു.