പരമ്പരയിൽ 60 റൺസ് ശരാശരിയിൽ 173 റൺസ്. തിലക് വർമ ചെറിയ മീനല്ല. ലോകകപ്പ് അവസരം തേടിയെത്തും.

F3DZuqHagAAJpeE

വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പരയിൽ പരാജയം നേരിട്ടെങ്കിലും ഇന്ത്യയ്ക്ക് കുറച്ചധികം പോസിറ്റീവുകൾ എടുത്തുകാട്ടാനുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് യുവതാരം തിലക് വർമയുടെ പ്രകടനം. മുൻപ് ഇന്ത്യൻ ടീമിന്റെ ഊഹ കണക്കുകളിൽ പോലും പേരില്ലാതിരുന്ന വ്യക്തിയായിരുന്നു തിലക് വർമ.

എന്നാൽ കരീബിയൻ പര്യടനത്തിൽ തിലക് വർമയെ ഉൾപ്പെടുത്താൻ നായകൻ ഹർദിക് പാണ്ട്യയും രാഹുൽ ദ്രാവിഡും തീരുമാനിക്കുകയായിരുന്നു. ശേഷം 5 മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ തിലക് വർമയ്ക്ക് സാധിച്ചിട്ടുണ്ട്. ഇന്ത്യയുടെ മറ്റു ബാറ്റർമാരെ എടുത്തു പരിശോധിക്കുമ്പോൾ ഒരുപാട് മുകളിലാണ് പരമ്പരയിൽ തിലക് വർമയുടെ പ്രകടനം.

പരമ്പരയിൽ 5 മത്സരങ്ങൾ കളിച്ച തിലക് വർമ നേടിയത് 173 റൺസാണ്. ഇതിൽ 2 ഇന്നിങ്സുകളിൽ നോട്ടൗട്ടായിയാണ് തിലക് വർമ്മ നിൽക്കുന്നത്. 60 റൺസ് ആവറേജിലാണ് തിലക് വർമ തന്റെ റൺസ് സ്വന്തമാക്കിയത്. മാത്രമല്ല 141 എന്ന മികച്ച സ്ട്രൈക്ക് റേറ്റും തിലക് വർമയ്ക്കുണ്ട്. വിൻഡീസിനെതിരെ ഒരു ട്വന്റി20 പരമ്പരയിൽ ഏറ്റവുമധികം റൺസ് നേടുന്ന ഇന്ത്യക്കാരുടെ പട്ടികയിൽ രണ്ടാം സ്ഥാനം കയ്യടക്കാൻ തിലക് വർമയ്ക്ക് ഈ പ്രകടനത്തോടെ സാധിക്കുകയും ചെയ്തിട്ടുണ്ട്.

2019-20ൽ നടന്ന ട്വന്റി20 പരമ്പരയിൽ 183 റൺസ് വെസ്റ്റിൻഡിസിനെതിരെ നേടിയ വിരാട് കോഹ്ലിയാണ് ലിസ്റ്റിൽ ഒന്നാമൻ. ശേഷം ഇപ്പോൾ 173 റൺസുമായി തിലക് വർമ ഈ ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുന്നു.

ഏഷ്യാകപ്പും ലോകകപ്പും വരാനിരിക്കുന്ന സാഹചര്യത്തിൽ തിലക് വർമയുടെ ഈ പ്രകടനം വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. ഇതുവരെ ഏകദിന ക്രിക്കറ്റിൽ തന്റെ അരങ്ങേറ്റം കുറിക്കാൻ തിലക് വർമയ്ക്ക് സാധിച്ചിട്ടില്ല. എന്നിരുന്നാലും ട്വന്റി20യിലെ ഈ മികച്ച പ്രകടനങ്ങൾ ഏകദിനത്തിൽ തിലക് വർമയ്ക്ക് അവസരം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കെഎൽ രാഹുൽ, ശ്രേയസ് അയ്യര്‍ തുടങ്ങിയ ബാറ്റർമാരൊക്കെയും പരിക്കിന്റെ പിടിയിലായതിനാൽ തന്നെ ഇന്ത്യയുടെ നാലാം നമ്പർ ബാറ്റിംഗ് പൊസിഷൻ കുറച്ച് സംശയത്തിന്റെ നിഴലിൽ നിൽക്കുകയാണ്.

See also  ഫിനിഷിങ്ങുമായി റാഷിദ് ഖാന്റെ ഹീറോയിസം. സഞ്ജുപ്പടയെ തകർത്ത് ഗില്ലിന്റെ ഗുജറാത്ത്.

ഏകദിനങ്ങളിൽ സൂര്യകുമാർ യാദവ് സ്ഥിരതയില്ലാത്ത പ്രകടനം കാഴ്ചവയ്ക്കുന്നതും ഇന്ത്യയെ ബാധിക്കുന്നു. ഈ സാഹചര്യത്തിലാണ് തിലക് വർമയ്ക്ക് ഏഷ്യാകപ്പിലും ലോകകപ്പിലും കളിക്കാൻ അവസരം ലഭിക്കുമോ എന്ന ചോദ്യം ഉദിക്കുന്നത്.

ഒരു ബാറ്റർ എന്നതിലുപരി ഒരു മികച്ച ഫീൽഡറും ഒരു നല്ല പാർട്ട് ടൈം ബോളറുമായി മാറാൻ തിലക് വർമയ്ക്ക് സാധിച്ചിട്ടുണ്ട്. ഇത് വിൻഡീസിനെതിരായ പരമ്പരയിൽ നിന്ന് വ്യക്തമാണ്. തകർപ്പൻ ക്യാച്ചുകൾ കൊണ്ട് തിലക് വർമ ആദ്യം തന്നെ ശ്രദ്ധ നേടിയിരുന്നു. ശേഷം പരമ്പരയിൽ ഒരോവർ ബോൾ ചെയ്യാൻ തിലകിന് അവസരം ലഭിച്ചു. നിർണായകമായ വിക്കറ്റ് സ്വന്തമാക്കി തിലക് വർമ്മ അത്ഭുതം കാട്ടുകയുണ്ടായി. എന്തായാലും ഇന്ത്യയുടെ ഭാവി താരമാണ് തിലക് വർമ്മ എന്ന കാര്യത്തിൽ സംശയമില്ല. ഇതേ സംബന്ധിച്ച് മുൻ താരങ്ങളടക്കം വലിയ ചർച്ചയും ഉന്നയിക്കുന്നുണ്ട്.

Scroll to Top