ഫിനിഷിങ്ങുമായി റാഷിദ് ഖാന്റെ ഹീറോയിസം. സഞ്ജുപ്പടയെ തകർത്ത് ഗില്ലിന്റെ ഗുജറാത്ത്.

GK0o2d1aIAAGmg5 scaled

രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കി ഗുജറാത്ത് ടൈറ്റൻസ്. റാഷിദ് ഖാന്റെ അത്യുഗ്രൻ ബാറ്റിംഗ് പ്രകടനമാണ് മത്സരത്തിൽ ഗുജറാത്തിന് വിജയം സമ്മാനിച്ചത്.

മത്സരത്തിന്റെ അവസാന സമയത്ത് ക്രീസിലെത്തിയ റാഷിദ് നിർണായകമായ സമയത്ത് ബൗണ്ടറികൾ സ്വന്തമാക്കി ഗുജറാത്തിന്റെ നട്ടെല്ലായി മാറുകയായിരുന്നു. മത്സരത്തിൽ 11 പന്തുകൾ നേരിട്ട റാഷിദ് 4 ബൗണ്ടറികൾ അടക്കം 24 റൺസ് ആണ് നേടിയത്. മത്സരത്തിൽ 3 വിക്കറ്റുകളുടെ തകർപ്പൻ വിജയമാണ് ഗുജറാത്ത് സ്വന്തമാക്കിയത്.

മത്സരത്തിൽ ടോസ് നേടിയ ഗുജറാത്ത് ടൈറ്റൻസ് ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. രാജസ്ഥാന് വളരെ മികച്ച തുടക്കം തന്നെയാണ് ജയ്‌സ്വാൾ നൽകിയത്. 19 പന്തുകളിൽ 24 റൺസാണ് ജയസ്വാൾ നേടിയത്. എന്നാൽ പിന്നാലെ ഉമേഷ് യാദവ് ജയസ്വാളിനെ വീഴ്ത്തി. ഒപ്പം ബട്ലറും കൂടാരം കയറിയപ്പോൾ രാജസ്ഥാൻ ഒന്നു വിറച്ചു.

എന്നാൽ പിന്നീട് കാണാൻ സാധിച്ചത് റിയാൻ പരഗിന്റെയും സഞ്ജു സാംസണിന്റെയും ഒരു വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം തന്നെയായിരുന്നു. മൂന്നാം വിക്കറ്റിൽ പക്വതയാർന്ന രീതിയിൽ സ്കോറിങ് ഉയർത്താൻ ഈ യുവ ബാറ്റർമാർക്ക് സാധിച്ചു. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 130 റൺസിന്റെ വമ്പൻ കൂട്ടുകെട്ടാണ് കെട്ടിപ്പടുത്തത്.

ഇന്നിംഗ്സിലുടനീളം അടിച്ചു തകർത്ത റിയാൻ പരഗ് 48 പന്തുകളിൽ 76 റൺസ് നേടുകയുണ്ടായി. 3 ബൗണ്ടറികളും 5 സിക്സറുകളുമാണ് പരഗിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടത്. നായകൻ സഞ്ജു സാംസൺ 38 പന്തുകളിൽ 68 റൺസാണ് നേടിയത്. 7 ബൗണ്ടറികളും 2 സിക്സറുകളും ഇന്നിംഗ്സിൽ ഉൾപ്പെട്ടു.

ഇങ്ങനെ നിശ്ചിത 20 ഓവറുകളിൽ 196 എന്ന വമ്പൻ സ്കോറിൽ രാജസ്ഥാൻ എത്തുകയായിരുന്നു. മറുപടി ബാറ്റിംഗ് ആരംഭിച്ച ഗുജറാത്തിന് മികച്ച തുടക്കമാണ് ഓപ്പണർമാരായ സായി സുദർശനും ശുഭ്മാൻ ഗില്ലും നൽകിയത്. സായി സുദർശൻ 29 പന്തുകളിൽ 35 റൺസ് നേടി. ഗില്‍ വളരെ പതിഞ്ഞ താളത്തിലാണ് തന്റെ ഇന്നിംഗ്സ് ആരംഭിച്ചത്.

Read Also -  ആദ്യദിനം ഇന്ത്യയെ വിറപ്പിച്ച മഹ്മൂദ്. 24കാരനായ പേസ് എക്സ്പ്രസ്സ്‌.

പക്ഷേ പിന്നീട് ഗിൽ സ്കോറിങ് വർദ്ധിപ്പിച്ചു. എന്നാൽ മറുവശത്ത് തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായത് വലിയ രീതിയിൽ തന്നെ ഗുജറാത്തിനെ ബാധിക്കുകയുണ്ടായി. വലിയ പ്രതീക്ഷയായിരുന്ന മാത്യു വെയ്ഡിന്റെയും(4) വിജയ് ശങ്കറിന്റെയും(16) വിക്കറ്റുകൾ നിർണായക സമയങ്ങളിൽ ഗുജറാത്തിന് നഷ്ടമായി. നായകൻ ഗിൽ മത്സരത്തിൽ 44 പന്തുകളിൽ 6 ബൗണ്ടറികളും 2 സിക്സറുകളുമടക്കം 72 റൺസാണ് നേടിയത് എന്നാൽ ഗില്ലിന്റെ വിക്കറ്റ് നഷ്ടമായതോടെ ഗുജറാത്ത് തകർന്നുവീണു.

അവസാന ഓവറിൽ ഗുജറാത്തിന് വിജയിക്കാൻ വേണ്ടിയിരുന്നത് 15 റൺസാണ്. ആവേഷ് ഖാൻ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തിൽ ബൗണ്ടറി നേടാൻ റാഷിദ് ഖാന് സാധിച്ചു. അടുത്ത പന്തിൽ 2 റൺസ് ഓടി എടുക്കാനും റാഷിദിന് സാധിച്ചു. മൂന്നാം പന്തിൽസഞ്ജുവിനെ മറികടന്ന് റാഷിദിന്റെ ബാറ്റിൽ നിന്ന് ഒരു ബൗണ്ടറി പിറന്നതോടെ ഗുജറാത്തിന്റെ വിജയലക്ഷ്യം 3 പന്തുകളിൽ 5 റൺസായി കുറഞ്ഞു.

എന്നാൽ അടുത്ത പന്തിൽ കേവലം സിംഗിൾ മാത്രമാണ് ആവേഷ് വിട്ടു നൽകിയത്. ഓവറിലെ അഞ്ചാം പന്തിൽ 2 റൺസ് ഗുജറാത്തിന് നേടാൻ സാധിച്ചെങ്കിലും തിവാട്ടിയ റൺഔട്ട്‌ ആവുകയായിരുന്നു. ഇതോടെ അവസാന പന്തിൽ 2 റൺസ് ആയിരുന്നു ഗുജറാത്തിന്റെ വിജയലക്ഷ്യം. അവസാന പന്തിൽ റാഷിദ് ഖാൻ ഒരു ബൗണ്ടറി നേടിയതോടെ ഗുജറാത്ത് 3 വിക്കറ്റുകളുടെ വിജയം സ്വന്തമാക്കുകയായിരുന്നു.

Scroll to Top