ആ രണ്ട് വിക്കറ്റ് നഷ്ടമായി ഇന്ത്യ തോൽവി വഴങ്ങി :സച്ചിൻ

ഇന്ത്യൻ ക്രിക്കറ്റ്‌ പ്രേമികൾ എല്ലാവരും വലിയ വിഷമത്തിലാണ്. പ്രഥമ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിൽ ഇന്ത്യൻ ടീം ഒരിക്കലും ഇപ്രകാരം ഒരു തോൽവി പ്രതീക്ഷിച്ചില്ല. കരുത്തരായ കിവീസ് ടീമിനെ സതാംപ്ടണിലെ പിച്ചിൽ തോൽപ്പിക്കാം എന്ന് വിശ്വസിച്ച ഇന്ത്യൻ സംഘത്തിന് ബാറ്റിംഗിലും ബൗളിങ്ങിലും ഒരുപോലെ തിരിച്ചടി നേരിട്ടപ്പോൾ മഴ പോലും രക്ഷകനായി എത്തിയില്ല. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച ഇന്ത്യൻ ടീമിന് ബാറ്റിങ്ങിൽ രണ്ട് ഇന്നിങ്സിലും ശോഭിക്കുവാൻ കഴിഞ്ഞില്ല.ബൗളർമാർ പലരും വിക്കറ്റ് വീഴ്ത്താൻ ശ്രമിച്ചെങ്കിലും ന്യൂസിലാൻഡ് ടീമിന്റെ മികച്ച കരുത്തിന് മുൻപിൽ പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല.

എന്നാൽ നായകൻ കോഹ്ലിയടക്കം ബാറ്റിങ് നിരയുടെ മോശം പ്രകടനത്തെ തുറന്ന് വിമർശിച്ച് മുൻ താരങ്ങൾ അടക്കം രംഗത്ത് എത്തിയെങ്കിലും ഏറെ ശ്രദ്ധേയമായത് ഇതിഹാസ താരം സച്ചിൻ പങ്കുവെച്ച വാക്കുകളാണ്. പ്രഥമ ടെസ്റ്റ് ലോകകപ്പ് കിരീടം ഇന്ത്യൻ ടീം വളരെ ആഗ്രഹിച്ചിരുന്നതായി പറഞ്ഞ സച്ചിൻ രണ്ട് ഇന്നിങ്സിലും സുപ്രധാന വിക്കറ്റ് നഷ്ടമായത് കനത്ത തിരിച്ചടിയായി മാറിയെന്നും വിശദീകരിച്ചു.

ആറാം ദിനം ആദ്യ സെക്ഷനിൽ തന്നെ വീണ രണ്ട് വിക്കറ്റുകൾ നമ്മളെ എല്ലാം തരത്തിലും തോൽപ്പിച്ചെന്നാണ് സച്ചിന്റെ വാദം. “ന്യൂസിലാൻഡ് ടീമിന് എല്ലാവിധ ആശംസകളും ഞാൻ നേരുന്നു. അവർ ഫൈനലിൽ അടക്കം ഭംഗിയായി കളിച്ചു. ആറാം ദിനം തുടക്ക ഓവറുകൾ ടീം ഇന്ത്യക്ക് പ്രാധനമായിരുന്നു. പക്ഷേ ആദ്യ 10 പന്തുകൾക്കിടയിൽ നമുക്ക് കോഹ്ലി, പൂജാര എന്നിവരെ നഷ്ടമായി. കിവീസ് ടീമിന് ആ വിക്കറ്റുകൾ തുടക്കത്തിലേ വലിയ ആത്മവിശ്വാസം നൽകി “സച്ചിൻ അഭിപ്രായം വിശദമാക്കി.മത്സരത്തിന് മുൻപ് സച്ചിൻ ഫൈനലിൽ കിവീസ് ടീമിനാകും മുൻ‌തൂക്കം ലഭിക്കുകയെന്ന് പറഞ്ഞത് വലിയ വാർത്തയായി മാറി.