“250 റൺസെങ്കിലും നേടിയാലേ ഞങ്ങൾക്ക് ജയിക്കാൻ പറ്റൂ”. ബോളിംഗ് നിര ദുർബലമെന്ന് ഡുപ്ലസിസ്.

20240412 112634

മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ വളരെ ദയനീയമായ പരാജയം തന്നെയായിരുന്നു ബാംഗ്ലൂർ ടീമിന് നേരിടേണ്ടി വന്നത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ നിശ്ചിത 20 ഓവറുകളിൽ 196 റൺസ് നേടുകയുണ്ടായി. നായകൻ ഡുപ്ലസിസ്, രജത് പട്ടിദാർ, ദിനേശ് കാർത്തിക് എന്നിവരുടെ അർത്ഥ സെഞ്ച്വറിയുടെ ബലത്തിലായിരുന്നു ബാംഗ്ലൂർ ഇത്ര മികച്ച സ്കോറിലെത്തിയത്.

എന്നാൽ മറുപടി ബാറ്റിംഗിൽ മുംബൈ ഇന്ത്യൻസിന്റെ എല്ലാ താരങ്ങളും അനായാസം ബാംഗ്ലൂർ ബോളിങ്‌ നിരയെ അടിച്ചു തകർക്കുന്നതാണ് കാണാൻ സാധിച്ചത്. ഓപ്പണർ ഇഷാൻ കിഷൻ 34 പന്തുകളിൽ 7 ബൗണ്ടറികളും 5 സിക്സറുകളുമടക്കം 69 റൺസാണ് മുംബൈയ്ക്കായി നേടിയത്. പരിക്കിന്റെ പിടിയിലായിരുന്ന സൂര്യകുമാർ യാദവ് 19 പന്തുകളിൽ 52 റൺസുമായി ഞെട്ടിച്ചപ്പോൾ മുംബൈ 7 വിക്കറ്റിന്റെ വിജയം സ്വന്തമാക്കുകയായിരുന്നു. മത്സരത്തിലെ പരാജയത്തെപ്പറ്റി ബാംഗ്ലൂർ നായകൻ ഡുപ്ലസിസ് സംസാരിക്കുകയുണ്ടായി.

മത്സരത്തിൽ വിജയിക്കാൻ തങ്ങൾ 250ലധികം റൺസ് നേടേണ്ടിയിരുന്നു എന്നാണ് ഡുപ്ലസിസ് പറഞ്ഞത്. “ഇവിടെ വിജയിക്കാൻ കുറച്ചു ബുദ്ധിമുട്ടാണ്. രണ്ടു പ്രധാന കാര്യങ്ങളുടെ കോമ്പിനേഷനാണ് ഇവിടെ നടക്കുന്നത്. ഒന്ന് മൈതാനത്തിലെ ഈർപ്പം. മറ്റൊന്ന് ടോസ്. എങ്ങനെയെങ്കിലും ടോസ് ജയിക്കുക എന്നതായിരുന്നു ഏറ്റവും പ്രധാനം. മാത്രമല്ല മത്സരത്തിൽ മുംബൈ വളരെ നന്നായി കളിക്കുകയും ചെയ്തു. ഞങ്ങൾക്കുമേൽ പൂർണ്ണമായും സമ്മർദം ചെലുത്താൻ അവർക്ക് സാധിച്ചു.”

”ഞങ്ങൾ പവർപ്ലെ ഓവറുകളിൽ വലിയ പിഴവുകൾ വരുത്തിയിരുന്നു. മഞ്ഞുതുള്ളികളുടെ സാന്നിധ്യം മത്സരത്തിൽ ഉണ്ടാകുമെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. അതിനാൽ തന്നെ 250ലധികം റൺസ് ഞങ്ങൾക്ക് വേണമായിരുന്നു. 196 റൺസ് മുംബൈയെ സംബന്ധിച്ച് വളരെ ചെറിയ സ്കോർ ആയിരുന്നു.”- ബാംഗ്ലൂർ നായകൻ പറഞ്ഞു.

Read Also -  "മോശം തീരുമാനങ്ങൾ. അമ്പയർമാരാണ് രാജസ്ഥാനെ തോല്പിച്ചത്", സഹീറും റെയ്‌നയും തുറന്ന് പറയുന്നു.

“മഞ്ഞുതുള്ളികൾ വരുന്നുണ്ട് എന്ന കാര്യം ഞങ്ങൾക്കറിയാമായിരുന്നു. അതുകൊണ്ടു തന്നെ വലിയ റൺസ് തന്നെ കണ്ടെത്തേണ്ടിയിരുന്നു. ഞങ്ങളുടെ ബോളർമാർ മത്സരത്തിൽ ഒരുപാട് പതറി. ഒരുപാട് നിർണായ നിമിഷങ്ങൾ ഞങ്ങൾക്ക് നഷ്ടമാവുകയും ചെയ്തു. ഞാനും പട്ടിദാറും ക്രീസിൽ തുടർന്ന സമയത്ത് ഞങ്ങൾക്ക് കാര്യങ്ങൾ നന്നായി മുന്നോട്ടു പോയിരുന്നു. പക്ഷേ അതിനുശേഷം മുംബൈ ബോളർമാർ തിരിച്ചുവരികയാണ് ചെയ്തത്. ബുമ്രയാണ് ഇതിൽ പ്രധാന പങ്കുവഹിച്ചത്. എപ്പോൾ ബൂമ്രയുടെ കയ്യിൽ ബോൾ ലഭിക്കുമ്പോഴും അവനെ സമ്മർദ്ദത്തിൽ ആക്കണമെന്നാണ് നമ്മൾ ചിന്തിക്കാറുള്ളത്. പക്ഷേ ഒരുപാട് കഴിവുകളുള്ള ബോളറാണ് ബൂമ്ര.”- ഡുപ്ലസിസ് കൂട്ടിച്ചേർക്കുന്നു.

“സമ്മർദ്ദ സാഹചര്യങ്ങളിൽ നന്നായി പന്ത് ചെയ്യാൻ ബൂമ്രയ്ക്ക് സാധിക്കുന്നുണ്ട്. ഒരേ ആക്ഷനിലാണെങ്കിലും വ്യത്യസ്ത വേരിയേഷനുകളിൽ അവൻ പന്ത് എറിയുന്നു. മലിംഗയുടെ കീഴിൽ അവൻ കൂടുതൽ മെച്ചപ്പെടുന്നതായി എനിക്ക് എല്ലായിപ്പോഴും തോന്നാറുണ്ട്. ബൂമ്ര ഞങ്ങളുടെ ടീമിലെത്തിയാൽ ഒരുപാട് നന്നായിരുന്നു എന്ന് ഞാൻ ചിന്തിക്കാറുണ്ട്. എന്തായാലും വരും മത്സരങ്ങളിൽ ഞങ്ങൾക്ക് കുറച്ചധികം റൺസ് കണ്ടെത്തണം. വലിയ രീതിയിൽ സ്കോറിംഗ് ഉയർത്തണം. കാരണം ഞങ്ങളുടെ ബോളിംഗ് അത്ര ശക്തമല്ല എന്ന് ഞങ്ങൾക്കറിയാം. എല്ലാ മാനേജ് ചെയ്ത് മത്സരത്തിൽ വിജയിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. മത്സരങ്ങളിലെ ആദ്യ 4-5  ഓവറുകളിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ ഇനി ശ്രമിക്കും.”-  ഡുപ്ലസിസ് പറഞ്ഞു വെക്കുന്നു.

Scroll to Top